ഐ.പി.എൽ ആവേശത്തിലേക്ക് യു.എ.ഇ; ടിക്കറ്റ് ബുക്കിങ് തുടങ്ങി
text_fieldsദുബൈ: കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിെൻറ ടിക്കറ്റ് ബുക്കിങ് തുടങ്ങി. കാണികളെ കയറ്റാൻ സന്നന്ധമാണെന്ന് ബി.സി.സി.ഐ അറിയിച്ചതോടെയാണ് വ്യാഴാഴ്ച മുതൽ ബുക്കിങ് തുടങ്ങിയത്. ഇതോടെ ക്രിക്കറ്റ് ആവേശത്തിലേക്ക് ഒരുപടികൂടി അടുത്തിരിക്കുകയാണ് ഇമാറാത്ത്. ഞായറാഴ്ച ദുബൈ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
കഴിഞ്ഞ സീസണിൽ കളികാണാൻ കഴിയാത്തതിെൻറ സങ്കടം തീർക്കാനുള്ള അവസരമാണ് യു.എ.ഇയിലെ കാണികൾക്ക് ലഭിക്കുന്നത്.
2014ൽ യു.എ.ഇയിൽ നടന്ന ഐ.പി.എൽ നിറഗാലറിയാണ് ഏറ്റെടുത്തത്. കഴിഞ്ഞ സീസണിൽ കാണികളെ കയറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. സ്റ്റേഡിയത്തിന് പുറത്ത് നിന്ന് മൊബൈലിൽ കളി കാണേണ്ട അവസ്ഥയിലായിരുന്നു യു.എ.ഇക്കാർ. ഫൈനൽ ഉൾപെടെ 31 മത്സരമാണ് ഇനി ബാക്കിയുള്ളത്. ടൂർണമെൻറിെൻറ ആദ്യ പകുതി കഴിഞ്ഞതിനാൽ ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമാണ്. അതിനാൽ കാത്തിരിക്കുന്നത് തീപാറും പോരാട്ടങ്ങളുടെ ദിനങ്ങളാണ്.
ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയം, അബൂദബി ശൈഖ് സായിദ് സ്റ്റേഡിയം, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ഒക്ടോബർ 17 മുതൽ യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ട്വൻറി 20 ലോകകപ്പിലും കാണികളെ കയറ്റാൻ സാധ്യതയുണ്ട്. www.iplt20.com, PlatinumList.net എന്നീ വെബ്സൈറ്റുകൾ വഴിയാണ് ടിക്കറ്റ് ബുക്കിങ് നടക്കുന്നത്. രണ്ടാഴ്ച മുൻപ് ദുബൈയിൽ നടന്ന യു.എ.ഇ-ലബനൻ ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ 60 ശതമാനം കാണികളെ പ്രവേശിപ്പിച്ചിരുന്നു.
യു.എ.ഇ ജനസംഖ്യയുടെ 90 ശതമാനവും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തുകഴിഞ്ഞു. 80 ശതമാനവും രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. ഇതാണ് കാണികളെ അനുവദിക്കാൻ ബി.സി.സി.ഐക്ക് ആത്മവിശ്വാസം പകരുന്നത്. കോവിഡ് തുടങ്ങിയ ശേഷം ആദ്യമായാണ് ഐ.പി.എല്ലിന് ഗാലറി തുറക്കുന്നത്. യു.എ.ഇയിൽ നടന്ന കഴിഞ്ഞ സീസണിൽ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല.
ഈ സീസൺ ഇന്ത്യയിൽ തുടങ്ങിയപ്പോഴും കാണികളെ അനുവദിച്ചിരുന്നില്ല. എന്നാൽ, ടീം അംഗങ്ങളിൽ ചിലർക്ക് കോവിഡ് ബാധിച്ചതോടെ ടൂർണമെൻറ് നിർത്തിവെക്കാൻ ബി.സി.സി.െഎ നിർബന്ധിതരായി. യു.എ.ഇയിൽ നടത്തിയാൽ കളിക്കാൻ സന്നദ്ധമാണെന്ന് ഓസീസ് താരങ്ങൾ ഉൾപെടെയുള്ളവർ അറിയിച്ചിരുന്നു. ഇതോടെയാണ് ക്രിക്കറ്റ് ബോർഡ് യു.എ.ഇയെ തേടിയെത്തിയത്. സുരക്ഷയും ഒരുക്കാൻ സന്നദ്ധമാണെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കാണികളെ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്ത് ടീമുകൾ ഇന്നലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
ഇംഗ്ലണ്ട് പര്യടനത്ത് ശേഷം നേരെ യു.എ.ഇയിൽ എത്തിയ ഇന്ത്യൻ താരങ്ങൾ ക്വാറൻറീനിലാണ്. നാളെ മുതൽ അവരും പരിശീലനം തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.