പാരാലിമ്പിക്സിൽ യു.എ.ഇക്ക് സ്വർണത്തിളക്കം
text_fieldsദുബൈ: ജപ്പാനിലെ ടോക്യോവിൽ നടക്കുന്ന പാരാലിമ്പിക്സിൽ യു.എ.ഇക്ക് ആദ്യ സ്വർണം. ഷൂട്ടിങ്ങിൽ അബ്ദുല്ല സുൽതാൻ അൽ അര്യാനിയാണ് സ്വർണമെഡൽ നേടിയത്. ഇതോടെ പാരാലിമ്പിക്സിൽ യു.എ.ഇയുടെ മെഡൽ നേട്ടം രണ്ടായി. നേരത്തെ, 100 മീറ്റർ വീൽചെയർ റേസിൽ മുഹമ്മദ് അൽ ഹമ്മാദി വെങ്കലം നേടിയിരുന്നു.
തുടർച്ചയായ മൂന്നാം പാരാലിമ്പിക്സിലാണ് 51കാരനായ അര്യാനി മെഡൽവേട്ട നടത്തുന്നത്. 2012ൽ ലണ്ടനിൽ സ്വർണം നേടിയപ്പോൾ 2016ലെ റിയോ പാരാലിമ്പിക്സിൽ വെള്ളി നേടിയിരുന്നു. റിയോയിൽ 50 മീറ്റർ മിക്സഡ് റൈഫിൾസിലും വെള്ളി നേടി.
അസാക ഷൂട്ടിങ് റേഞ്ചിൽ നടന്ന പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾസിൽ 453.6 പോയൻറ് നേടിയാണ് അദ്ദേഹം സ്വർണത്തിലേക്ക് കാഞ്ചിവലിച്ചത്. 0.7 പോയൻറിെൻറ വ്യത്യാസത്തിൽ നിലവിലെ ചാമ്പ്യൻ സെർബിയയുടെ ലാസ്ലോ സുരഞ്ജി വെള്ളി നേടി. ദക്ഷിണ കൊറിയയുടെ ഷിം യൂങിപിനാണ് വെങ്കലം.
2015ന് ശേഷം ഷൂട്ടിങ്ങിലെ മൂന്ന് വിഭാഗത്തിലും ലോക റെക്കോഡ് സ്ഥാപിച്ച താരമാണ് അൽ അര്യാനി. കോവിഡിന് മുമ്പ് ഓരോ വർഷവും വിവിധ ചാമ്പ്യൻഷിപ്പുകളിലായി അഞ്ച് മെഡലിൽ കൂടുതൽ നേടിയിരുന്നു. രാജ്യത്തിനായി സ്വർണം നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'ദൃഢനിശ്ചയവും സ്ഥിരോത്സാഹവും' എന്ന മുദ്രാവാക്യവുമായാണ് യു.എ.ഇയുടെ 12 അംഗ സംഘം ടോക്യോവിൽ മത്സരിക്കുന്നത്. അത്ലറ്റിക്സ്, ഷൂട്ടിങ്, പവർലിഫ്റ്റിങ്, വീൽചെയർ, സൈക്ലിങ് എന്നിങ്ങനെ വിഭാഗങ്ങളിലാണ് രാജ്യം മാറ്റുരക്കുന്നത്. അബ്ദുല്ല സുൽത്താൻ അൽ അര്യാനി, മുഹമ്മദ് അൽ ഹമ്മാദി, പവർലിഫ്റ്റർ മുഹമ്മദ് ഖാമിസ് ഖലഫ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്. റിയോയിൽ വെള്ളി മെഡൽ നേടിയ നൂറ അൽ കത്ബിയും വെങ്കലം നേടിയ സാറ അൽ സിനാനിയും ടോക്യോവിൽ മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.