ഗസ്സ ആശുപത്രികൾക്ക് സഹായമെത്തിച്ച് യു.എ.ഇ
text_fieldsഅബൂദബി: ഫലസ്തീനിലെ ഗസ്സയിലേക്ക് യു.എ.ഇയുടെ സഹായഹസ്തം. ആരോഗ്യ പരിപാലനത്തിന് ആവശ്യമായ മരുന്നും മെഡിക്കൽ ഉപകരണങ്ങളുമാണ് രാഷ്ട്ര നേതൃത്വത്തിന്റെ നിർദേശമനുസരിച്ച് ഗസ്സയിൽ എത്തിച്ചത്. ആറ് ട്രക്കുകളിലായാണ് 85 ടൺ മരുന്നുകളും മെഡിക്കൽ സപ്ലൈകളും കയറ്റി അയച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജന്‍സി അറിയിച്ചു. ഗസ്സ മുനമ്പിലെ ആശുപത്രികളിലാണ് ഇത് വിതരണം ചെയ്യുക. ഒരു കോടി ഡോളർ വിലമതിക്കുന്ന വസ്തുക്കൾ ഈജിപ്തിലെ റഫ അതിർത്തി വഴിയാണ് ഗസ്സയിലെത്തിച്ചത്.
യു.എ.ഇയുടെ ജീവകാരുണ്യ സംരംഭമായ എമിറേറ്റ്സ് റെഡ് ക്രസന്റ് വഴിയാണ് പ്രയാസപ്പെടുന്ന ഫലസ്തീനിലെ ആരോഗ്യരംഗത്തെ സഹായിക്കുന്നതിന് സഹായം നൽകുന്നത്. ഉപരോധത്തിൽ കഴിയുന്ന ഗസ്സയിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ സഹായം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തൽ. വിവിധ ഘട്ടങ്ങളിൽ മുമ്പും ഫലസ്തീന് സഹായമെത്തിക്കാൻ യു.എ.ഇ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിന് നിരവധി ജീവകാരുണ്യ പ്രവർത്തനം ഇപ്പോഴും നടപ്പാക്കുന്നുണ്ട്. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനുള്ള യു.എ.ഇ മാനുഷിക, ദുരിതാശ്വാസ പരിപാടികളുടെ ഭാഗമായാണ് മെഡിക്കൽ സഹായമെത്തിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.