നിയാദിയെ വരവേൽക്കാനൊരുങ്ങി യു.എ.ഇ
text_fieldsദുബൈ: ആറു മാസം നീണ്ടുനിന്ന ബഹിരാകാശ ദൗത്യം പൂർത്തീകരിച്ച് ഭൂമിയിലേക്ക് മടങ്ങുന്ന സുൽത്താൻ അൽ നിയാദിക്ക് ഗംഭീര സ്വീകരണം നൽകാനുള്ള തയാറെടുപ്പിലാണ് യു.എ.ഇ അധികാരികൾ. ഈ മാസം അവസാനത്തോടെ നിയാദിയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങുമെന്നാണ് പ്രതീക്ഷ. എന്നാൽ, കാലാവസ്ഥയെ ആശ്രയിച്ചായിരിക്കും കൃത്യസമയം നിശ്ചയിക്കാനാവുക. ഭരണകർത്താക്കളുമായുള്ള കൂടിക്കാഴ്ച, ആഘോഷം, റോഡ്ഷോ എന്നിവ ഉൾപ്പെടെ നിയാദിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സലിം അൽ മർറി പറഞ്ഞു. ‘ആഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബർ ആദ്യവാരത്തിലോ നിയാദിയുടെ മടക്കം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന് വീരോചിതമായ വരവേൽപ് നൽകാനാണ് തീരുമാനം’- അൽ മർറി പറഞ്ഞു.
ഭൂമിയിൽ തിരിച്ചെത്തിയ ആദ്യ ദിനങ്ങളിൽ ഫിസിയോതെറപ്പി, രക്തപരിശോധന തുടങ്ങിയ ആരോഗ്യ പരിചരണത്തിനാണ് അദ്ദേഹത്തെ പങ്കെടുപ്പിക്കുക. കൂടാതെ മറ്റനേകം ശാസ്ത്രപരമായ മറ്റ് പ്രവൃത്തികളും ഈ ദിവസങ്ങളിൽ പൂർത്തീകരിക്കാനുണ്ട്. യു.എസിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം ആഘോഷ പരിപാടികളിലും കൂടിക്കാഴ്ചകളിലും മറ്റും പങ്കെടുക്കുമെന്നും അൽ മർറി പറഞ്ഞു.
42കാരനായ നിയാദി ഇക്കഴിഞ്ഞ മാർച്ചിലാണ് ദീർഘകാല പര്യവേക്ഷണത്തിനായി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് പോകുന്നത്. ആറു മാസത്തിനിടെ 200ൽ അധികം ശാസ്ത്രീയമായ അന്വേഷണങ്ങൾ പൂർത്തീകരിച്ച നിയാദി ബഹിരാകാശ നടത്തം പൂർത്തീകരിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയെന്ന നേട്ടവും കൈവരിച്ചിരുന്നു. 2019ൽ ഹസ്സാ അൽ മൻസൂരിയാണ് ആദ്യമായി അറബ് ലോകത്തുനിന്ന് ബഹിരാകാശ ദൗത്യം പൂർത്തീകരിക്കുന്നത്. എട്ടു ദിവസത്തെ ദൗത്യത്തിന് ശേഷം തിരിച്ചെത്തിയ അദ്ദേഹത്തെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് സ്വീകരിച്ചത്. നിയാദിയുടെ യാത്രയോടെ യു.എ.ഇയിൽനിന്ന് നൂറ അൽ മത്രൂഷി, മുഹമ്മദ് അൽ മുല്ല എന്നിവരെപ്പോലെ കൂടുതൽ പേർ ബഹിരാകാശ ഗവേഷണ രംഗത്തേക്ക് കടന്നുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.