ഗസ്സക്ക് കൈതാങ്ങൊരുക്കാൻ യു.എ.ഇ ജനത
text_fieldsദുബൈ: യുദ്ധത്തിന്റെ കെടുതികളാൽ പ്രയാസപ്പെടുന്ന ഗസ്സയിലെ ജനങ്ങൾക്ക് കൈതാങ്ങായി യു.എ.ഇയുടെ കാരുണ്യഹസ്തം. ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുക എന്ന രാജ്യത്തിന്റെ നിലപാടിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച കാമ്പയിനിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേരാണ് സഹായ വസ്തുക്കൾ നൽകിയത്. നിലവിൽ 68ടൺ ഭക്ഷ്യ വസ്തുക്കൾ ഗസ്സയിലേക്ക് എത്തിക്കുന്നതിനായി ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളത്തിൽ ഇറക്കിയിട്ടുണ്ട്. റഫ അതിർത്തി തുറക്കുന്നതോടെ ഇത് ഗസ്സയിലേക്ക് കൊണ്ടുപോകും.
സഹായ വസ്തുക്കൾ ശേഖരിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 30ലേറെകേന്ദ്രങ്ങളാണ് തുറന്നത്. ഇവിടങ്ങളിൽ സ്വദേശികളും വിദേശികളും സംഭാവനകൾ നൽകാനെത്തുന്നുണ്ട്. അതോടൊപ്പം നിരവധി ബിസിനസ് സംരംഭങ്ങളും തങ്ങളുടെ ലാഭം ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റ്സ് റെഡ് ക്രസന്റ് വഴിയും ഫലസ്തീൻ ചിൽഡ്രൻസ് റിലീഫ് ഫണ്ട് വഴിയും സഹായമെത്തിക്കാനാണ് ഇവർ പദ്ധതിയിടുന്നത്.
എമിറേറ്റ്സ് റെഡ് ക്രസൻറാണ് യു.എ.ഇയിൽ നിന്ന് സഹായവസ്തുക്കൾ ശേഖരിച്ച് ദുരിതമനുഭവിക്കുന്നവർക്ക് എത്തിക്കാൻ സംവിധാനം ഒരുക്കിയത്. അബൂദബി, ദുബൈ, റാസൽഖൈമ, ഷാർജ, ഫുജൈറ, അൽ ദഫ്റ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, അൽഐൻ തുടങ്ങി വിവിധ സ്ഥലങ്ങളിലായാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെ ഇവിടെ സഹായ വസ്തുക്കൾ സ്വീകരിക്കും. ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, ശുചിത്വ ഉൽപന്നങ്ങൾ, ബ്ലാങ്കറ്റുകൾ, പാൽ പൊടി തുടങ്ങിയവയെല്ലാം സംഭാവന ചെയ്യാം. എമിറേറ്റ്സ് റെഡ് ക്രസൻറ് വെബ്സൈറ്റ് വഴിയും സംഭാവന നൽകാനുള്ള സംവിധാനം അധികൃതർ ഒരുക്കിയിട്ടുണ്ട്.
അതോടൊപ്പം ദുരിതാശ്വാസ പദ്ധതിയിലേക്ക് സഹായം നൽകാൻ വിവിധ മാളുകളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. മാജിദ് അൽ ഫുത്തൈം ഷോപ്പിങ് മാളുകളിലാണ് എമിറേറ്റ്സ് റെഡ് ക്രസന്റുമായി സഹകരിച്ച് സൗകര്യം ഒരുക്കിയത്. ദുബൈ, ഷാർജ, അജ്മാൻ, ഫുജൈറ, അബൂദബി എന്നിവിടങ്ങളിലെ മാളുകളിൽ പണമായും ബ്ലാങ്കറ്റ്, ഭക്ഷണം, പുതുവസ്ത്രങ്ങൾ, കുട്ടികളുടെ ആവശ്യ വസ്തുക്കൾ തുടങ്ങിയവയായും സഹായം സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.