സുഡാൻ രക്ഷാദൗത്യം: സൗദിക്ക് നന്ദിയറിയിച്ച് യു.എ.ഇ
text_fieldsദുബൈ: സുഡാനിൽ ആഭ്യന്തര സംഘർഷത്തിനിടെ കുടുങ്ങിയ വിവിധ രാജ്യങ്ങളിലെ പൗരൻമാരെ രക്ഷപ്പെടുത്താൻ മുൻകൈയെടുത്ത സൗദി അറേബ്യക്ക് നന്ദിയറിയിച്ച് യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിൽ നിന്നുള്ള 91 പൗരന്മാരും യു.എ.ഇ, ഖത്തർ, കാനഡ, ഫിലിപ്പീൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 66 പേരും നയതന്ത്രജ്ഞരും അന്താരാഷ്ട്ര ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെയാണ് ശനിയാഴ്ച സൗദി രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചത്.
സൈന്യത്തിന്റെ വിവിധ ശാഖകളുടെ സഹായത്തോടെ റോയൽ സൗദി നേവൽ ഫോഴ്സാണ് ദൗത്യം പൂർത്തീകരിച്ചത്. രക്ഷപ്പെടുത്തിയവരെ അവരവരുടെ രാജ്യത്തേക്ക് മടങ്ങാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങൾ സ്വന്തം നിലക്കും സൗഹൃദ രാജ്യങ്ങളുടെ സഹായത്തോടെയും രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കയാണ്. സൗദിക്ക് നന്ദിയറിയിച്ച് കുവൈത്തും കഴിഞ്ഞ ദിവസം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.