ഗസ്സയിലേക്കു പുറപ്പെട്ട യു.എ.ഇ കപ്പൽ ഈജിപ്തിലെത്തി
text_fieldsദുബൈ: ഗസ്സയിലെ ജനതക്ക് ആശ്വാസംപകരാൻ ഭക്ഷ്യധാന്യം ഉൾപ്പെടെ ജീവകാരുണ്യ ഉൽപന്നങ്ങളുമായി ഫുജൈറയിൽനിന്നു പുറപ്പെട്ട കപ്പൽ ഈജിപ്തിലെ അൽ അരിഷ് നഗരത്തിൽ നങ്കൂരമിട്ടു. മൊത്തം 4016 ടൺ ഉൽപന്നങ്ങളാണ് കപ്പലിലുള്ളത്.
രണ്ടര മാസത്തോളമായി തുടരുന്ന യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ഗസ്സ നിവാസികൾക്ക് കൂടുതൽ സഹായം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗംകൂടിയാണിത്. 420 ടൺ താൽക്കാലിക പാർപ്പിടസൗകര്യങ്ങളും 131 ടൺ വൈദ്യസഹായവും കൈമാറിയത് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷനാണ്.
സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബ്ൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും ഇതിൽ കൈകോർത്തു. റഫ അതിർത്തി മുഖേന ഉൽപന്നങ്ങൾ എത്രയും വേഗം ഗസ്സയിൽ എത്തിക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. ഗാലന്റ് നൈറ്റ് 3 എന്ന പേരിൽ ഗസ്സക്ക് സാന്ത്വനം പകരാൻ വിപുലമായ ജീവകാരുണ്യ പദ്ധതികൾക്കാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നേരത്തേ ഉത്തരവിട്ടത്.
കുടിവെള്ള വിതരണം ഉൾപ്പെടെ നിരവധി പദ്ധതികളും ഇതിന്റെ ഭാഗമായി യു.എ.ഇ ഗസ്സയിൽ നടപ്പാക്കിവരുകയാണ്. ഈ മാസം മാത്രം ഏതാണ്ട് എണ്ണായിരത്തോളം ടൺ ജീവകാരുണ്യ ഉൽപന്നങ്ങളാണ് യു.എ.ഇ മുൻകൈയെടുത്ത് ഗസ്സയിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.