മയക്കുമരുന്ന് വിരുദ്ധ നടപടി ശക്തമാക്കി യു.എ.ഇ
text_fieldsദുബൈ: മയക്കുമരുന്ന് വിരുദ്ധ നടപടികൾ കൂടുതൽ ശക്തമാക്കി യു.എ.ഇ. വിവിധയിടങ്ങളിൽനിന്നായി കഴിഞ്ഞ മൂന്നു മാസത്തിനിടെ ദുബൈ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പിടികൂടിയത് 491 കിലോ മയക്കുമരുന്നും 33 ലക്ഷം മയക്കുമരുന്ന് ഗുളികകളും. കൊക്കെയിൻ, ഹെറോയിൻ, ക്രിസ്റ്റൽ മെത്ത്, കറുപ്പ്, കഞ്ചാവ്, ഹഷീഷ് എന്നിവ ഇതിൽ ഉൾപ്പെടും. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 50 ശതമാനത്തോളം പ്രതികളെ അറസ്റ്റ് ചെയ്യാനും ദുബൈ പൊലീസിന് സാധിച്ചു.
മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ 560 സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രണ്ടാം പാദ വർഷത്തിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഇന്ത്യ, ആസ്ട്രേലിയ, യു.കെ, സൗദി അറേബ്യ, ചൈന, ഫിലിപ്പീൻ, കുവൈത്ത്, ജർമനി, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുമായി പങ്കിടാനായി. അന്താരാഷ്ട്രതലത്തിൽ 28 പ്രതികളുടെ അറസ്റ്റിലേക്ക് നയിക്കുന്നതായിരുന്നു ഈ വിവരങ്ങൾ. ഇതുവഴി 431 കിലോ മയക്കുമരുന്ന് പിടിച്ചെടുക്കാനും സാധിച്ചു.
മയക്കുമരുന്നിൽനിന്ന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിലും മയക്കുമരുന്ന് വിതരണക്കണ്ണികൾക്കെതിരായ നടപടികളിലും ആന്റി നാർകോട്ടിക് വിഭാഗത്തിന് നിർണായക പങ്കുണ്ടെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.
71 വിദ്യാഭ്യാസ, സാമൂഹിക ബോധവത്കരണ പരിപാടികളിലൂടെ 28,000 വിദ്യാർഥികൾക്ക് ഗുണം ലഭിച്ചതായി ഹെമേയ ഇന്റർനാഷനൽ സെന്റർ ഡയറക്ടർ കേണൽ ഡോ. അബ്ദുറഹ്മാൻ ഷറഫ് പറഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴി സെന്റർ നടത്തിയ ബോധവത്കരണ കാമ്പയിൻ 7,76,000 പേരിൽ എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.