ഇന്ത്യൻ കമ്പനികൾക്ക് സൗകര്യമൊരുക്കാൻ യു.എ.ഇ തയാർ
text_fieldsദുബൈ: മഹാമാരിയുടെ കാലത്ത് ആരോഗ്യമേഖലയിൽ കൂടുതൽ സഹകരണം ഉറപ്പാക്കി ഇന്ത്യ-യു.എ.ഇ ഹെൽത്ത്കെയർ കോൺഫറൻസ്. ഇരുരാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരും ആരോഗ്യരംഗത്തെ പ്രമുഖരും പങ്കെടുത്ത പരിപാടി വിർച്വൽ കോൺഫറൻസിൽ ആരോഗ്യ സംരക്ഷണം, ഔഷധം, മെഡിക്കൽ ഉപകരണം തുടങ്ങിയ മേഖലകളെ കുറിച്ച് വിപുലമായ ചർച്ചകൾ അരങ്ങേറി. യു.എ.ഇ ഇന്ത്യൻ എംബസി, ദുൈബ ഇന്ത്യൻ കോൺസുലേറ്റ്, എഫ്.ഐ.സി.സി.ഐ, ഇൻവസ്റ്റ് ഇൻ ഇന്ത്യ എന്നിവർ ചേർന്നാണ് കോൺഫറൻസ് ഒരുക്കിയത്.
ഇന്ത്യൻ കമ്പനികൾക്ക് വാക്സിൻ, മെഡിസിൻ നിർമാണത്തിന് സൗകര്യമൊരുക്കാൻ യു.എ.ഇ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് അംബാസഡർ പവൻ കപൂർ പറഞ്ഞു.ഹെൽത്ത് കെയർമാനുഫാക്ചറിങ് സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായമുൾപെടെ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്പനികൾക്ക് ജി.സി.സയിൽ നിക്ഷേപം നടത്താൻ പറ്റിയ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-യു.എ.ഇ സഹകരണം ചരിത്രപരമാണെന്നും ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്ന രീതിയിൽ ഉന്നതനിലവാരത്തിലുള്ള സേവനം ആരോഗ്യരംഗത്ത് നൽകാൻ കഴിയുമെന്നും ഡി.എച്ച്.എ ഡയറക്ടർ ജനറൽ ജനറൽ ഹുമൈദ് അൽ ഖതമി പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ആരോഗ്യമേഖലയിൽ ഉപയോഗപ്പെടുത്താത്ത സാധ്യതകളുണ്ടെന്നും കോവിഡ് കാലം കൂടുതൽ അവസരങ്ങൾ തുറന്നതായും ഇന്ത്യയിെല യു.എ.ഇ അംബാസഡർ ഡോ. അഹ്മദ് അൽ ബന്ന വ്യക്തമാക്കി.
യു.എ.ഇയിലെ സ്ഥാപനങ്ങൾക്ക് ഇന്ത്യയിലെ ആരോഗ്യമേഖലയിൽ നിക്ഷേപ അവസരങ്ങളൊരുക്കണമെന്നും അത് രാജ്യത്തെ ആരോഗ്യമേഖലയിലാകെ സമൂല മാറ്റത്തിനിടയാക്കുമെന്നും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു.
വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും എം.ഡിയുമായ ഡോ. ഷംഷീർ വയലിൽ, ടാറ്റ മെഡിക്കൽ സി.ഇ.ഒയും ഡയറക്ടറുമായ ഗിരീഷ് കൃഷ്ണമൂർത്തി, തുംബൈ ഗ്രൂപ്പ് പ്രതിനിധി ഡോ. അക്ബർ മൊയ്തീൻ, എഫ്.ഐ.സി.സി.ഐ പ്രസിഡൻഡ് ഡോ. സംഗീത റെഡ്ഢി, ഷാർജ ഹെൽത്ത് അതോറിറ്റി ചെയർമാൻ അബ്ദുല്ല അലി അൽ മഹ്യാൻ, യു.എ.ഇ ആരോഗ്യമന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അമിൻ ഹുസൈൻ അൽ അമീരി, നാഷനൽ ഹെൽത്ത് അതോറിറ്റി സി.ഇ.ഒ ഡോ. പ്രവീൺ ഗദം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.