മുഖം സ്കാന്‍ചെയ്ത് സാധനങ്ങള്‍ വാങ്ങാം
text_fieldsഅബൂദബി: മുഖം സ്കാന്‍ ചെയ്ത് സാധനങ്ങള്‍ വാങ്ങണോ? നവ്യാനുഭവത്തിന് അബൂദബിയില്‍ വേദിയൊരുങ്ങിക്കഴിഞ്ഞു. നിര്‍മിതബുദ്ധി സാങ്കേതിക വിദ്യയുമായും ക്ലൗഡ് സംവിധാനവുമായും സംഗമിപ്പിച്ച് ആസ്ട്രാ ടെക് എന്ന കമ്പനിയാണ് റീം ഐലന്‍ഡിലെ സ്കൈ ടവറിലെ ബി സ്റ്റോറില്‍ ഇത്തരമൊരു സൗകര്യമൊരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് തങ്ങളുടെ മുഖം സ്കാന്‍ ചെയ്ത് ജ്യൂസോ കാപ്പിയോ ബ്രഡോ മിഠായികളോ കടികളോ ഒക്കെ വാങ്ങാം.
മുഖം സ്കാന്‍ ചെയ്താണ് പണമടക്കുന്നതെന്ന് മാത്രം. ഭാവിയിലെ ചെറുകിട കച്ചവടത്തെയാണ് ബി സ്റ്റോർ പ്രതിനിധീകരിക്കുന്നതെന്ന് ആസ്ട്രാ ടെക്കിലെ ഇ- കോമേഴ്സ് ഡയറക്ടര്‍ വലേരിയ തോര്‍സ് ചൂണ്ടിക്കാട്ടി. ബി സ്റ്റോറില്‍ എത്തുന്നവര്‍ക്ക് ഭാവിയിലെ ചെറുകിട കച്ചവടത്തിന്റെ രീതി മനസ്സിലാക്കാനാവും. ഉപയോക്താക്കളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ലളിതവത്കരിക്കുന്നതിൽ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ബി സ്റ്റോറില്‍ നിങ്ങളുടെ മുഖമാണ് നിങ്ങളുടെ പഴ്സ് എന്നും അവര്‍ വ്യക്തമാക്കി.
ബിഎസ്റ്റോറിലെത്തുന്ന ഉപയോക്താക്കള്‍ക്ക് ആദ്യമൊരു ഡിസ്പ്ലേ സ്ക്രീന്‍ കാണാനാവും. സ്ക്രീനില്‍ തൊടുകയോ അല്ലെങ്കില്‍ സ്കാന്‍ ചെയ്യുകയോ ചെയ്യണമാദ്യം. ബാങ്ക് കാര്‍ഡ് ടാപ് ചെയ്തോ അല്ലെങ്കില്‍ ഫേസ് പേ ഉപയോഗിച്ചോ പണമടക്കാം. ഫേസ് പേ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു രജിസ്റ്റര്‍ ചെയ്യണം. ഈ പ്രക്രിയ പൂര്‍ത്തിയായാല്‍ ബി സ്റ്റോറിന്റെ ഗേറ്റ് തുറക്കപ്പെടും. കടയ്ക്കുള്ളില്‍ ഇവര്‍ എടുക്കുന്ന വസ്തുക്കള്‍ അപ്പപ്പോള്‍ തന്നെ സെന്‍സറുകള്‍ തിരിച്ചറിയുകയും ഷോപ്പില്‍ നിന്നിറങ്ങുന്നതിന് മുമ്പായി ബില്ല് നല്‍കുകയുമാണ് ചെയ്യുക. 2021 സെപ്റ്റംബറില്‍ ദുബൈയില്‍ നിര്മിതിബുദ്ധിയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കെയര്‍ഫോര്‍ സിറ്റി പ്ലസ് തുറന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.