ഛിന്നഗ്രഹങ്ങളിലേക്ക് പര്യവേക്ഷണ വാഹനം വികസിപ്പിക്കും
text_fieldsദുബൈ: സൗരയൂഥത്തിന്റെ ഛിന്നഗ്രഹങ്ങളിലേക്ക് എത്താൻ യു.എ.ഇ പര്യവേക്ഷണ വാഹനമൊരുക്കുന്നു. 13 വർഷംകൊണ്ടാണ് സജ്ജമാക്കുക. മുഹമ്മദ് ബിൻ റാശിദ് എക്സ്പ്ലോറേഴ്സ് ലാൻഡർ എന്ന പേരിലാണ് ചൊവ്വ ഗ്രഹത്തിനും വ്യാഴത്തിനുമിടയിലെ ഛിന്നഗ്രഹങ്ങളിലേക്ക് പര്യവേക്ഷണം നടത്താൻ യു.എ.ഇ വാഹനം വികസിപ്പിക്കുന്നത്. ജസ്റ്റിഷ്യ എന്ന ഛിന്നഗ്രഹത്തിലായിരിക്കും ലാൻഡർ ഇറക്കുക. യു.എ.ഇ ദേശീയ സ്ഥാപനങ്ങളും ടെക്നോളജി ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടും സഹകരിക്കുന്ന കരാറിൽ ഒപ്പുവെച്ചതായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് അറിയിച്ചത്.
ആറു വർഷം സമയമെടുത്താണ് പര്യവേക്ഷണ പേടകം വികസിപ്പിക്കുക. ഇത് അഞ്ച് ശതകോടി കിലോമീറ്റർ യാത്ര ചെയ്ത് ഛിന്നഗ്രഹത്തിലെത്താൻ മറ്റൊരു ഏഴു വർഷം സമയമെടുക്കും. ബഹിരാകാശ പര്യവേക്ഷണ യാത്രയിൽ നാം ഒരു ഇമാറാത്തി മുദ്ര പതിപ്പിക്കുകയാണെന്നും നമ്മുടെ സ്വപ്നങ്ങളെ മാനവികതയുടെ പുരോഗതിക്ക് സംഭാവന ചെയ്യുന്ന നേട്ടങ്ങളാക്കി മാറ്റാനുള്ള ദൗത്യത്തിലാണെന്നും ശൈഖ് ഹംദാൻ എക്സിൽ കുറിച്ചു. യു.എ.ഇയിലെ ഭാവി തലമുറകൾക്ക് അസാധ്യമായത് നേടാനും പുതിയ ചക്രവാളങ്ങൾ പര്യവേക്ഷണംചെയ്യാനും ഇത് പ്രചോദനമാകുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.