തുർക്കിക്കും സിറിയക്കും 900 കോടി രൂപയുടെ സഹായവുമായി യുഎ.ഇ
text_fieldsദുബൈ: ദുരന്തഭൂമിയായി മാറിയ തുർക്കിയയിലേക്കും സിറിയയിലേക്കും സഹായമൊഴുക്കി യു.എ.ഇ. ഇരുരാജ്യങ്ങളെയും സഹായിക്കാൻ 100 ദശലക്ഷം ഡോളർ (800 കോടി രൂപ) സഹായം നൽകുമെന്ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചു. ഇതിന് പുറമെ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സിറിയക്ക് 50 ദശലക്ഷം ദിർഹമിന്‍റെ (110 കോടി രൂപ) സഹായവും പ്രഖ്യാപിച്ചു.
അതേസമയം, തുർക്കിയയിലെ ഭൂകമ്പ ബാധിത മേഖലയിൽ സഹായവുമായി യു.എ.ഇയിൽ നിന്നുള്ള വിമാനം എത്തി. മെഡിക്കൽ ഉപകരണങ്ങൾ, രക്ഷാ സേന എന്നിവയടങ്ങുന്ന വിമാനമാണ് ഇവിടെ എത്തിയത്. തുർക്കിയയിലും സിറിയയിലും രക്ഷാദൗത്യത്തിനായി ‘ഗാലന്‍റ് നൈറ്റ് ടു’ എന്ന പേരിൽ യു.എ.ഇ പ്രതിരോധ മന്ത്രാലയം ദൗത്യം പ്രഖ്യാപിച്ചിരുന്നു.
അബൂദബിയിൽ നിന്ന് പുറപ്പെട്ട ആദ്യ വിമാനം തെക്കൻ തുർക്കിയയിലെ അദാനയിലാണ് എത്തിയത്. സെർച്ച് ആൻഡ് റെസ്ക്യൂ ടീം, മെഡിക്കൽ സംഘം എന്നിവർ ടീമിലുണ്ട്. ദുരന്തത്തിൽ അകപ്പെട്ടവർക്ക് സഹായം നൽകാൻ ഫീൽഡ് ആശുപത്രികൾ ഒരുക്കും. ആളുകൾ കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങളിൽ രക്ഷാസേന രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
യു.എ.ഇ സേന, വിദേശകാര്യ മന്ത്രാലയം, എമിറേറ്റ്സ് റെഡ്ക്രസന്‍റ്, സായിദ് ചാരിറ്റബിൾ ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. എമിറേറ്റ്സ് റെഡ്ക്രസന്റിന്റെ ദുരിതാശ്വാസ വസ്തുക്കൾ വിമാനത്തിൽ കയറ്റുന്ന വീഡിയോ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.