എണ്ണ ഇതര വരുമാനത്തിൽ നേട്ടം കൊയ്ത് യു.എ.ഇ
text_fieldsദുബൈ: എണ്ണയില്ലെങ്കിൽ ഗൾഫില്ലെന്നു പറഞ്ഞവർക്കുമുന്നിൽ എണ്ണയിതര വരുമാനം കുത്തനെ ഉയർത്തി യു.എ.ഇ. പത്തുവർഷത്തിനിടെ 4.4 ട്രില്യൺ ഡോളറിന്റെ എണ്ണ ഇതര വ്യാപാരമാണ് നടന്നതെന്ന് വിദേശ വ്യാപാര സഹമന്ത്രി താനി അൽ സെയൂദി പറഞ്ഞു. കോവിഡിന് മുമ്പുള്ള കാലത്തെ സ്ഥിതിയിലേക്ക് വ്യാപാര മേഖല എത്തിയതായും മന്ത്രി പറഞ്ഞു.
2012 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ യു.എ.ഇയിലെ എണ്ണ ഇതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 12 ശതമാനം വളർച്ചയാണുണ്ടായത്. ഈ കാലത്തിനിടെ 2.1 ട്രില്യൺ ദിർഹമിന്റെ കയറ്റുമതി നടന്നു.
ഇറക്കുമതി 2.5 ശതമാനമാണ് വർധിച്ചത്. 9.5 ട്രില്യൺ ദിർഹമിന്റെ ഇറക്കുമതി നടന്നു. പുനർ കയറ്റുമതി 4.9 ശതമാനം വർധിച്ച് 4.5 ട്രില്യൺ ദിർഹമിലെത്തി. ആകെ വിദേശ വ്യാപാരത്തിൽ എണ്ണ ഇതര വ്യാപാരം 19 ശതമാനമായി ഉയർന്നു. 2012ൽ ഇത് 12 ശതമാനമായിരുന്നു.
കോവിഡിന് ശേഷം എണ്ണയിതര വരുമാനം കുതിച്ചുയർന്ന മാസമായിരുന്നു 2021. 2019നെ അപേക്ഷിച്ച് 11 ശതമാനമാണ് കഴിഞ്ഞ വർഷം വർധിച്ചത്. മഹാമാരി എത്തിയതിനു പിന്നാലെ യു.എ.ഇ സ്വീകരിച്ച വ്യാപാര നയമാണ് ഈ വളർച്ചക്ക് കാരണം. കഴിഞ്ഞമാസം ഇന്ത്യയുമായി സമഗ്ര സാമ്പത്തിക കരാർ ഒപ്പുവെച്ചിരുന്നു.
ഇതുവഴി എണ്ണ ഇതര വ്യാപാരത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാട് അടുത്ത അഞ്ചുവർഷം കൊണ്ട് 100 ശതകോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. നിലവിൽ 60 ശതകോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. ദക്ഷിണ കൊറിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി സമാനമായ കരാർ ചർച്ച ചെയ്യുന്നുണ്ട്. ഹംഗറിയുമായി അഞ്ചു കരാറും ഒപ്പുവെച്ചു. എണ്ണ ഇതര ഇടപാടിൽ ഏറ്റവും കൂടുതൽ നടക്കുന്നത് സൗദിയുമായാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.