അവിസ്മരണീയം: ഹത്തയിലെ ആഘോഷം
text_fieldsദുബൈ: കണ്ണുകൾക്ക് വിശ്വസിക്കാനാവാത്ത കാഴ്ചകളും കാമറകൾക്ക് ഒപ്പിയെടുക്കാനാവാത്ത വർണങ്ങളും നിറഞ്ഞതായിരുന്നു ഹത്തയിലെ ദേശീയദിനാഘോഷം. യു.എ.ഇയുടെ സുവർണ ജൂബിലി ദേശീയ ദിനാഘോഷത്തിെൻറ ഔദ്യോഗിക ചടങ്ങുകൾക്കാണ് ദുബൈയുടെ ഭാഗമായ ഹത്ത സാക്ഷ്യം വഹിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ തുടക്കംകുറിച്ച ആഘോഷരാവിന് സാക്ഷികളാകാൻ യു.എ.ഇയിലെ ഉന്നത ഭരണനേതൃത്വങ്ങൾ എത്തിയിരുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങി വിവിധ എമിറേറ്റുകളിലെ ഭരണനേതൃത്വങ്ങളെല്ലാം തന്നെ ഹത്തയിലെ മലനിരകൾക്കിടയിൽ ഒരുക്കിയ വേദിയിലെത്തിയിരുന്നു.
നഗരത്തിരക്കുകളിൽനിന്ന് മാറി നടന്ന ചടങ്ങുകൾക്ക് സാക്ഷിയാകാൻ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് പ്രവേശിപ്പിച്ചത്. സമീപ കാലത്ത് നിരവധി ടൂറിസം പദ്ധതികൾ നടപ്പാക്കിയ ഹത്തയിലെ അണക്കെട്ടിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് സംഗീതവും വെളിച്ചവും വർണ വിസ്മയങ്ങളും സമം ചേർന്ന ഷോ അരങ്ങേറിയത്. 50 വാദ്യഘോഷക്കാർ വേദിയിലെത്തിയതോടെയാണ് ഷോ ആരംഭിച്ചത്. മലനിരകളിൽ പ്രതിധ്വനിച്ച വാദ്യഘോഷങ്ങളുടെ പശ്ചാത്തലത്തിൽ, യു.എ.ഇയിലെ അറബ് ഗോത്രമായ ഷിഹുവിെൻറ പരമ്പരാഗത പാട്ടായ അൽ നദ്ബ ആലപിച്ചു. പിന്നീട് ഇമാറാത്തിെൻറ ചരിത്രം വിസ്തരിക്കാൻ ആരംഭിച്ചു. അതിപുരാതനമായ കാലത്ത് ഇവിടെ മനുഷ്യവാസം രൂപപ്പെട്ടതിനെ കുറിച്ച് സൂചനകൾ നൽകി, വികാസത്തിെൻറ ഓരോ ഘട്ടങ്ങളും ചില അടയാളങ്ങളിലൂടെ അവതരിപ്പിച്ചു. കൊച്ചുകൊച്ചു ഈന്തപ്പനക്കൂരകളിൽ നിന്ന് വികസിച്ച് ബുർജ് ഖലീഫയടക്കമുള്ള ഉന്നതമായ നേട്ടങ്ങളിലേക്ക് വളരുന്നത് ഷോ അടയാളപ്പെടുത്തി.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ നേതൃത്വത്തിൽ വിവിധ എമിറേറ്റുകൾ യൂനിയനായി തീർന്നതിെൻറ ചരിത്രവും ചിത്രങ്ങളായി തെളിഞ്ഞു. സ്ഥാപക നേതാക്കൾ വേദിയിൽ വന്നുനിന്നതായി കാഴ്ചക്കാർക്ക് അനുഭവപ്പെടുന്ന രീതിയിലായിരുന്നു ഷോ. രാജ്യത്തിെൻറ പ്രയാണത്തിൽ കരുത്തായ സ്ത്രീ മഹത്തുക്കളെയും പരിപാടി അടയാളപ്പെടുത്തി. ഷോ പകുതി പിന്നിട്ടപ്പോൾ 'ഈശി ബിലാദി'എന്നുതുടങ്ങുന്ന ദേശീയഗാനം ആലപിച്ചു. തുടർന്ന് ഭാവിയിലേക്ക് രൂപപ്പെടുത്തിയ പദ്ധതികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന കാഴ്ചകളും അരങ്ങിലെത്തി. ബഹിരാകാശരംഗത്തും മറ്റു ശാസ്ത്രീയ മുന്നേറ്റങ്ങളിലും രാജ്യം ലക്ഷ്യം വെക്കുന്ന നേട്ടങ്ങളും പ്രദർശനത്തിൽ വന്നു. ഷോയുടെ അവസാനത്തിൽ ഗംഭീരമായ കരിമരുന്ന് പ്രയോഗം ഹത്തയിലെ മലനിരകളുടെ പശ്ചാത്തലത്തിൽ അത്ഭുതകരമായ ദൃശ്യം തന്നെയായിരുന്നു. ഷോയുടെ അവസാനത്തിൽ ഭരണാധികാരികളടക്കം കൈയടിച്ച് ആഹ്ലാദം പങ്കുവെക്കുന്നത് കാണാമായിരുന്നു.
