സൗദി കിരീടാവകാശിയെ അഭിനന്ദിച്ച് യു.എ.ഇ ഭരണാധികാരികൾ
text_fieldsദുബൈ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച അഭിപ്രായങ്ങളെ അഭിനന്ദിച്ച് യു.എ.ഇ ഭരണാധികാരികൾ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ സമൂഹമാധ്യമങ്ങളിലൂടെയാണ് കിരീടാവകാശിയുടെ അഭിപ്രായങ്ങൾ പ്രതീക്ഷാനിർഭരമാണെന്ന് പങ്കുവെച്ചത്. സീദിയുടെ നേട്ടങ്ങളുടെ സാക്ഷ്യപത്രമാണ് അഭിമുഖത്തിൽ വെളിപ്പെടുത്തിയതെന്നും ഇരു രാജ്യങ്ങളും വരും തലമുറയെ ശാക്തീകരിക്കാൻ ഒരുമിച്ചുനിൽക്കുമെന്നും പ്രസിഡന്റ് കുറിച്ചു.അമേരിക്കൻ ചാനൽ സംപ്രേഷണംചെയ്ത അഭിമുഖം ശ്രദ്ധിച്ചതായി പറഞ്ഞ ശൈഖ് മുഹമ്മദ് ബിൻ റാശിദ്, സൗദിയുടെ വിജയത്തിൽ ശുഭാപ്തിയുണ്ടെന്നും കൂട്ടിച്ചേർത്തു. സഹോദരൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അഭിമുഖം സൗദിയുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്നതും അദ്ദേഹം സ്വീകരിച്ച നിലപാടുകളുടെ സുതാര്യത വ്യക്തമാക്കുന്നതുമാണ്.
ആ രാജ്യത്തെ കുറിച്ചും പ്രതീക്ഷ നിറഞ്ഞ നേതൃത്വത്തെ കുറിച്ചും ശുഭാപ്തിയാണുള്ളത്. പരസ്പരം സഹകരിക്കുന്ന രാജ്യങ്ങളുടെ പശ്ചിമേഷ്യ രൂപപ്പെടുന്നതിലും സാമ്പത്തിക സാംസ്കാരിക കേന്ദ്രമായി മാറുന്നതിലും വലിയ പ്രതീക്ഷയാണുള്ളത് -അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നായി മാറുമെന്നടക്കമുള്ള പ്രതീക്ഷയും വിവിധ ആഗോള വിഷയങ്ങളിൽ നിലപാടും അഭിമുഖത്തിൽ സൗദി കിരീടാവകാശി പങ്കുവെച്ചിരുന്നു. പശ്ചിമേഷ്യൻ മേഖലയും അതിലെ എല്ലാ രാജ്യങ്ങളും സുരക്ഷിതത്വവും സ്ഥിരതയും ആസ്വദിക്കുന്നതിനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അതുവഴി അവർക്ക് സാമ്പത്തികമായി വികസിക്കാനും മുന്നേറാനും കഴിയുമെന്നും അദ്ദേഹം പറയുന്നുണ്ട്.
ഫലസ്തീൻ ജനതയുടെ ദുരിതം അവസാനിപ്പിക്കാനായി അമേരിക്കയുൾെപ്പടെയുള്ളവരുമായി ചർച്ച ചെയ്യുകയാണെന്നും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള ചർച്ച ഓരോ ദിവസവും മുന്നോട്ടാണ് പോകുന്നതെന്നും അദ്ദേഹം പറയുന്നു. അഭിമുഖം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ആഗോള മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.