സ്വദേശിവത്കരണം പൂർത്തിയാക്കിയില്ലെങ്കിൽ ജൂലൈ മുതൽ പിഴ
text_fieldsദുബൈ: നിശ്ചിത ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കിയില്ലെങ്കിൽ ജൂലൈ മുതൽ പിഴ ഈടാക്കുമെന്ന് മാനവ വിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ വർഷം നടപ്പാക്കേണ്ട ഒരു ശതമാനം സ്വദേശിവത്കരണം ജൂൺ 30നകം പൂർത്തിയാക്കണമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് സ്വദേശികളെ നിയമിക്കേണ്ടത്. 2022ൽ രണ്ടു ശതമാനം ഇമാറാത്തികളെ നിയമിക്കണമെന്ന നിർദേശം നേരത്തേ നടപ്പാക്കിയിരുന്നു. ഇതിനുപുറമെ ഒരു ശതമാനം കൂടി സ്വദേശികളെ നിയമിക്കാനാണ് ജൂൺ വരെ സമയം അനുവദിച്ചിട്ടുള്ളത്.
നിയമിക്കാതിരുന്ന ഓരോ ഇമാറാത്തിക്കും 42,000 ദിർഹം വീതമാണ് പിഴ അടക്കേണ്ടിവരുക. ജൂലൈ മുതൽ ഓരോ മാസവും 7000ദിർഹം വീതം കണക്കാക്കി വർഷാവസാനം വരെയുള്ള തുകയാണിത്. പിന്നീട് 2026 വരെ ഓരോ വർഷവും 1000 ദിർഹം വീതം വർധിപ്പിച്ച് പിഴ അടക്കേണ്ടതായും വരും. 2026 ആകുമ്പോഴേക്കും സ്വകാര്യ സ്ഥാപനങ്ങളിൽ 10ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് ഫെഡറൽ നിയമം ലക്ഷ്യമിടുന്നത്. ഓരോ വർഷവും രണ്ടു ശതമാനം വെച്ച് ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതി കഴിഞ്ഞവർഷമാണ് ആരംഭിച്ചത്.
ഓരോ വർഷത്തെയും ടാർഗറ്റ് ആറു മാസത്തേക്ക് ഒരു ശതമാനം എന്ന നിലയിൽ വിഭജിച്ചാണ് നടപ്പാക്കുന്നത്. ഈവർഷം ജൂൺ 30ഓടെ കമ്പനികൾ ആകെ തൊഴിലാളികളുടെ മൂന്നു ശതമാനത്തിൽ സ്വദേശികളെ നിയമിക്കണം. തൊഴിൽ നൈപുണ്യം ആവശ്യമുള്ള തസ്തികകളിലാകണം നിയമനം. 2023 ഡിസംബറോടെ സ്വദേശിവൽകരണം നാലു ശതമാനത്തിൽ എത്തിക്കുകയും വേണം. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഇമാറാത്തികളുടെ എണ്ണം ഈവർഷം മാത്രം11ശതമാനം വർധിച്ചതായി നേരത്തേ അധികൃതർ വെളിപ്പെടുത്തിയിരുന്നു.
നൈപുണ്യമുള്ള ജോലികളിൽ ഇമാറാത്തി പ്രതിഭകളെ നിയമിക്കുന്നതിന് മന്ത്രാലയം ഏർപ്പെടുത്തിയ ‘നാഫിസ്’ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് സ്വകാര്യ മേഖലയിലെ കമ്പനികളോട് തൊഴിൽകാര്യ അസി. അണ്ടർ സെക്രട്ടറി ആയിഷ ബിൽഹർഫിയ പറഞ്ഞു. തൊഴിൽ വിപണിയുടെ ആകർഷണീയതയും മത്സരക്ഷമതയും വർധിപ്പിക്കുന്നതിൽ സ്വകാര്യമേഖല സജീവ പങ്കാണുള്ളത്.
അതിനാൽ തന്നെ നൈപുണ്യമുള്ള മേഖലകളിൽ ഇമാറാത്തികളെ എത്തിക്കുന്നതിന് മന്ത്രാലയം എല്ലാ സഹായവും ചെയ്യും -അവർ കൂട്ടിച്ചേർത്തു. നിശ്ചിത ടാർഗറ്റുകളേക്കാൾ കൂടുതൽ നിയമനം നടത്തുന്നവർക്ക് തവ്തീൻ പാർട്ണേഴ്സ് ക്ലബിൽ ചേരാനുള്ള അവസരം ലഭിക്കും. ഇത് കമ്പനിയുടെ റാങ്കിങ് ഉയർത്തുകയും മിനിസ്റ്റീരിയൽ ഫീസിൽ 80 ശതമാനം വരെ കിഴിവുകൾ ലഭിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.