23,000 ഭവനങ്ങളിൽ വൈദ്യുതി; കാറ്റാടിപ്പാടങ്ങൾ ആരംഭിച്ച് യു.എ.ഇ
text_fieldsഅബൂദബി: കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ബൃഹത് പദ്ധതിക്ക് തുടക്കംകുറിച്ച് യു.എ.ഇ. പ്രതിവർഷം 23,000ത്തിലേറെ വീടുകളിലേക്ക് വൈദ്യുതി എത്തിക്കാൻ കഴിയുന്നതാണ് പദ്ധതി. അബൂദബി ഭാവി ഊർജ സ്ഥാപനമായ മസ്ദാറാണ് 103.5 മെഗാവാട്ട് ശേഷിയുള്ള പദ്ധതി നടപ്പാക്കുന്നത്.
അബൂദബിയിലെ സർ ബനിയാസ് ഐലൻഡിൽ നടന്ന ചടങ്ങിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാനാണ് കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. നാലിടങ്ങളിലാണ് കാറ്റാടിപ്പാടങ്ങൾ നിർമിക്കുന്നത്. സർ ബാനിയാസ് ഐലൻഡ്, ഡെൽമ ഐലൻഡ്, അബൂദബിയിലെ അൽ സില, ഫുജൈറയിലെ അൽ ഹലാഹ് എന്നിവിടങ്ങളിലാണ് കാറ്റാടിപ്പാടങ്ങൾ.
പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രതിവർഷം 1,20,000 ടൺ കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാനാവും. 26,000ത്തിലേറെ പെട്രോൾ വാഹനങ്ങൾ റോഡിൽനിന്ന് നീക്കുന്നതിന് തുല്യമാണിത്.
സർ ബനിയാസ് ദ്വീപിൽ സോളാർ പാർക്കും ഇതോടൊപ്പം സ്ഥാപിക്കും. കാറ്റിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നതിന് എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി മസ്ദാറുമായി കരാർ ഒപ്പിട്ടു. 2050ഓടെ കാർബൺ മുക്തമാവുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കോപ് 28 നിയുക്ത പ്രസിഡന്റും മസ്ദാർ ചെയർമാനുമായ ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു.
പുതിയ കാലാവസ്ഥ നയം ശുദ്ധോർജ സ്രോതസ്സുകളിലേക്കുള്ള മാറ്റത്തിന് വേണ്ടിയായിരിക്കുമെന്ന് അബൂദബി പരിസ്ഥിതി ഏജൻസി നേരത്തെ വ്യക്തമാക്കിയിരുന്നു. 2023 മുതൽ 2027 വരെയുള്ള കാലാവസ്ഥ വ്യതിയാനം തടയുന്നതിനുള്ള നയം ജൂലൈയിലാണ് പ്രഖ്യാപിച്ചത്. 2027ഓടെ കാർബൺ പുറന്തള്ളൽ 30 ദശലക്ഷം ടണ്ണാക്കി കുറക്കുകയാണ് പ്രധാന ലക്ഷ്യം.
2016ൽ കാർബൺ പുറന്തള്ളൽ 135 ദശലക്ഷം ടണ്ണായിരുന്നു. സുസ്ഥിര ഭാവിയിലേക്ക് മേഖലയെ എത്തിക്കുന്നതിനായി കാലാവസ്ഥ വ്യതിയാനത്തെ പിടിച്ചുകെട്ടുകയാണ് പുതിയ പദ്ധതിയെന്നാണ് അബൂദബി പരിസ്ഥിതി ഏജൻസിയിലെ സംയോജിത പരിസ്ഥിതി നയ, ആസൂത്രണ വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ ശൈഖ അൽ മസ്റൂയി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.