പുതുവർഷ രാവിൽ ആഘോഷത്തിലമർന്ന് യു.എ.ഇ
text_fieldsദുബൈ: പ്രതീക്ഷയുടെ പുതുയുഗപ്പിറവിയെ ആഘോഷപൂർവം വരവേറ്റ് യു.എ.ഇ. ഷാർജ ഒഴികെ മുഴുവൻ എമിറേറ്റുകളും ഞായറാഴ്ച സാക്ഷ്യം വഹിച്ചത് വർണപ്പകിട്ടാർന്ന ആഘോഷപരിപാടികൾക്ക്. ഡ്രോണുകൾ ഉപയോഗിച്ചുള്ള വിവിധ ഷോകളും മണിക്കൂറുകൾ നീണ്ട വെടിക്കെട്ടുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ശനിയും ഞായറും അവധി ദിനങ്ങൾകൂടി ആയതിനാൽ പലയിടങ്ങളിലും നേരത്തേ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. തണുപ്പിന്റെ അകമ്പടിയിൽ മരുഭൂമികൾ രാത്രി ജനനിബിഡമായി. കുടുംബസമേതവും ഒറ്റക്കും ആഘോഷരാവിനെ വർണമനോഹരമാക്കാനായി ജനം ഹാഫ് ഡസർട്ടുകളിലേക്ക് ഒഴുകിയെത്തി. യു.എ.ഇയിലെ പ്രധാന പാർക്കുകളിലും ബീച്ചുകളിലും വിനോദകേന്ദ്രങ്ങളിലും ഞായറാഴ്ച വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച പുലർച്ച ഒരുമണിവരെ വിനോദകേന്ദ്രങ്ങളിലും പൊതുപാർക്കുകളിലും സന്ദർശനത്തിന് ദുബൈ മുനിസിപ്പാലിറ്റി അനുമതി നൽകിയിരുന്നു.
അൽകൂസ് പോണ്ട് പാർക്ക്, സബീൽ പാർക്ക്, സഫാ പാർക്ക്, ഉമ്മു സുഖൈം പാർക്ക് എന്നിവിടങ്ങളിലാണ് സന്ദർശനസമയം നീട്ടിയത്. അൽ മുഷ്രിഫ് പാർക്ക്, ക്രീക്ക് പാർക്ക്, അൽ മംസർ പാർക്ക് എന്നിവിടങ്ങളിൽ രാത്രി 11 വരെയും റെസിഡൻഷ്യൽ പാർക്കുകൾ രാത്രി 12 വരെയും സന്ദർശകർക്കായി തുറന്നിട്ടിരുന്നു.
ദുബൈ ഫ്രെയിമിൽ രാത്രി ഒമ്പതുവരെ സന്ദർശകർക്ക് അനുമതി നൽകിയിരുന്നു. ആഘോഷങ്ങൾക്കായി വന്നെത്തുന്നവർക്ക് ദുബൈയിൽ ആർ.ടി.എ പ്രത്യേക ബസ് സർവിസുകളും ഒരുക്കിയിരുന്നു. വൻ സുരക്ഷ ക്രമീകരണങ്ങളുമായി ദുബൈ പൊലീസും ആഘോഷങ്ങൾക്ക് പിന്തുണയേകി. അതേസമയം, എല്ലാ വർഷത്തെയുംപോലെ ഇത്തവണയും ഏറ്റവും കൂടുതൽ കാഴ്ചക്കാരെത്തിയത് ദുബൈയിലെ ബുർജ് ഖലീഫ പരിസരത്തെ ആഘോഷത്തിന് തന്നെയായിരുന്നു. പരിസരങ്ങളിലെ ഹോട്ടലുകളെല്ലാം ദിവസങ്ങൾക്ക് മുമ്പുതന്നെ നിറഞ്ഞിരുന്നു. ബുർജ് ഖലീഫക്ക് പുറമെ പാംജുമൈറ, ബുർജ് അൽ അറബ്, ഹത്ത, അൽ സീഫ്, ബ്ലൂ വാട്ടേഴ്സ്, ദ ബീച്ച്, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗവും ഡ്രോൺ ഷോകളും നടന്നത്. ഗ്ലോബൽ വില്ലേജിൽ ഏഴുതവണയായി നടന്ന പുതുവത്സര ദിനാഘോഷം വേറിട്ടുനിന്നു.
