Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്രിക്കറ്റ്​...

ക്രിക്കറ്റ്​ ആരവത്തിന്​ കാതോർത്ത്​ യു.എ.ഇ

text_fields
bookmark_border
ക്രിക്കറ്റ്​ ആരവത്തിന്​ കാതോർത്ത്​ യു.എ.ഇ
cancel

ദുബൈ: ഒന്നര വർഷത്തിനു​ ശേഷം ക്രിക്കറ്റ്​ ആരവത്തിന്​ കാതോർത്തിരിക്കുകയാണ്​ യു.എ.ഇ. കാണികൾക്കും ​പ്രവേശനമുണ്ടെന്ന വാർത്ത ആവേശത്തോടെയാണ്​ അവർ ഏറ്റെടുത്തിരിക്കുന്നത്​. ഇന്ത്യൻ ​പ്രീമിയർ ലീഗ്​ 14ാം സീസണിലെ ബാക്കി മത്സരങ്ങൾ നാളെ യു.എ.ഇയിൽ പുനരാരംഭിക്കു​േമ്പാൾ ഗാലറിയിലെത്തി ഇഷ്​ട ടീമിനായി ആർപ്പുവിളിക്കാനുള്ള ഒരുക്കത്തിലാണ്​ മലയാളികളടക്കമുള്ള കാണികൾ.

അതേസമയം, അബൂദബിയിലും ഷാർജയിലും മത്സരം കാണാൻ എത്തുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്​ പരിശോധന ഫലം ഹാജരാക്കണമെന്ന്​ അധികൃതർ വ്യക്തമാക്കി. ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്ന വെബ്​സൈറ്റുകളിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​. ദുബൈ സ്​റ്റേഡിയത്തിൽ എത്തുന്നവർക്ക്​ കോവിഡ്​ പരിശോധന ഫലം ആവശ്യമില്ല. വാക്​സിനെടുത്തവർക്ക്​ മാത്രമാണ്​ എല്ലാ സ്​റ്റേഡിയങ്ങളിലേക്കും പ്രവേശനം അനുവദിച്ചിരിക്കുന്നത്​. ഷാർജയിലും അബൂദബിയിലും അൽഹുസ്​ൻ ആപ്പിൽ പച്ച സിഗ്​നൽ ലഭിക്കണം. ഷാർജയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക്​ വാക്​സിനേഷനും കോവിഡ്​ പരിശോധനയും നിർബന്ധമില്ല. ദുബൈയിൽ 12 വയസ്സിൽ താഴെയുള്ളവർക്കാണ്​ ഇളവ്​. അബൂദബിയിൽ 12 - 15 വയസ്സിനിടയിലുള്ളവർക്ക്​ വാക്​സിനേഷൻ നിർബന്ധമില്ലെങ്കിലും കോവിഡ്​ പരിശോധന ഫലം നിർബന്ധമാണ്​. 12 വയസ്സിൽ താഴെയുള്ളവർക്ക്​ രണ്ടും നിർബന്ധമില്ല. അതേസമയം, മറ്റ്​ സ്​റ്റേഡിയങ്ങളിലെയും ടിക്കറ്റ്​ നിരക്ക്​ പുറത്തുവന്നു. ഏറ്റവും കുറവ്​ അബൂദബിയിലാണ്​, 60 ദിർഹം. ദുബൈയിലും ഷാർജയിലും ഏറ്റവും കുറഞ്ഞ നിരക്ക്​ 200 ദിർഹമാണ്​. പല മത്സരങ്ങൾക്കും പല രീതിയിലാണ്​ ടിക്കറ്റ്​ നിരക്ക്​.

ഇന്ത്യയിൽ നടന്ന മത്സരങ്ങളുടെ ബാക്കിയാണ്​ യു.എ.ഇയിലെ മൂന്ന്​ സ്​റ്റേഡിയങ്ങളിലായി അരങ്ങേറുന്നത്​.

