നിയമം പാലിച്ച് വാഹനമോടിച്ചവർക്ക് അഭിനന്ദനവുമായി പൊലീസ്
text_fieldsഅബൂദബി: ഗതാഗതനിയമം പാലിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാരെ അഭിനന്ദിച്ച് അബൂദബി പൊലീസ്. തെരുവുകളില്‍ പട്രോളിങ് നടത്തിയാണ് പൊലീസ് ഡ്രൈവര്‍മാര്‍ക്ക് അപ്രതീക്ഷിത ആദരവ് നല്‍കിയത്. ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്ക് പിഴചുമത്തുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് പലയിടത്തും പതിവുകാഴ്ചയെങ്കില് നിയമം അനുസരിക്കുന്നവര്‍ക്ക് അഭിനന്ദനവുമായി അബൂദബി പൊലീസ് പട്രോള്‍ സംഘം തെരുവുകളിലെത്തിയത്.
നിങ്ങളുടെ ജീവിതം സുരക്ഷിതമാണ് എന്നപേരില്‍ ഗള്‍ഫ് ഗതാഗത വാരത്തോടനുബന്ധിച്ച് അബൂദബി പൊലീസ് ഡയറക്ടറേറ്റ് നടത്തിയ ബോധവത്കരണത്തിന്റെ ഭാഗമായാണ് നടപടി. ബോധവത്കരണ പരിപാടികള്‍ ഞായറാഴ്ച അവസാനിക്കും. നിയമം അനുസരിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാരെ പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം സമ്മാനപ്പൊതിയും പൊലീസ് കൈമാറി. ഗതാഗത നിയമം പാലിക്കുന്നവരെ അഭിനന്ദിക്കുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നതിലൂടെ നിയമം പാലിക്കുന്നതില്‍ മറ്റുള്ളവര്‍ക്ക് ഇവര്‍ അനുകരണീയ മാതൃകയാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
ദുബൈ പൊലീസും മുമ്പ് ഇത്തരം സമ്മാനവിതരണം ഡ്രൈവര്‍മാര്‍ക്കിടയില്‍ നടപ്പാക്കിയിരുന്നു. റോഡ് ഉപയോക്താക്കളുടെ സുരക്ഷയും സ്വന്തം സുരക്ഷയും കണക്കിലെടുത്ത് സുരക്ഷിതമായ ഡ്രൈവിങ് പാലിക്കണമെന്ന് വാഹനങ്ങള്‍ ഓടിക്കുന്നവരോട് പൊലീസ് അഭ്യര്‍ഥിച്ചു. മികച്ച ഡ്രൈവിങ് സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനായി റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും അബൂദബി പൊലീസ് മികച്ച സംവിധാനങ്ങളും രീതികളും സ്വീകരിക്കുമെന്നും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതിനിടെ അധികൃതര്‍ വ്യക്തമാക്കി. നിയമം ലംഘിച്ച് പിഴശിക്ഷക്ക് വിധേയരാവാതെ, നിയമങ്ങള്‍ അനുസരിച്ച് സമ്മാനങ്ങള്‍ വാങ്ങാന്‍ പ്രാപ്തരാക്കി ഡ്രൈവര്‍മാരുടെ മനോഭാവം മാറ്റിയെടുക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.