ചൈനയിൽ പുതുവർഷം പിറക്കുന്ന സമയം കണക്കാക്കി രാത്രി എട്ടുമണിക്ക് ആദ്യ ആഘോഷത്തിന് തുടക്കംകുറിച്ചു. ഓരോ രാജ്യത്തെയും പുതുവത്സരപ്പിറവിയുടെ കൗണ്ട്ഡൗണും തുടർന്ന് നടന്ന കരിമരുന്ന് പ്രയോഗവും കാണാൻ പതിനായിരങ്ങളാണ് ഗ്ലോബൽ വില്ലേജിൽ ഒത്തുകൂടിയത്. ആഘോഷരാവിൽ പലയിടങ്ങളിലായി നടന്ന സംഗീതനിശയിലും ബീച്ച് പാർട്ടികളിലും രാജ്യഭേദമന്യേ ജനം വന്നെത്തിയിരുന്നു. അബൂദബിയിൽ ഒരു മണിക്കൂറിലധികം നീണ്ട വെടിക്കെട്ട് തൃശൂർ പൂരത്തെപോലും വെല്ലുന്നതായിരുന്നു.
അൽ വത്ബ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഉന്നത സംഘാടക സമിതിയാണ് പുതുവത്സരം ആഘോഷിക്കാൻ മെഗാ ഇവന്റുകളും ഷോകളും ഒരുക്കിയത്. ഗിന്നസ് നേട്ട കരിമരുന്ന് വിരുന്നൊരുക്കിയാണ് പുതുവര്‍ഷത്തെ റാസല്‍ഖൈമ വരവേറ്റത്. കഴിഞ്ഞ അഞ്ചുവര്‍ഷവും ഗിന്നസ് നേട്ടത്തോടെയാണ് റാസല്‍ഖൈമ പുതുവര്‍ഷത്തെ വരവേറ്റത്.
പുതിയ കോറിയോഗ്രാഫി ഘടകങ്ങളും സാങ്കേതികതകളും സമന്വയിപ്പിച്ച് അല്‍ മര്‍ജാന്‍ ദ്വീപിനും അല്‍ ഹംറ വില്ലേജിനുമിടയില്‍ നാലരകിലോമീറ്റര്‍ കടല്‍തീരത്ത് പുതിയ റെക്കോഡുകളോടെ പ്രകാശവര്‍ണങ്ങൾ തീർത്ത കരിമരുന്ന് വിരുന്ന് ആഘോഷിക്കാൻ വൻ തിരക്കായിരുന്നു. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിച്ച ആഘോഷപരിപാടികൾ തിങ്കളാഴ്ച പുലര്‍ച്ച രണ്ടുവരെ നീണ്ടു. യു.എ.ഇയിലെ പ്രതിഭകള്‍ നയിച്ച സൗജന്യ ഗാനവിരുന്നും കുട്ടികള്‍ക്ക് പ്രത്യേക വിനോദപരിപാടികളും ആഘോഷങ്ങളുടെ ആരവങ്ങൾക്ക് മാറ്റുകൂട്ടി.
ആഘോഷങ്ങളില്ലാതെ ഷാർജ
ഗസ്സക്ക് ഐക്യദാർഢ്യമർപ്പിച്ച് താമസക്കാർ
ഷാർജ: മനുഷ്യമനസ്സാക്ഷി മരവിക്കുന്ന ക്രൂരതക്കിരയാകുന്ന ഗസ്സയിലെ ജനതക്ക് ഐക്യദാർഢ്യമർപ്പിച്ച് ഷാർജയിലെ താമസക്കാർ പുതുവത്സരാഘോഷങ്ങളിൽനിന്ന് വിട്ടുനിന്നു. ആഘോഷ പരിപാടികൾ ഒഴിവാക്കണമെന്ന ഷാർജ പൊലീസിന്റെ നിർദേശം പൂർണമായി അംഗീകരിച്ച താമസക്കാർ തീരുമാനം തങ്ങളുടെകൂടി വികാരമാണെന്ന് പങ്കുവെച്ചു.
ആഘോഷപരിപാടികൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഷാർജ പൊലീസ് ജനറൽ കമാൻഡ് എമിറേറ്റിലുടനീളം സുരക്ഷ ശക്തമാക്കിയിരുന്നു. 362 സൈനിക, സിവിലിയൻ സേനാംഗങ്ങൾ, 933 പൊലീസുകാർ എന്നിവരെയാണ് സുരക്ഷക്കായി വിവിധ നഗരങ്ങളിലായി വിന്യസിച്ചത്. സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയതായും എല്ലാ സഹായത്തിനും സേന സജ്ജമാണെന്നും അധികൃതർ ഞായറാഴ്ച പ്രസ്താവനയിൽ അറിയിച്ചിരുന്നു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ സംവിധാനങ്ങളുടെ സഹകരണമാവശ്യപ്പെട്ട അധികൃതർ, നിയമലംഘനങ്ങൾ സെൻട്രൽ ഓപറേഷൻസ് റൂമിലേക്ക് അറിയിക്കാൻ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സാധാരണ പോലെ സന്ദർശിക്കുന്നതിന് തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഒഴിവുദിനങ്ങളായതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കുടുംബങ്ങളും സന്ദർശകരും എത്തിച്ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.