സുഡാനിൽ അടിയന്തര ഭക്ഷ്യ സഹായമെത്തിക്കാൻ യു.എ.ഇയും
text_fieldsദുബൈ: സുഡാനിലും ദക്ഷിണ സുഡാനിലും പ്രതിസന്ധി നേരിടുന്നവർക്ക് ഭക്ഷ്യസഹായമെത്തിക്കുന്നതിന് യു.എ.ഇയും യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമും കരാറിൽ ഒപ്പുവെച്ചു. അഭയാർഥികൾ, ഇവരെ സ്വീകരിച്ച ജനങ്ങൾ, കുടിയിറക്കപ്പെട്ടവർ, യുദ്ധം ബാധിച്ച മറ്റുള്ളവർ എന്നിങ്ങനെയുള്ളവർക്കാണ് സഹായമെത്തിക്കുക. 2.5കോടി ഡോളറാണ് യു.എ.ഇ പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നത്. യു.എ.ഇ വിദേശകാര്യ മന്ത്രാലയവും വേൾഡ് ഫുഡ് പ്രോഗ്രാമും തമ്മിലെ കരാറിൽ യു.എ.ഇയുടെ ഭാഗത്തുനിന്ന് അന്താരാഷ്ട്ര വികസനകാര്യ വകുപ്പ് അസി. മന്ത്രി സുൽത്താൻ അൽ ശംസിയും വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗത്തുനിന്ന് മാത്യു നിംസുമാണ് ഒപ്പുവെച്ചത്. ആഭ്യന്തരയുദ്ധത്തിന്റെ ഫലമായി സുഡാനിൽ 1.77 കോടിയും ദക്ഷിണ സുഡാനിൽ 71 ലക്ഷവും പേരാണ് കടുത്ത ഭക്ഷ്യ പ്രതിസന്ധി നേരിടുന്നത്. ഈ പ്രതിസന്ധി ലഘൂകരിക്കാൻ സുഡാന് രണ്ടു കോടി യു.എസ് ഡോളറും ദക്ഷിണ സുഡാന് 50 ലക്ഷം യു.എസ് ഡോളറുമാണ് യു.എ.ഇ വാഗ്ദാനം ചെയ്തിട്ടുള്ളത്.
സുഡാനിലെ രൂക്ഷമായ മാനുഷിക പ്രതിസന്ധി ലഘൂകരിക്കുന്നതിനായി യു.എൻ ഏജൻസികൾക്കും മാനുഷിക സംഘടനകൾക്കും കഴിഞ്ഞ ഏപ്രിലിൽ നടന്ന ‘സുഡാനും അയൽ രാജ്യങ്ങൾക്കായുള്ള ഇന്റർനാഷനൽ ഹ്യൂമാനിറ്റേറിയൻ കോൺഫറൻസി’ൽ യു.എ.ഇ ഏഴുകോടി യു.എസ് ഡോളറിന്റെ സംഭാവന പ്രഖ്യാപിച്ചിരുന്നു. സുഡാനിലും അയൽ രാജ്യങ്ങളിലും പട്ടിണി നിലനിൽക്കുന്നതിനാൽ, വേൾഡ് ഫുഡ് പ്രോഗ്രാമുമായുള്ള പങ്കാളിത്തം യുദ്ധത്തിന്റെ കെടുതികൾ അഭിമുഖീകരിക്കുന്ന ഏറ്റവും ദുർബലരായവരെ സഹായിക്കുമെന്ന് വിദേശകാര്യ അസി. മന്ത്രി ലന സാകി നുസൈബ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.