റമദാൻ: യു.എ.ഇയിൽ 2800ഓളം തടവുകാർക്ക് മോചനം
text_fieldsദുബൈ: യു.എ.ഇയിൽ റമദാന് മുന്നോടിയായി വിവിധ എമിറേറ്റുകളിലായി 2800ഓളം തടവുകാർക്ക് മോചനം നൽകാൻ ഉത്തരവ്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 1025 തടവുകാരെ മോചിപ്പിക്കാൻ നിർദേശം നൽകിയതിന് പിന്നാലെ മറ്റ് എമിറേറ്റുകളിലും മോചന ഉത്തരവിറങ്ങി.
ദുബൈയിൽ 971 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിട്ടു. ദുബൈയിലെ ജയിലുകളിൽ കഴിയുന്ന വിവിധ രാജ്യക്കാരായ തടവുകാർക്കാണ് മോചനം ലഭിക്കുക. ഷാർജയിൽ 399 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.
റാസൽഖൈമയിൽ 338 തടവുകാർക്കാണ് മോചനം. ഇത് സംബന്ധിച്ച് സുപ്രീം കൗൺസിൽ അംഗവും റാക് ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖ്ർ അൽ ഖാസിമി ഉത്തരവിട്ടു. ഫുജൈറയിൽ 151 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി നിർദേശം നൽകി.
തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ റാശിദ് ആൽ മുഅല്ല നിർദേശം നൽകിയെങ്കിലും എത്ര പേരെയാണെന്ന് പുറത്തുവിട്ടിട്ടില്ല.
തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തോടൊപ്പം ചേരാനും തെറ്റുകളിൽ നിന്ന് തിരിച്ചുവരാനുമുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മോചനം നൽകുന്നത്. എല്ലാ റമദാനിലും യു.എ.ഇ ഭരണാധികാരികൾ ഇത്തരത്തിൽ തടവുകാരെ മോചിപ്പിക്കാറുണ്ട്. പുനരാലോചനക്ക് അവസരം നൽകാനും കുടുംബത്തിന് ആശ്വാസം പകരാനും ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.