ഒളിമ്പിക്സ് ആവേശത്തിൽ യു.എ.ഇ താരങ്ങളും
text_fieldsദുബൈ: പാരിസ് നഗരത്തിന്റെ ഹൃദയധമനിയായ സെൻ നദിയിൽ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന്റെ ആവേശം നിറച്ച മാർച്ച് പാസ്റ്റിൽ ശ്രദ്ധേയമായി യു.എ.ഇ. ആയിരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റിൽ പരമ്പരാഗത ഇമാറാത്തി വസ്ത്രങ്ങളണിഞ്ഞാണ് രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുക്കുന്ന 14 കായിക താരങ്ങൾ അണിനിരന്നത്. രാജ്യത്തിന്റെ അഭിമാന താരങ്ങളായ ഇക്വസ്റ്റ്രിയൻ റൈഡർ ഉമർ അൽ മർസൂഖിയും സൈക്ലിസ്റ്റ് സഫിയ അൽ സായിഗുമാണ് രാജ്യത്തിന്റെ പതാകയേന്തിയത്.
ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഉദ്ഘാടന ചടങ്ങ് പ്രധാന സ്റ്റേഡിയത്തിന് പുറത്ത് നടന്നത്. സെൻ നദിയിലെ പരേഡിൽ 7,000 അത്ലറ്റുകൾ ഫ്രഞ്ച് തലസ്ഥാനത്തെ ചരിത്ര സ്മാരകങ്ങൾ കടന്നാണ് കടന്നുപോയത്. നദീതീരങ്ങളിൽ പ്രത്യേകം നിർമിച്ച സ്റ്റാൻഡുകളിൽ നിന്ന് ഏകദേശം 30 ലക്ഷം പേരും ബാൽക്കണികളിലും അപ്പാർട്ടുമെൻറുകളിലുമായി രണ്ട് ലക്ഷം പേരും പരേഡ് നേരിട്ട് വീക്ഷിച്ചിരുന്നു.
വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ യു.എ.ഇ ടീമംഗങ്ങൾക്ക് ആരാധകർ അഭിവാദ്യമർപ്പിച്ചു. കായിക താരങ്ങൾക്ക് പുറമെ, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റിവ് ഒഫീഷ്യൽസ് ഉൾപ്പെടെ 20 പേർ ടീമിനൊപ്പമുണ്ട്. കുതിരയോട്ടം, ജൂഡോ, നീന്തൽ, സൈക്കിളിങ്, അത്ലറ്റിക്സ് എന്നീ ഇനങ്ങളിലാണ് ടീം മാറ്റുരക്കുന്നത്. മത്സരങ്ങൾക്ക് ഒരുങ്ങുന്നതിനായി യു.എ.ഇ ടീം പാരിസിൽ നേരത്തെ പരിശീലനം പൂർത്തിയാക്കിയിരുന്നു.
ഇത്തവണ വെള്ളയും ചുവപ്പും ചേർന്ന ജഴ്സിയണിഞ്ഞായിരിക്കും ടീം ഇറങ്ങുക. പ്രമുഖ ഡിസൈനറായ റൗദ അൽ ഷഫർ ആണ് യൂനിഫോം രൂപകൽപന ചെയ്തത്. ഇത്തവണ ഒളിമ്പിക്സിൽ ‘ഇമാറാത്തി ഹൗസ്’ എന്ന പേരിൽ പ്രത്യേക പവിലിയനും തുറക്കുന്നുണ്ട്. രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന വിധത്തിലാണ് പവിലിയന്റെ രൂപകൽപന. ശനിയാഴ്ച പവിലിയൻ സന്ദർശനത്തിനായി തുറന്നു.
ആഗസ്റ്റ് 10 വരെ രാവിലെ 10 മുതൽ എട്ട് വരെ പ്രവേശനം സൗജന്യമായിരിക്കും. ഇത് ഏഴാം തവണയാണ് യു.എ.ഇ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. 1984ൽ ലോസ് ആഞ്ജൽസിൽ നടന്ന 23ാമത് എഡിഷനിലായിരുന്നു യു.എ.ഇ ടീമിന്റെ അരങ്ങേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.