യു.എ.ഇ പ്രസിഡന്റ് പുടിനുമായി ചർച്ച നടത്തി
text_fieldsദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തി. യുക്രെയ്നിലെ പ്രതിസന്ധിക്ക് ചർച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണുന്നതിനും മേഖലയിൽ സമാധാനം ഉറപ്പുവരുത്തുന്നതിനും യു.എ.ഇയുടെ തത്ത്വാധിഷ്ഠിത നിലപാട് അദ്ദേഹം ചർച്ചയിൽ ആവർത്തിച്ചു.
പ്രാദേശികവും അന്താരാഷ്ട്രീയവുമായ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനായി ലോകരാജ്യങ്ങൾ തമ്മിൽ ഊഷ്മള ബന്ധം കെട്ടിപ്പടുക്കുന്നതിനും മികച്ച സഹകരണം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായിരുന്നു യു.എ.ഇ പ്രസിഡന്റിന്റെ റഷ്യൻ സന്ദർശനം.
സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന കൂടിക്കാഴ്ചയിൽ വാണിജ്യ-വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന വിഷയങ്ങളും ചർച്ചചെയ്തു. പ്രാദേശികവും അന്താരാഷ്ട്രീയവുമായ സുരക്ഷക്കും സമാധാനത്തിനും പിന്തുണ നൽകുന്ന ചർച്ചകളുടെയും ആശയവിനിമയത്തിന്റെയും പ്രാധാന്യം അദ്ദേഹം കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള തടവുകാരുടെ കൈമാറ്റ നീക്കങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിന്റെയും മാനുഷികമായ സംഘർഷങ്ങളും പ്രയാസങ്ങളും ലഘൂകരിക്കാനുള്ള ഉദ്യമങ്ങൾ വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ആവർത്തിച്ചു. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.