ശൈഖ് ഷഖ്ബൂത്ത്, ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി എന്നിവിടങ്ങളിൽ സമയമാറ്റം
text_fieldsഅബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി
അബൂദബി: ഹെൽത്ത് സർവിസസ് കമ്പനിയായ സെഹയുടെ കീഴിലുള്ള അബൂദബിയിലെ ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി, ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി എന്നിവിടങ്ങളിലും അൽഐൻ തവാം ആശുപത്രിയിലും തിരഞ്ഞെടുക്കപ്പെട്ട സേവനങ്ങൾക്ക് പുതിയ പ്രവർത്തനസമയം പ്രഖ്യാപിച്ചു.
രോഗികളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങൾ നിറവേറ്റുന്നതിനും കാത്തിരിപ്പുസമയം കുറക്കുന്നതിനും ഈ നടപടി സഹായിക്കും. രോഗികളുടെ സംതൃപ്തി ഉയർത്തുന്നതിന് സെഹ നെറ്റ്വർക് സേവനം വിപുലീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. രോഗികൾക്ക് ആരോഗ്യ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചക്കുള്ള ബുക്കിങ്ങിനുള്ള പരമാവധി സൗകര്യം ഉറപ്പാക്കും. രാവിലെ 8.30നും രാത്രി 8.30നും ഇടയിൽ സ്പെഷാലിറ്റി ഡോക്ടർമാരുമായുള്ള മെഡിക്കൽ കൺസൽട്ടേഷൻ സൗകര്യം ലഭ്യമാക്കും. തെരഞ്ഞെടുത്ത ക്ലിനിക്കുകൾ ശനിയാഴ്ചകളിലും പ്രവർത്തിക്കും.
പ്രവർത്തന സമയങ്ങളിലെ മാറ്റം അൽഐൻ തവാം ഹോസ്പിറ്റലിൽ ഇതിനകം നടപ്പാക്കി. അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലും ഖലീഫ മെഡിക്കൽ സിറ്റിയിലും സമയമാറ്റം ഞായറാഴ്ച മുതൽ പ്രാവർത്തികമാവും. അബൂദബി നഗരാതിർത്തിയിലും പുറത്തുമുള്ള ആരോഗ്യമേഖല നിലവാരം മെച്ചപ്പെടുത്താനുള്ള സെഹയുടെ നടപടിയുടെ ഭാഗമാണ് ഈ മാറ്റമെന്ന് സെഹ ഗ്രൂപ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ റഷീദ് സെയ്ഫ് അൽ ഖുബൈസി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി, ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി, അൽഐൻ തവാം ആശുപത്രി എന്നിവിടങ്ങളിലെ കാർഡിയോളജി, ന്യൂറോളജി (മുതിർന്നവർക്കും ശിശുക്കൾക്കും), ഇ.എൻ.ടി, ന്യൂറോസർജറി വിഭാഗം സേവനങ്ങളുടെ പ്രവർത്തന സമയമാണ് ദീർഘിപ്പിക്കുന്നത്.
കോവിഡ് രോഗവ്യാപനത്തിനിടയിൽ മറ്റു രോഗികൾക്ക് തടസ്സമില്ലാതെ പ്രവേശനം ഉറപ്പുവരുത്തുന്നതിന് കൂടുതൽ സുരക്ഷ മുൻകരുതലുകളും നടപടിക്രമങ്ങളും ഏർപ്പെടുത്തി.ദുർബലരായ രോഗികൾക്കുള്ള ഹോം കെയർ സന്ദർശനങ്ങൾ, നിർദിഷ്ട മരുന്നുകളുടെ ഹോം ഡെലിവറി, ടെലിമെഡിസിൻ കൺസൽട്ടേഷനുകൾ, തിരഞ്ഞെടുത്ത സേവനങ്ങൾക്ക് ഡ്രൈവ് ത്രൂ സെൻററുകൾ, ശിശുക്കൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയവയും നടപ്പാക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.