സുഡാനിൽനിന്ന് വിവിധ രാജ്യക്കാരെ രക്ഷിച്ച് യു.എ.ഇ
text_fieldsദുബൈ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് പൗരന്മാരെയും വിവിധ രാജ്യക്കാരെയും യു.എ.ഇ രക്ഷിച്ചു. കിഴക്കൻ സുഡാനിലെ തുറമുഖം വഴിയാണ് കുടുങ്ങിക്കിടന്നവരെ രക്ഷിച്ചത്. പൗരന്മാർക്കുപുറമെ 19 വ്യത്യസ്ത രാജ്യക്കാരായ ദുർബല വിഭാഗങ്ങൾക്കാണ് രക്ഷാപ്രവർത്തനത്തിൽ മുൻഗണന നൽകിയത്. രക്ഷപ്പെടുത്തിയവരെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കാനുള്ള സംവിധാനം അധികൃതർ ഒരുക്കും. അതുവരെ ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. കുടിയൊഴിപ്പിക്കലിൽ ഏറ്റവും ദുർബലരായ വിഭാഗങ്ങളായ രോഗികൾ, കുട്ടികൾ, പ്രായമായവർ, സ്ത്രീകൾ എന്നിവർക്കാണ് മുൻഗണന നൽകിയത്.
മാനുഷിക സഹകരണത്തിന്റെയും ആഗോള ഐക്യദാർഢ്യത്തിന്റെയും കാഴ്ചപ്പാടിലൂന്നിയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സുഡാനീസ് ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വിവിധ പങ്കാളികളുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം യു.എ.ഇ പൗരന്മാരായ ഏതാനും പേരെ സൗദി സംഘം രക്ഷപ്പെടുത്തിയിരുന്നു. വിവിധ രാജ്യങ്ങളിലെ പൗരന്മാരെ രക്ഷപ്പെടുത്താൻ മുൻകൈയെടുത്ത സൗദി അറേബ്യക്ക് യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.