യന്ത്രപ്പോലീസുകാരൻ റെഡി, കുറ്റവാളികൾ ജാഗ്രതൈ!
text_fieldsദുബൈ: സമീപത്ത് നോട്ടക്കാരില്ലെന്നു കരുതി പാർക്കിംഗ് ഫീസു നൽകാതെ കടന്നു കളയുന്ന ശീലമുള്ളവർ ഇനി കുടുങ്ങും. എല്ലാം നിരീക്ഷിച്ച് കൈയോടെ പിടിക്കാൻ യന്ത്രപ്പോലീസുകാരൻ റെഡിയായി നിൽക്കുന്നുണ്ടാവും. തിരക്കേറിയ മാളിൽ കുറ്റകൃത്യത്തിന് ശ്രമിച്ച് മുങ്ങാൻ നോക്കുേമ്പാൾ കുത്തിനു പിടിക്കുന്നതും ഇനിയീ യന്തിരനാവും. ഏറെ കാലമായി പറഞ്ഞു കേൾക്കുന്ന ദുബൈ പൊലീസിലെ റോബോ കോപ് യാഥാർഥ്യമായിക്കഴിഞ്ഞു. ഗൾഫ് ഇൻഫർമേഷൻ ആൻറ് സെക്യൂരിറ്റി എക്സ്പോയിലാണ്‘ഇദ്ദേഹത്തെ’ പൊതുജനങ്ങൾക്കു മുന്നിലെത്തിച്ചത്.
മാളുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയോഗിക്കുകയെന്ന് ദുബൈ പൊലീസ് സ്മാർട്ട് സേവന വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് അൽ റസൂഖി പറഞ്ഞു. നെഞ്ചിലെ ടച്ച് സ്ക്രീൻ മുഖേന ജനങ്ങൾക്ക് പരാതികൾ നൽകാം, ഫൈനുകളടക്കാം, വഴികളെക്കുറിച്ചോ നിയമങ്ങളെക്കുറിച്ചോ സംശയങ്ങളുണ്ടെങ്കിൽ അതു ചോദിച്ചറിയുകയുമാവാം. ഇപ്പോൾ അറബിയിലും ഇംഗ്ലീഷിലും സംസാരിക്കുന്ന റോബോ കോപ്പ് വൈകാതെ സ്പാനിഷും റഷ്യനും ൈചനീസും ഫ്രഞ്ചുമെല്ലാം പഠിക്കും.
ഘടിപ്പിച്ചിരിക്കുന്ന കാമറ മുഖേന ചുറ്റുവട്ടത്തെ വിവരങ്ങളെല്ലാം പൊലീസ് കൺട്രോൾ റൂമിലെത്തിക്കുകയും ചെയ്യും. മനുഷ്യരെപ്പോലെ ക്ഷീണം ബാധിക്കില്ല എന്നതിനാൽ വർഷത്തിൽ എല്ലാ ദിവസവും 24 മണിക്കൂറും സേവനമുണ്ടാകും. മണിക്കൂറിൽ 80 കിലോ മീറ്റർ വേഗത്തിൽ ഒാടാൻ ശേഷിയുള്ള അടുത്ത ബാച്ച് യന്ത്രപ്പോലീസുകാർ ഒരുക്കത്തിലാണ്. 2030 ആകുേമ്പാഴേക്കും പൊലീസ് സേനയുടെ 25 ശതമാനവും റോബോ കോപ്പുകളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.