രക്ഷാപ്രവർത്തനം തുടരുന്നു; സുഡാനിൽ നിന്ന് 180 പേർ കൂടി ദുബൈയിലെത്തി
text_fieldsദുബൈ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ യു.എ.ഇ നടത്തുന്ന രക്ഷാപ്രവർത്തനം തുടരുന്നു. വെള്ളിയാഴ്ച വിവിധ രാജ്യങ്ങളിൽ നിന്നുള്ള 180 പേരെ കൂടി യു.എ.ഇ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവർ ഉൾപ്പെട്ട 180 അംഗ സംഘവുമായി വിമാനം ദുബൈയിലെത്തിയത്. സുഡാനിൽ സംഘർഷം ആരംഭിച്ച ശേഷം രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി യു.എ.ഇ അയച്ച 10ാമത്തെ വിമാനമാണ് കഴിഞ്ഞ ദിവസം ദുബൈയിലെത്തിയത്. പോർട്ട് സുഡാനിൽ അഭയം തേടിയ വിവിധ രാജ്യങ്ങളിലെ പൗരന്മാരെയാണ് നിലവിൽ രക്ഷാപ്രവർത്തനത്തിലൂടെ ദുബൈയിലെത്തിക്കുന്നത്.
ഇവർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് പോകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതു വരെയുള്ള മുഴുവൻ സഹായങ്ങളും യു.എ.ഇ നൽകിവരുന്നുണ്ട്. ഏപ്രിൽ 29 മുതൽ ഇതുവരെ ഇന്ത്യ ഉൾപ്പെടെ 26 രാജ്യങ്ങളിൽ നിന്നുള്ള 997 പൗരന്മാരെയാണ് വിമാന മാർഗം രക്ഷപ്പെടുത്തിയതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാനുഷിക ഇടനാഴി സൃഷ്ടിച്ച് ഒഴിപ്പിക്കൽ നടപടിക്കൊപ്പം സുഡാൻ ജനതക്ക് ആവശ്യമായ മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾപ്പെടെ ടൺ കണക്കിന് ചരക്കുകളും യു.എ.ഇ കയറ്റി അയക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.