അതിനാൽ തന്നെ മത്സരം കൂടുതൽ ആവേശമാകും. ഓരോ ടീമിനും ആറോ ഏഴോ മത്സരം മാത്രമാണ്​ ബാക്കിയുള്ളത്​. എല്ലാ മത്സരങ്ങളും നിർണായകമാണ്​. ഫൈനൽ ഉൾപ്പെടെ 31 മത്സരങ്ങളാണ്​ യു.എ.ഇയിൽ നടക്കുന്നത്​.

'എല്ലാം പഴയതുപോലെയാവട്ടെ'


ഫൈസല്‍ അസീസ് മുസഫ, അബൂദബി

(ആര്‍.സി.എ ക്രിക്കറ്റ് ക്ലബ്ബ്, ബയേൺ സ്​റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബ്,- അബൂദബി)

ക്രിക്കറ്റിനെ ജീവന്​ തുല്യം സ്​​േനഹിക്കുന്ന എനിക്ക് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളൊക്കെ എത്രയോ ഹൃദ്യമാണെന്നോ. ഗാലറികൾ തുറക്കുന്ന വാർത്ത എന്നേപ്പോലെ ആയിരങ്ങള്‍ക്ക്​ സന്തോഷം പകരുന്നതാണ്​. കോവിഡിൽ വഴിമുട്ടിയ പ്രവാസ ജീവിതം പതിയെ സാധാരണ നിലയിലേക്ക്​ തിരിച്ചെത്തുന്നു എന്നതി​െൻറ സൂചനയായിട്ടാണ് ട്വൻറി -20 ലോകകപ്പും യു.എ.ഇ നിവാസികള്‍ക്ക് കളി കാണാനുള്ള അവസരമൊരുക്കലുമെല്ലാം ഞാന്‍ കാണുന്നത്. ഈ കോവിഡ് കാലത്ത് മുന്നോട്ടുള്ള ഓരോ കാല്‍വയ്പ്പുകളും പ്രതീക്ഷകള്‍ തന്നെയാണ്.

നാട്ടിലെ നാസര്‍ക്കാ​െൻറ പീടിക കോലായില്‍ നിന്നും 'ഹരിത' എന്ന ക്ലബ് മുറികളില്‍ നിന്നും ഐ.പി.എൽ കളികള്‍ ആസ്വദിച്ച എനിക്ക് സന്തോഷ വാര്‍ത്ത ആയിരുന്നു 2014 ലെ ഐ.പി.എൽ യു.എ.ഇയിലേക്കു മാറ്റിയത്. പ്രിയ താരം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സെവാഗി​െൻറ കളികാണാന്‍ അബൂദബി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പോയത് ഇപ്പോഴും മിഴിവോടെ ഓര്‍ക്കുന്നു. പ്രവാസ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനങ്ങള്‍ സമ്മാനിക്കുന്നത് വെള്ളിയാഴ്ചകളാണ്. വിവിധ ക്ലബ്ബുകളുടെ കീഴില്‍ വാശിയേറിയ മല്‍സരങ്ങള്‍. രാത്രിയെന്നോ പകലെന്നോ ചൂടെന്നോ തണുപ്പെന്നോ ഇല്ല. ഇതിനിടെ എല്ലാം തകിടം മറിക്കുന്ന കൊറോണ എന്ന മഹാമാരി ലോകം കയ്യടക്കി! ജീവിതം തന്നെ മാറിയ ഘട്ടത്തില്‍ ക്രിക്കറ്റ് വെറും ഓര്‍മകള്‍ മാത്രമായിരുന്നു. എത്രയോ പ്രതിസന്ധികളെ കൃത്യമായ ആസൂത്രണത്തോടെ മറികടന്ന യു.എ.ഇ അത്​ഭുതങ്ങളാണ് ലോകത്തിനു മുന്നില്‍ ഒരുക്കുന്നത്. അതേ, ഇനി നമ്മളും കളിക്കളത്തിലിറങ്ങും. അതിനുള്ള തുടക്കമാവട്ടെ ഈ വരുന്ന മാമാങ്കങ്ങളും..

