പൊലീസ് അക്കാദമിയിൽനിന്ന് 477 കാഡറ്റുകൾ ബിരുദം നേടി ശൈഖ് ഹംദാൻ പങ്കെടുത്തു
text_fieldsദുബൈ: എമിറേറ്റിന്റെ സുരക്ഷ ചുമതലകൾ വഹിക്കുന്നതിനായി 477കാഡറ്റുകൾ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബിരുദദാന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
958 മുൻ ബിരുദധാരികൾ പങ്കെടുത്ത സൈനിക പരേഡും പ്രകടനങ്ങളും ശൈഖ് ഹംദാൻ വീക്ഷിക്കുകയും മികച്ച പ്രകടനം കാഴ്ചവെച്ചവരെ ആദരിക്കുകയും ചെയ്തു. ന്യൂയോർക് പൊലീസ് അക്കാദമിയിൽനിന്ന് ബിരുദം നേടിയ രണ്ട് വനിത പൊലീസ് ഓഫിസർമാരെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ന്യൂയോർക് അക്കാദമിയിൽ യു.എസിന് പുറത്തുനിന്നെത്തി ബിരുദം നേടുന്ന ആദ്യ വനിതകളാണിവർ. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയും ചടങ്ങിൽ സംബന്ധിച്ചു.
സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിലും രാജ്യത്തിന് യോഗ്യതയുള്ള കേഡർമാരെ പ്രദാനം ചെയ്യുന്നതിലും ദുബൈ പൊലീസ് വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ചടങ്ങിൽ ദുബൈ പൊലീസ് അക്കാദമി ഡയറക്ടർ ബ്രിഗേഡിയർ ഡോ. മുഹമ്മദ് ബൂത്തി അൽ ശംസി പുതിയ ബിരുദധാരികൾക്ക് അഭിവാദ്യമർപ്പിച്ചു.
ശാസ്ത്രീയ അറിവും വൈദഗ്ധ്യവും കൊണ്ട് സജ്ജമായ പുതിയ തലമുറ രാജ്യത്തെ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും കഴിയുന്ന ഉയർന്ന യോഗ്യതയുള്ളവരാണെന്ന് അദ്ദേഹം വ്യക്തമാക്കി. മികച്ച നിയമപാലക ഉദ്യോഗസ്ഥരെ തയാറാക്കുന്നതിൽ അക്കാദമി വഹിക്കുന്ന പങ്കും അദ്ദേഹം വിശദീകരിച്ചു. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം അടക്കം പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.