പ്രതീക്ഷപകർന്ന് ഭരണാധികാരികൾ
text_fieldsദുബൈ: രാജ്യം അഭിമാനകരമായ അരനൂറ്റാണ്ട് പിന്നിടുേമ്പാൾ, ഭാവിയിലേക്ക് ദീർഘവീക്ഷണത്തോടെ മുന്നോട്ടുപോകാൻ ആഹ്വാനംചെയ്തും പ്രതീക്ഷപകർന്നും യു.എ.ഇ നേതൃത്വം.ദേശീയദിനാചരണത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ സന്ദേശത്തിലാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരാണ് കഴിഞ്ഞകാല നേട്ടങ്ങൾ ഓർമപ്പെടുത്തി പുതിയ കാലത്തേക്ക് വളരാനുള്ള പദ്ധതികൾ എണ്ണിപ്പറഞ്ഞത്.യു.എ.ഇയുടെ സ്ഥാപകനേതാക്കൾ സുസ്ഥിര വികസനം രാഷ്ട്രം കെട്ടിപ്പടുക്കുന്നതിെൻറ അടിസ്ഥാനമായി സ്വീകരിച്ചവരായിരുന്നുവെന്ന് ശൈഖ് ഖലീഫ സന്ദേശത്തിൽ ഓർമപ്പെടുത്തി.
വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ, ലോകോത്തര ആരോഗ്യപരിരക്ഷാ സംവിധാനം, നൂതന വിദ്യാഭ്യാസമേഖല, സംയോജിത ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, പാരിസ്ഥിതിക സുസ്ഥിരത എന്നിവയാണ് ഒത്തൊരുമയുള്ള സമൂഹം സൃഷ്ടിക്കാൻ പ്രാപ്തമാക്കിയത്.സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിലും ശാസ്ത്ര സാങ്കേതിക മേഖലയിൽ ലോകത്തെ മുൻനിരയിലേക്ക് ഉയർത്തുന്നതിലും മുന്നേറാനായി. വളരെ ആസൂത്രിതവും സമഗ്രവുമായ കാഴ്ചപ്പാടിലൂടെ അടുത്ത 50 വർഷത്തേക്ക് മുന്നേറുകയാണ് -അദ്ദേഹം വ്യക്തമാക്കി.മുന്നോട്ടുള്ള പ്രയാണത്തിന് വെല്ലുവിളികൾ ഒരിക്കലും തടസ്സമായിരുന്നില്ലെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കി. സുസ്ഥിരമായ ഒരു രാജ്യവും സ്വപ്നതുല്യമായ വികസന മാതൃകയും സ്ഥാപിക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്.
രാജ്യത്തിെൻറ ആദ്യ 50 വർഷത്തെ നേട്ടങ്ങൾ ആഘോഷിക്കുമ്പോൾ നമ്മുടെ രാഷ്ട്ര സ്ഥാപകരെ അനുസ്മരിക്കുകയാണ്. 10 അടിസ്ഥാന തത്ത്വങ്ങളുടെ അടിത്തറയിൽ യു.എ.ഇയുടെ 2071 വിഷൻ പ്ലാനിലേക്ക് യാത്ര നാളെ നാം ആരംഭിക്കുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.അമ്പത് വർഷങ്ങൾ പിന്നിട്ട് മുന്നോട്ടുകുതിക്കുന്ന യു.എ.ഇയുടെ യഥാർഥ സമ്പത്ത് മനുഷ്യവിഭവമാണെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് സന്ദേശത്തിൽ പറഞ്ഞു. മികച്ച ഭാവി സൃഷ്ടിക്കാനുമുള്ള ദൃഢനിശ്ചയത്തിലാണ് നാം ഭാവിയിലേക്ക് കുതിക്കുന്നത്.മനുഷ്യരാശിയുടെ ചരിത്രത്തിലേക്ക് സംഭാവന നൽകാനും അതിെൻറ സാമ്പത്തിക, വികസന കഥയിൽ ഒരു പുതിയ അധ്യായം എഴുതാനും ലക്ഷ്യമിടുന്ന ഒരു വഴിവിളക്ക് പോലെയാണ് നമ്മുടെ രാഷ്ട്രം പൂർവികരുടെ ത്യാഗത്തെ കാണുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ റാശിദ്അൽ മുഅല്ല, സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖ്ർ അൽ ഖാസിമി എന്നിവരും ദേശീയദിന സന്ദേശങ്ങളിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസ നേർന്നു.