പൊതുജനങ്ങൾക്ക് കാണാം
ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഹത്തയിൽ നടന്ന ഗോൾഡൻ ജൂബിലി ഷോ പൊതുജനങ്ങൾക്ക് കാണാൻ അവസരം. ശനിയാഴ്ച മുതൽ ഡിസംബർ 12വരെയാണ് ഇതിന് സൗകര്യമൊരുക്കുന്നത്. UAENationalDay.ae എന്ന വെബ്സൈറ്റിൽ ടിക്കറ്റ് ലഭ്യമാണ്. കഴിഞ്ഞ ദിവസം ലൈവ് പരിപാടി യൂ ട്യൂബ് വഴി ആയിരങ്ങളാണ് കണ്ടത്.
അഞ്ച് എമിറേറ്റുകളിൽ 50 ശതമാനം ഗതാഗത പിഴയിളവ്
ദുബൈ: യു.എ.ഇ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അഞ്ച് എമിറേറ്റുകളിൽ 50 ശതമാനം ഗതാഗത പിഴയിളവ് പ്രഖ്യാപിച്ചു. റാസൽഖൈമ, അജ്മാൻ, ഷാർജ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ എമിറേറ്റുകളിലെ ഗതാഗത നിമയലംഘനങ്ങൾക്കാണ് 50 ശതമാനം ഇളവുനൽകിയത്. ഡിസംബർ അഞ്ചുമുതൽ ജനുവരി മൂന്നുവരെയാണ് റാസൽഖൈമയിൽ പിഴ ഇളവ്. വേഗപരിധി, വാഹന മുല്കിയ കാലാവധി കഴിഞ്ഞവ, വിവിധ റോഡ് നിയമങ്ങളിൽ ബ്ലാക്ക് പോയൻറ് ലഭിച്ചവർ തുടങ്ങി റാസൽഖൈമയിൽ റോഡ് നിയമം ലംഘിച്ച് പിഴ ചുമത്തപ്പെട്ടവർക്ക് ആനുകൂല്യം ഉപയോഗപ്പെടുത്താം.
അജ്മാനില് നവംബർ 21 മുതൽ ഡിസംബർ 31 വരെയാണ് പിഴയിളവിെൻറ ആനുകൂല്യം ലഭ്യമാകുക. അജ്മാൻ എമിറേറ്റിൽ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ബ്ലാക്ക് പോയൻറുകൾ, വാഹനങ്ങൾ പിടിച്ചെടുക്കൽ എന്നിവക്കും ഇളവ് ബാധകമാണ്. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന വിധം വാഹനം ഓടിക്കുക, വാഹനത്തിെൻറ എൻജിൻ, ചേസിസ് എന്നിവയിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ ഗൗരവതരമായ ലംഘനങ്ങൾ ആനുകൂല്യത്തിനു കീഴിൽ വരില്ല. ആഭ്യന്തര മന്ത്രാലയത്തിെൻറ ആപ്ലിക്കേഷൻ, അജ്മാൻ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവ വഴിയോ സഹേൽ ഇലക്ട്രോണിക് പേമൻറ് വഴിയോ അജ്മാൻ പൊലീസിെൻറ സേവനകേന്ദ്രങ്ങളിൽ നേരിട്ടോ സ്മാർട്ട് പേമെൻറ് ചാനലുകൾ വഴിയോ പണമടക്കാം. നവംബർ 21 മുതൽ ജനുവരി 31വരെയാണ് ഷാർജയിൽ പിഴ ഇളവ്. നവംബർ 21ന് മുമ്പ് രജിസ്റ്റർ ചെയ്ത നിയമലംഘനങ്ങൾക്ക് ഇളവ് ബാധകമാണ്. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ വരുത്താത്തതും ബ്ലാക്ക് പോയൻറുകൾ ലഭിക്കാത്തതും പിടിച്ചെടുക്കപ്പെടാത്തതുമായ വാഹനങ്ങൾക്കാണ് ഇളവ്. ഡിസംബർ ഒന്നുമുതൽ ജനുവരി ആറ് വരെയുള്ള പിഴകൾക്കാണ് ഉമ്മുൽഖുവൈനിൽ ഇളവ്. ആഭ്യന്തരമന്ത്രാലയത്തിെൻറയും ഉമ്മുൽഖുവൈൻ പൊലീസിെൻറയും സ്മാർട്ട് ആപ്, വെബ്സൈറ്റ്, പൊലീസ് സർവിസ് സെൻറർ എന്നിവ വഴി പിഴ അടക്കാം. നവംബർ 25ന് മുമ്പുള്ള ഗതാഗത പിഴകൾക്കാണ് ഫുജൈറയിൽ ഇളവ്. നവംബർ 28 മുതൽ 50 ദിവസത്തിനുള്ളിൽ 50 ശതമാനം ഇളവോടെ പിഴ അടക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.