യു.എ.ഇ ഗസ്സയിലേക്ക് നാലു ലക്ഷം ശൈത്യകാല ജാക്കറ്റുകൾ നൽകും
text_fieldsദുബൈ: യുദ്ധ ദുരിതത്തിനൊപ്പം തണുപ്പിന്റെ കാഠിന്യം കൂടി പ്രതിസന്ധിയിലാക്കിയ ഗസ്സ ജനതക്ക് യു.എ.ഇയുടെ സഹായം. തണുപ്പിനെ പ്രതിരോധിക്കുന്ന നാലുലക്ഷം ജാക്കറ്റുകൾ ഗസ്സയിൽ എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പുതപ്പുകൾ, ഹീറ്ററുകൾ, ശീതകാല കൈയുറകൾ എന്നിവയും ജാക്കറ്റുകൾക്കൊപ്പം നൽകാനാണ് പദ്ധതിയെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് പ്രസ്താവനയിൽ അറിയിച്ചു. ഇതിനായി അവസാന സജ്ജീകരണങ്ങൾ അധികൃതർ പൂർത്തിയാക്കി.
ഈജിപ്തിൽ നിർമിച്ച വിന്റർ ജാക്കറ്റുകൾ ഗസ്സ അതിർത്തി പ്രദേശമായ അൽ ആരിഷിലാണ് എത്തിക്കുക. ഇവിടെനിന്ന് റഫ അതിർത്തി വഴി വീട് നഷ്ടപ്പെട്ട് തെരുവിൽ കഴിയുന്ന ജനങ്ങളിലേക്ക് എത്തിക്കും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്-3 ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ഇതിനകം 16 ലക്ഷം വസ്ത്രങ്ങളും പുതപ്പുകളും ഗസ്സയിൽ എത്തിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് കൂടുതൽ സഹായം എത്തിക്കുന്നത്.
ഇസ്രായേൽ ആക്രമണത്തെ തുടർന്ന് വിവിധ ഭാഗങ്ങളിൽനിന്ന് പലായനം ചെയ്തവർ ചെറിയ കൂടാരങ്ങളിലായാണ് താമസിക്കുന്നത്. തണുപ്പ് ശക്തമായതോടെ ഇവിടങ്ങളിൽ താമസിക്കുന്നവരുടെ ദുരിതം ഇരട്ടിയായി. ഈ സാഹചര്യത്തിലാണ് യു.എ.ഇ സഹായം എത്തിക്കുന്നത്. ഗസ്സയിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് യു.എ.ഇ സ്ഥാപിച്ച രണ്ടാമത് കടൽവെള്ള ശുചീകരണ പ്ലാന്റ് വിപുലീകരിച്ചിരുന്നു.
മെഡിറ്ററേനിയൻ കടലിൽനിന്ന് പ്ലാന്റിലേക്ക് പൈപ്പുകളിലൂടെ വെള്ളം എത്തിച്ച് ഫിൽട്ടർ ചെയ്ത് ഗസ്സക്കാർക്ക് ഉപയോഗിക്കാനായി ഭൂഗർഭ മാർഗത്തിലൂടെ എത്തിക്കുന്നതാണ് പദ്ധതി. ഇതുവഴി 1.2ലക്ഷം ഗാലൻ വെള്ളം ഗസ്സ നിവാസികൾക്ക് ലഭ്യമാക്കാൻ സാധിക്കുന്നുണ്ട്. ഗസ്സയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനായി അൽ ആരിഷിൽ യു.എ.ഇ വെയർഹൗസ് തുറന്നിട്ടുണ്ട്. യുദ്ധത്തിൽ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് എത്തിക്കേണ്ട വിവിധ സഹായവസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരിക്കയാണ്. ആവശ്യമനുസരിച്ച് ഗസ്സയിലേക്ക് ഇവിടെനിന്ന് എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.