ഇനിയും പുതിയ ഉയരങ്ങൾ താണ്ടട്ടെ'
'അഞ്ചു പതിറ്റാണ്ടായി യു.എ.ഇയിൽ താമസിക്കുന്ന ആളെന്ന നിലയിൽ 50ാം ദേശീയ ദിനത്തിെൻറ ഭാഗമാകാനും ആശംസയർപ്പിക്കാനും കഴിയുന്നത് അഭിമാനനിമിഷമാണ്. ലോകത്തിലെ ഏറ്റവും ചലനാത്മകവും പുരോഗമനപരവും ഐക്യമുള്ളതും സമാധാനമുള്ളതുമായ രാജ്യമായി യു.എ.ഇയെ മാറ്റിയ ഈ രാജ്യത്തിെൻറ ദീർഘവീക്ഷണമുള്ള നേതാക്കൾക്ക് നന്ദി അറിയിക്കുന്നു. 200ഓളം ദേശവാസികൾ ഈ രാജ്യത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ഉപജീവനമാർഗം നേടുകയും ചെയ്യുന്നു. ഇത് ഇമാറാത്തികളുടെ സഹിഷ്ണുതയുടെ തെളിവാണ്. ഈ രാജ്യം ഇനിയും പുതിയ ഉയരങ്ങൾ താണ്ടട്ടെ'
എം.എ. യൂസുഫലി
(സ്ഥാപക ചെയര്മാന്, എം.ഡി, ലുലു ഗ്രൂപ്)
'ആരോഗ്യത്തോടെ അമ്പത് വര്‍ഷങ്ങള്‍'
'അമ്പത് വര്‍ഷത്തിനിടെ അറേബ്യന്‍ മരുഭൂമിയുടെ മധ്യത്തില്‍ സമാധാനത്തിെൻറയും സമൃദ്ധിയുടെയും മരുപ്പച്ചയായി ഉയര്‍ന്നുവരാന്‍ യു.എ.ഇ എന്ന രാഷ്ട്രത്തിന് സാധിച്ചിട്ടുണ്ട്. ഈ രാജ്യത്തെ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിനൊപ്പം ഉദ്യോഗസ്ഥരുടെ മികച്ച കൃത്യനിര്‍വഹണവുമാണ് ഇത് സാധ്യമാക്കിയത്. സഹിഷ്ണുതക്കും സന്തോഷത്തിനും വേണ്ടി പ്രത്യേകം മന്ത്രിമാരുള്ള ലോകത്തിലെ ഒരേയൊരു രാജ്യവും യു.എ.ഇ ആയിരിക്കും.
35 വര്‍ഷം മുമ്പ് ദുബൈയില്‍ എത്തിയ ആളെന്നനിലയില്‍ രാജ്യത്തിെൻറ അഭൂതപൂര്‍വമായ വളര്‍ച്ചക്ക് സാക്ഷ്യംവഹിക്കാൻ കഴിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച റോഡുകളും വിമാനത്താവളങ്ങളും തുറമുഖങ്ങളും നിങ്ങള്‍ക്കിവിടെ കാണാം. ജനസംഖ്യാനുപാതം നോക്കിയാൽ ഉയര്‍ന്ന എണ്ണം ആശുപത്രി കിടക്കകളുള്ള ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യപരിരക്ഷാ സൗകര്യങ്ങളുള്ള രാജ്യങ്ങളിലൊന്നാണിത്. ജനസംഖ്യയുടെ 100 ശതമാനത്തിനും വാക്സിനേഷന് നടത്തുന്ന ആദ്യകാല രാജ്യങ്ങളിലൊന്നായി മാറാന്‍ യു.എ.ഇക്ക് സാധിച്ചു. ഈ മഹത്തായ രാജ്യത്തെയും ദയാനിധികളായ ഭരണാധികാരികളെയും ദൈവം അനുഗ്രഹിക്കട്ടെ'.
ഡോ. ആസാദ് മൂപ്പന്
(സ്ഥാപക ചെയര്മാന്, എം.ഡി, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍)
'ഹൃദയത്തിൽ ചാലിച്ച ആശംസകൾ'
'സമ്പന്നമായ പാരമ്പര്യവും ആധുനികതയും സാംസ്കാരികമൂല്യങ്ങളും നിലനിർത്തുന്ന യു.എ.ഇയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ഈ രാജ്യം നൽകുന്ന സുരക്ഷയും സൗകര്യവുമാണ് ഞങ്ങളുടെ വിജയത്തിെൻറ അടിസ്ഥാനം. അഭിമാനവും വിശ്വാസവും സന്തോഷവും സ്നേഹവും നിറഞ്ഞ് ദേശീയദിനം ആശംസിക്കുന്നു. മഹത്തായ ഈ രാജ്യത്തെ മുന്നിലേക്ക് നയിക്കുന്ന ഭരണാധിപൻമാർക്ക് അഭിവാദ്യങ്ങൾ'
ഡോ. ശരീഫ് അബ്ദുൽ ഖാദർ
എം.ഡി, എ.ബി.സി കാർഗോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.