യു.എ.ഇ ദേശീയ പതാക ദിനം; മഞ്ഞിൽ കുളിച്ച്, പച്ചപുതച്ച് ജ്യോയുടെ ദേശീയ പതാക
text_fieldsദുബൈ: പൊരിവെയിലിൽ ഉരുകുന്ന ബുർജ് ഖലീഫയിലേക്ക് മഞ്ഞ് പെയ്തിറങ്ങിയാൽ എങ്ങനെയുണ്ടാവും? ചുവപ്പ് പരന്ന ചൊവ്വ ഗ്രഹത്തിൽ ദുബൈ ഫ്യൂച്ചർ മ്യൂസിയം തിളങ്ങിനിൽക്കുന്നത് കണ്ടിട്ടുണ്ടോ? വനത്തിനു നടുവിലൂടെ ദുബൈ മെട്രോ ചീറിപ്പായുന്നത് സങ്കൽപിച്ചിട്ടുണ്ടോ? ജയിംസ് കാമറൂൺ ദുബൈയുടെ കണ്ണിലൂടെ അവതാറിനെ സങ്കൽപിച്ചിരുന്നെങ്കിൽ എങ്ങനെയുണ്ടാവും? ഈ ചോദ്യങ്ങളെല്ലാം എറണാകുളം പറവൂർ സ്വദേശി ജ്യോ ജോൺ മുല്ലൂരിനോടാണ് ചോദിക്കുന്നതെങ്കിൽ തന്റെ ഇൻസ്റ്റഗ്രാം പേജ് നോക്കാനായിരിക്കും ഉത്തരം.
അസാധ്യമെന്നു തോന്നുന്ന പലതും നിങ്ങൾക്കവിടെ ചിത്രങ്ങളായി കാണാൻ കഴിയും. നാലു പ്രോജക്ടുകളിൽ നാലു നിറങ്ങളിലായി (ചുവപ്പ്, പച്ച, കറുപ്പ്, വെള്ള) തയാറാക്കിയ ഈ ചിത്രങ്ങളെല്ലാം ചേർത്ത് യു.എ.ഇ ദേശീയ പതാക ഒരുക്കിയിരിക്കുകയാണ് ജ്യോ. വ്യാഴാഴ്ച യു.എ.ഇ ദേശീയ പതാക ദിനത്തിൽ ഈ അപൂർവ പതാകകൾ എൻ.എഫ്.ടി വഴി പൊതുജനങ്ങളിലേക്കെത്തും. ജ്യോയുടെ ഒരുവർഷത്തെ പ്രയത്നമാണ് ഈ പതാകദിനത്തിൽ സഫലമാകാൻ പോകുന്നത്. 17 വർഷമായി പോറ്റിവളർത്തുന്ന നാടിനുള്ള സ്നേഹാദരമായിരിക്കും ഈ പതാകകളെന്ന് ജ്യോ സാക്ഷ്യപ്പെടുത്തുന്നു.
അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കും എമിറേറ്റ്സ് പാലസും ഫെറാറി വേൾഡും ബുർജ് അൽ അറബും ബുർജ് ഖലീഫയുമെല്ലാം മഞ്ഞിൽകുളിച്ച് നിൽക്കുന്ന ഡിജിറ്റൽ ചിത്രം തയാറാക്കിയാണ് ജ്യോ ശ്രദ്ധേയനായത്. ഈ ചിത്രങ്ങളുടെയെല്ലാം പശ്ചാത്തലം വെള്ളയായിരുന്നു. ഡൗൺ ടൗൺ ദുബൈ, ദുബൈ ഫ്രെയിം, ഫ്യൂച്ചർ മ്യൂസിയം, അറ്റ്ലാന്റിസ് എന്നിവയിലേക്കെല്ലാം മഞ്ഞ് പെയ്തിറങ്ങി.
വർഷങ്ങൾക്കു മുമ്പ് ജ്യോ കണ്ട സ്വപ്നമാണ് പിന്നീട് മഞ്ഞും പച്ചപ്പുമെല്ലാമായി യാഥാർഥ്യമായത്. ദുബൈയിൽ വന്ന നാളുകളിൽ താമസിച്ചിരുന്ന റൂമിന്റെ ജനാലയിലൂടെ നോക്കുമ്പോൾ കാണുമായിരുന്ന സബീൽ പാർക്കിലും പരിസരങ്ങളിലും മഞ്ഞ് നിറഞ്ഞുകിടക്കുന്ന ദൃശ്യമാണ് ജ്യോ സ്വപ്നത്തിൽ കണ്ടത്. ഇത് യാഥാർഥ്യമാക്കാനുള്ള യാത്രയായിരുന്നു പിന്നീട്. രാവും പകലും സമയം കണ്ടെത്തി മൂന്നു പുതിയ ത്രീഡി സോഫ്റ്റ് വെയറുകൾ പഠിച്ചു.
