യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു
text_fieldsദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചക്കുശേഷം പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 73 വയസ്സായിരുന്നു. ആധുനിക യു.എ.ഇയെ രൂപപ്പെടുത്തുന്നതിന് നേതൃത്വം നൽകിയ ശൈഖ് ഖലീഫ, സായുധസേനയുടെ പരമോന്നത കമാൻഡറും സുപ്രീം പെട്രോളിയം കൗൺസിലിന്‍റെ ചെയർമാനുമായിരുന്നു.
രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിഡന്‍റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്‍റെ മരണത്തെ തുടർന്നാണ് 2004 നവംബർ രണ്ടിന് അബൂദബി ഭരണാധികാരിയായും അടുത്തദിവസം യു.എ.ഇ പ്രസിഡന്‍റായും ചുമതലയേറ്റത്. സഹിഷ്ണുത അടിസ്ഥാനമാക്കിയ രാജ്യത്തിന്‍റെ നയം രൂപപ്പെടുത്തുന്നതിലും സൈനിക നിലപാടുകൾ കൃത്യപ്പെടുത്തുന്നതിലും വലിയ സംഭാവനകൾ അർപ്പിച്ചു. പ്രവാസികൾക്ക് ഉപകാരപ്രദമായ നിരവധി നിയമനിർമാണങ്ങളും പാർലമെന്‍റിൽ വനിതകൾക്ക് 50 ശതമാനം പ്രാതിനിധ്യവും നൽകിയതടക്കം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട സ്ത്രീശാക്തീകരണ നയങ്ങളും നടപ്പാക്കി.
പിതാവ് ശൈഖ് സായിദിന്‍റെ ഔദ്യോഗിക ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും ശൈഖ് ഖലീഫ കൂടെയുണ്ടായിരുന്നു. അബൂദബി ഭരണാധികാരിയുടെ കിഴക്കൻ മേഖലയിലെ പ്രതിനിധിയും റൂളേഴ്‌സ് കോർട്‌സ് ചെയർമാനുമായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ശൈഖ് സായിദ് ആരോഗ്യപ്രശ്‌നങ്ങൾ അഭിമുഖീകരിച്ചപ്പോൾ 1990 അവസാനം മുതൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമെന്ന നിലയിൽ പ്രസിഡന്‍റിന്‍റെ ചില ചുമതലകളും നിർവഹിച്ചിരുന്നു.
1948 സെപ്റ്റംബർ ഏഴിന് അബൂദബി എമിറേറ്റിലെ അൽഐനിൽ ശൈഖ് സായിദിന്‍റെ മൂത്ത മകനായാണ് ജനനം. ശൈഖ ഹസ്സയാണ് മാതാവ്. അൽഐൻ നഗരത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.മരണത്തിൽ അനുശോചിച്ച് വെള്ളിയാഴ്ച മുതൽ യു.എ.ഇയിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി 40 ദിവസത്തെ ദേശീയ ദുഃഖാചരണം നടത്തും. എല്ലാ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഫെഡറൽ, പ്രാദേശിക, സ്വകാര്യ സ്ഥാപനങ്ങളിലും മൂന്നുദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.
മരണത്തിൽ വിവിധ രാഷ്ട്രനേതാക്കളും ഭരണാധികാരികളും അനുശോചനം രേഖപ്പെടുത്തി. ശൈഖ് ഖലീഫയോടുള്ള ആദരസൂചകമായി ശനിയാഴ്ച ഇന്ത്യയിൽ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.