സിറിയയിലേക്ക് ഒന്നരലക്ഷം ഭക്ഷണപ്പൊതികൾ അയച്ച് യു.എ.ഇ
text_fieldsദുബൈ: ഭൂകമ്പത്തെതുടർന്ന് ദുരിതത്തിലായ സിറിയയിലെ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിന് യു.എ.ഇ 1,56,000 ഭക്ഷ്യ കിറ്റുകൾ അയച്ചു. 7.8 ലക്ഷം പേർക്ക് ഉപകാരപ്പെടുന്ന സഹായവസ്തുക്കളാണ് എമിറേറ്റ്സ് റെഡ് ക്രസന്റ് വഴി അയച്ചിട്ടുള്ളത്. ഫെബ്രുവരിയിൽ ഭൂകമ്പമുണ്ടായ സിറിയയെയും അയൽരാജ്യമായ തുർക്കിയയെയും സഹായിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം ജോയന്റ് ഓപറേഷൻസ് കമാൻഡ് ആരംഭിച്ച ഗാലന്റ് നൈറ്റ്-2 ഓപറേഷന്റെ ഭാഗമായാണ് ഭക്ഷ്യകിറ്റുകൾ നൽകുന്നത്.
വിമാനത്തിലും കപ്പലിലുമാണ് ഭക്ഷണപ്പൊതികൾ എത്തിക്കുകയെന്നും ലത്താകിയ, ഹമ, ഹോംസ്, അലപ്പോ, ടാർടസ് പ്രവിശ്യകളിലാണ് വിതരണം ചെയ്യുന്നതെന്നും എമിറേറ്റ്സ് റെഡ് ക്രസന്റ് അറിയിച്ചു. അഞ്ചുപേർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിട്ടുള്ളത്. ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ നൽകി സിറിയയുടെ അതിജീവനത്തെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് യു.എ.ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇേതതുടർന്ന് പലതവണകളായി സഹായം എത്തിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ തുർക്കിയയിലും സിറിയയിലും ഉണ്ടായ ഭൂകമ്പം ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും 50,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വീടുകൾ പൂർണമായും തകർന്ന നിരവധി പേരാണ് ഇപ്പോഴും താൽക്കാലിക അഭയകേന്ദ്രങ്ങളിൽ താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.