തറാഹൂം: ഷാർജയിലും അബൂദബിയിലും വൻ ജനപങ്കാളിത്തം
text_fieldsഷാർജ: യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീൻ ജനതക്കായി ‘തറാഹൂം ഫോർ ഗസ്സ’ സംരംഭത്തിലൂടെ ശേഖരിച്ച അവശ്യവസ്തുക്കൾ പാക് ചെയ്യുന്നതിനായി ഷാർജ എക്സ്പോ സെന്ററിലും അബൂദബിയിലും ആരംഭിച്ച കാമ്പയിന് വൻ പ്രതികരണം. വ്യത്യസ്ത ദേശങ്ങളിൽനിന്നായി പ്രായഭേദമന്യേ 5,000ത്തിലധികം പേരാണ് ഷാർജ എക്സ്പോ സെന്ററിലെ കാമ്പയിനിന്റെ ഭാഗമായത്. മുഴുവൻ പേരെയും കാമ്പയിനിൽ
പങ്കെടുപ്പിക്കുന്നതിനായി വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ എമിറേറ്റ് റെഡ് ക്രസന്റ് അതോറിറ്റി, ബിഗ് ഹാർട്ട് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ഷാർജ ചാരിറ്റി ഇന്റർനാഷനൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ ആരംഭിച്ച കാമ്പയിനിലൂടെ ഷാർജയിൽ മാത്രം അവശ്യ വസ്തുക്കൾ അടങ്ങിയ 7500 പാക്കറ്റുകൾ തയാറാക്കിയതായി ഷാർജ ചാരിറ്റി ഇന്റർനാഷനൽ ബോർഡ് ചെയർമാൻ മുഹമ്മദ് റാശിദ് ബിൻ ബയാത്ത് പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ അടങ്ങിയ 4500 പാക്കറ്റുകൾ, കുട്ടികളുടെ കൊട്ടകൾ, സ്ത്രീകൾക്കായുള്ള 1000 പാക്കറ്റുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. പാക്കിങ് പൂർത്തിയായ ഉത്പന്നങ്ങൾ ഗസ്സയിലേക്ക് ഉടൻ കയറ്റി അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാർജ ചാരിറ്റി ഇന്റർനാഷനൽ ഹ്യൂമൻ റിസോഴ്സ് ഡയറക്ടർ അലി മുഹമ്മദ് അൽ റാശിദ് മക്കളും പേരമക്കളുമായാണ് പരിപാടിയിൽ പങ്കാളിയായത്. ബിഗ് ഹാർട്ട് ഫൗണ്ടേഷന്റെ 3000 വളന്റിയർമാർ കാമ്പയിനിൽ പങ്കെടുത്തതായി ഡയറക്ടർ മറിയം അൽ ഹമ്മാദി പറഞ്ഞു.
അബൂദബി നാഷനൽ എക്സിബിഷൻ സെന്റ (അഡ്നെക്) റിൽ നടന്ന കാമ്പയിനിലും വൻ ജനപങ്കാളിത്തം പ്രകടമായിരുന്നു. സ്ത്രീകളും കുട്ടികളും നിശ്ചയദാർഢ്യ വിഭാഗവും ഉൾപ്പെടെയുള്ളവർ രാവിലെ മുതൽ ക്യാമ്പിൽ എത്തിയിരുന്നു. ഏതാണ്ട് 3500 പേർ ക്യാമ്പിൽ പങ്കെടുത്തതായി എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റിയുടെ പ്രാദേശിക കാര്യ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി റാശിദ് അൽ മൻസൂരി പറഞ്ഞു. ആദ്യ ഘട്ട കാമ്പയിനിൽ 4500 പേർ പങ്കെടുത്ത് 13,000 ബോക്സുകളാണ് തയാറാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.