ചന്ദ്രനിലേക്ക് പോകാൻ യു.എ.ഇയും; ചർച്ച സ്ഥിരീകരിച്ച് നാസ
text_fieldsദുബൈ: ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന നാസയുടെ പദ്ധതിയിൽ യു.എ.ഇയും ഭാഗമായേക്കും. യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ നിലയം ഇത് സംബന്ധിച്ച് ചർച്ച നടത്തിയതായി നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ വെളിപ്പെടുത്തി.
മനുഷ്യനെ ചന്ദ്രനിലയക്കുന്ന നാസയുടെ ആർടെമിസ് പദ്ധതിയിലാണ് യു.എ.ഇ കൈകോർക്കാൻ ഒരുങ്ങുന്നത്. എന്നാൽ, ചർച്ചകൾ തുടരുകയാണെന്നും പ്രഖ്യാപനങ്ങളൊന്നും നടത്തുന്നില്ലെന്നും അത് യു.എ.ഇ ബഹിരാകാശ നിലയത്തിന് വിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർടെമിസ് പദ്ധതിയുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ ബഹിരാകാശ നിലയത്തിന് സമാനമായ രീതിയിൽ സ്റ്റേഷൻ നിർമിക്കാൻ നാസക്ക് പദ്ധതിയുണ്ട്. സ്റ്റേഷനുവേണ്ടി അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിനൽകുന്നതിന് യു.എ.ഇ നേരത്തേ താൽപര്യം പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ ബഹിരാകാശ സഞ്ചാരികൾക്ക് ചന്ദ്രനിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ ഇത് വഴിതുറക്കും. ഇതിന്റെ ഭാഗമാകാൻ യു.എ.ഇക്ക് സാധിച്ചാൽ മനുഷ്യനെ അയക്കുന്ന ദൗത്യവും എളുപ്പമാകും.
നാസയുടെ ഭാവി ചാന്ദ്രദൗത്യങ്ങൾക്കായി ഡാറ്റ ശേഖരിക്കാൻ ഓറിയോൺ ബഹിരാകാശ പേടകവുമായി കഴിഞ്ഞ വർഷം ചന്ദ്രനിലേക്ക് ആർട്ടെമിസ്-1 ഫ്ലൈറ്റ് വിക്ഷേപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ആർട്ടെമിസ്-2 അടുത്ത വർഷം വിക്ഷേപിക്കും. ചന്ദ്രന്റെ ഭ്രമണപഥത്തിൽ വലംവെക്കുന്നതിന് യു.എസ്, കനേഡിയൻ ബഹിരാകാശയാത്രികരാണ് ഇതിൽ യാത്ര ചെയ്യുക. 2027ലാണ് 50 വർഷത്തിനിടയിലെ ആദ്യ മനുഷ്യ ചാന്ദ്ര ലാൻഡിങിന് വേണ്ടി ആർട്ടെമിസ്-3 ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതിനകം രണ്ട് ഇമാറാത്തികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ആദ്യ ബഹിരാകാശ സഞ്ചാരിയായ ഹസ്സ അൽ മൻസൂരിയും അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ യാത്രികനായ സുൽത്താൻ അൽ നിയാദിയുമാണത്. ഇരുവരുടെയും യാത്രകൾ വിജയകരമായതിനുശേഷം പുതിയ ദൗത്യങ്ങൾക്കായി ഒരുങ്ങുകയാണെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നു. ചന്ദ്രനിലേക്ക് പോകാനുള്ള സന്നദ്ധത ഇരുവരും നേരത്തേ പ്രഖ്യാപിച്ചിട്ടുമുണ്ട്. ചാന്ദ്ര ദൗത്യത്തിന് ധാരണയായാൽ ഇവരിൽ ഒരാൾക്കായിരിക്കും അവസരം ലഭിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബഹിരാകാശ നേട്ടങ്ങൾക്ക് ജി.സി.സിയുടെ അഭിനന്ദനം
ദുബൈ: ബഹിരാകാശ രംഗത്ത് യു.എ.ഇ കൈവരിച്ച നേട്ടങ്ങൾക്ക് ദോഹയിൽ ചേർന്ന 44ാമത് ജി.സി.സി അഭിനന്ദനമറിയിച്ചു. ചൊവ്വ ദൗത്യത്തിലും ചാന്ദ്ര ദൗത്യത്തിലും ബഹിരാകാശ യാത്രയിലും വലിയ മുന്നേറ്റം കൈവരിക്കാൻ യു.എ.ഇക്ക് സാധിച്ചെന്ന് ജി.സി.സി പ്രസ്താവനയിൽ പറഞ്ഞു.സുൽത്താൻ അൽ നിയാദിയുടെ ആറുമാസം നീണ്ട ബഹിരാകാശ ദൗത്യത്തെ പേരെടുത്ത് പറഞ്ഞാണ് അഭിനന്ദനമറിയിച്ചത്. ദോഹയിൽ ചൊവ്വാഴ്ച ചേർന്ന ജി.സി.സി ഉച്ചകോടിയിൽ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.