അങ്ങനെയാണ് മഞ്ഞിൽക്കുളിച്ച യു.എ.ഇ പുറത്തിറങ്ങിയത്. അത് ഹിറ്റായതോടെയാണ് ഹരിതാഭമായ ദുബൈയെ ആവിഷ്കരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. 2040ഓടെ യു.എ.ഇയുടെ 60 ശതമാനം ഹരിതാഭമാക്കുകയെന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദിന്റെ 'വിഷൻ 2040' ആണ് തനിക്ക് ഇതിന് പ്രചോദനമായതെന്ന് ജ്യോ പറയുന്നു. ദുബൈ ഫ്രെയിമും ഹത്ത മലനിരയും ബുർജ് ഖലീഫയും പാം ജുമൈറയുമെല്ലാം ഇതോടെ പച്ചപുതച്ചു.
മരുഭൂമിയിൽ മാത്രം കാണുന്ന അറേബ്യൻ ഓറിക്സ് കൊടുംകാട്ടിൽ പുല്ലുമേഞ്ഞുനിന്നു. വെള്ളയും പച്ചയും യാഥാർഥ്യമായതോടെയാണ് ഇതിനെ യു.എ.ഇയുടെ ദേശീയ പതാകയുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. അടുത്ത ശ്രമം അതിനുവേണ്ടിയായി. അങ്ങനെയാണ് ചുവന്നഗ്രഹമായ ചൊവ്വയിൽ യു.എ.ഇ നഗരം ഡിജിറ്റൽ പെയിന്റിങ്ങിലൂടെ പിറവിയെടുക്കുന്നത്. യു.എ.ഇയിലെ കോളനിതന്നെ ജ്യോ ചൊവ്വയിൽ സൃഷ്ടിച്ചിട്ടുണ്ട്. ആർ.ടി.എയുടെ മെട്രോയും ട്രാമും ദുബൈ ഫ്യൂച്ചർ മ്യൂസിയവും പറക്കുംവാഹനവും ഇന്നൊവേഷൻ സെന്ററുമെല്ലാം ചൊവ്വയിൽ കാണാം. യു.എ.ഇ പതാകയിലെ കറുപ്പിനെ പ്രതിനിധാനം ചെയ്താണ് ജയിംസ് കാമറൂണിന്റെ അവതാറിനെ വരച്ചത്. അവതാർ സിനിമയിലൂടെ ദുബൈ മെട്രോപോലും പായുന്നത് കാണാം.
ഈ നാലു പദ്ധതികളിലായി തയാറാക്കിയ ചിത്രങ്ങൾ ചേർത്താണ് ജ്യോ പതാക തയാറാക്കിയിരിക്കുന്നത്. ഓരോ നിറങ്ങളെ പ്രതിനിധാനം ചെയ്ത് വര തുടരുമ്പോഴും ആർക്കും അറിയില്ലായിരുന്നു ലക്ഷ്യം യു.എ.ഇ ദേശീയ പതാകയാണെന്ന്. ഇത്തരത്തിൽ തയാറാക്കിയ 51 പതാകകളാണ് നാളെ എൻ.എഫ്.ടി വഴി വിൽപനക്കെത്തുന്നത്. ഇതിനു പുറമെ ഈ ചിത്രങ്ങളെല്ലാം ചേർത്ത് യു.എ.ഇയുടെ രാഷ്ട്ര നേതാക്കളുടെ ചിത്രങ്ങളും തയാറാക്കിയിട്ടുണ്ട്.
ലോകത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സൃഷ്ടിയെന്ന് ജ്യോ പറയുന്നു. യു.എ.ഇയിൽ സ്വകാര്യ ഏജൻസിയിൽ സ്റ്റുഡിയോ ഹെഡ് ആയ ജ്യോ ഭാര്യ ഡിംബിളിനും മകൾ ജൊവാനക്കുമൊപ്പമാണ് താമസം. അബൂദബിയിൽ ക്രിയേറ്റിവ് ചീഫായി ജോലി ചെയ്യുന്ന മൂത്ത സഹോദരൻ ബിനോയ് ജോണാണ് ജ്യോയുടെ ഏറ്റവും വലിയ പ്രോത്സാഹനം. അപ്ലൈഡ് ആർട്സ് പഠിച്ച ജ്യോയെ വിസ്മയചിത്രങ്ങളുടെ മാന്ത്രികലോകത്തേക്ക് എത്തിച്ചത് ബിനോയിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.