യു.എ.ഇ ബഹിരാകാശ ദൗത്യം വലിയ മുന്നേറ്റം -സുനിത വില്യംസ്
text_fieldsദുബൈ: യു.എ.ഇ ബഹിരാകാശ ദൗത്യത്തിനായി വനിതയെ തിരഞ്ഞെടുത്തത് വലിയ മുന്നേറ്റമാണെന്ന് ‘നാസ’യുടെ പ്രമുഖ ബഹിരാകാശ യാത്രിക സുനിത വില്യംസ്. ഷാർജ പുസ്തകോത്സവ വേദിയിൽ സംസാരിക്കവെയാണ് ഇമാറാത്തി ബഹിരാകാശ ദൗത്യത്തെ അവർ പ്രകീർത്തിച്ചത്. ഏറ്റവും ദൈർഘ്യമേറിയ സമയം ബഹിരാകാശത്ത് നടന്നതടക്കം നിരവധി റെക്കോഡുകൾ സ്വന്തമാക്കിയ ഇന്ത്യൻ വംശജയാണ് ഇവർ.
നൂറ അൽ മത്റൂഷിയെ ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുത്തത് രാജ്യത്തെയും മേഖലയിലെയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വലിയ രീതിയിൽ പ്രചോദനമേകുന്നതാണ്. നൂറയെ പോലൊരാൾ ബഹിരാകാശത്ത് വലിയ നേട്ടങ്ങൾ കൈവരിക്കുമ്പോൾ ഓരോ പെൺകുട്ടിക്കും വലിയ നേട്ടങ്ങൾ സ്വപ്നം കാണാനാകും. സുൽത്താൻ അൽ നിയാദിയടക്കം യു.എ.ഇയുടെ എല്ലാ ബഹിരാകാശ യാത്രികരുമായുള്ള ബന്ധം അനുസ്മരിച്ച അവർ യു.എ.ഇയുടെ ഉദ്യമങ്ങൾ വലിയ പ്രതീക്ഷ നൽകുന്നതാണെന്നും പറഞ്ഞു.
2012ൽ അവസാനിച്ച രണ്ട് ബഹിരാകാശ പര്യവേക്ഷണങ്ങൾ വരെയുള്ള സ്വന്തം ജീവിതം വിവരിക്കുന്ന ‘സുനിത വില്യംസ്: എ സ്റ്റാർ ഇൻ സ്പേസ്’ പുസ്തകത്തെക്കുറിച്ച് സംസാരിക്കാനാണ് അവർ പുസ്തകമേളയിൽ എത്തിയത്.
മേളയിലെത്തിയ വിദ്യാർഥികളുമായി സംവദിക്കാൻ സമയം കണ്ടെത്തിയ അവർ ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ സഞ്ചരിക്കാൻ കഴിയണമെന്ന് നിർദേശിച്ചു. നല്ല ഡൈവറും ഒരു ഹെലികോപ്ടർ പൈലറ്റുമായിരുന്നപ്പോൾ താൻ ഒരു ബഹിരാകാശ സഞ്ചാരിയാകുമെന്ന് കരുതിയിരുന്നില്ലെന്നും സുനിത വ്യക്തമാക്കി. പുതിയ ബഹിരാകാശ പേടകം, വിക്ഷേപണ സംവിധാനം, ഹ്യൂമൻ ലാൻഡിങ് സിസ്റ്റം എന്നിവ പരിശോധിക്കുന്നതിലും വികസിപ്പിക്കുന്നതിലും സജീവമായി പങ്കാളിയാണിപ്പോഴെന്നും ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഭാവിക്ക് സംഭാവന നൽകുന്നതിൽ ആവേശത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളും മുതിർന്നവരുമടക്കം പങ്കെടുത്ത നിറഞ്ഞ സദസ്സിലാണ് പുസ്തകോത്സവ നഗരിയിൽ ഇവരുടെ സംവാദം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.