'ഓർമയിൽ ഷാർജ കപ്പ്​'


മുനീര്‍ വാണിമേല്‍, അധ്യാപകന്‍

ഐ.പി.എല്‍ മത്സരങ്ങൾ യു.എ.ഇയിൽ വീണ്ടും വരുന്നു എന്നത് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന വാർത്ത തന്നെയാണ്.

കുട്ടിക്കാലത്ത്​ ഇന്ത്യ–പാക് മത്സരങ്ങൾ ഷാർജയിൽവെച്ച് ഉണ്ടാകാറുണ്ടായിരുന്നു. അന്ന് ടി.വിയിൽ ആയിരുന്നു കളികൾ ആസ്വദിച്ചത്. അതേസമയം, ഇന്ന് നമുക്ക് അതേ ആവേശത്തോടെ പ്രിയപ്പെട്ട കളിക്കാരെ നേരിൽ കാണാനും അവരുടെ കളികൾ നേരിട്ടാസ്വദിക്കാനും അവസരം ലഭിച്ചിരിക്കുകയാണ്. എ​െൻറ പ്രിയപ്പെട്ട ടീം മുംബൈ ഇന്ത്യൻസ് ആണ്. കാരണം സച്ചിനായിരുന്നു എക്കാലത്തെയും ഹീറോ. ഉദ്ഘാടന മത്സരം ​ചെന്നൈയും മുംബൈയും ആയത് അതിലും വലിയ ആഹ്ലാദം. കളികൾ നേരിട്ട് കാണാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ.

'ആകാംക്ഷയോടെ കാത്തിരിക്കുന്നു'


നവാസ് കഞ്ചിയിൽ, യൂത്ത്​ ഇന്ത്യ ക്ലബ്​

ക്രിക്കറ്റ് എന്ന മൂന്നക്ഷരം ചെറുപ്പം മുതൽ ജീവിതത്തിൽ അലിഞ്ഞുചേർന്ന കായിക വിനോദമാണ്. പാടത്ത് കളിച്ചും അയൽ വീട്ടിലെ ടി.വിയിൽ കളികണ്ടും വളർന്ന ആ ചെറുപ്പ കാലം ഇന്ന് പ്രവാസത്തിൽ എത്തിനിൽക്കുമ്പോഴും ക്രിക്കറ്റിനെ മറക്കാനായിട്ടില്ല.

പ്രവാസ ലോകത്ത്​ നിൽക്കുന്ന ഞങ്ങളെ തേടി ഐ.പി.എൽ ഇവിടെയെത്ത​ു​േമ്പാൾ സന്തോഷത്തോടും പ്രതീക്ഷയോടും ആകാംക്ഷയോടും കൂടി കാത്തിരിക്കുകയാണ്​. പ്രവാസികളെ സംബന്ധിച്ച് കോവിഡ്​ പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ ഗാലറിയ​ിലേക്ക്​ കാണികളെ പ്രവേശിപ്പിക്കുന്നത്​ ഏറെ സന്തോഷം നൽകുന്ന തീരുമാനമാണ്​.

'ആരവങ്ങളില്ലാതെ മത്സരത്തിന്​ പൂർണതയില്ല'


ഹുസൈൻ, ഒമച്ചപ്പുഴ

താരങ്ങൾ കളത്തിലിറങ്ങിയാലും ഗാലറിയിൽ കാണികളുണ്ടെങ്കിൽ മാത്രമേ കായിക മാമാങ്കത്തിന്​ പൂർണതയുണ്ടാവൂ. എന്നാൽ, ഒന്നര വർഷമായി മൈതാനത്തുനിന്ന്​ അകലെയായിരുന്നു കാണികളു​െട സ്​ഥാനം. ഗാലറിയുടെ ആരവങ്ങളിലേക്കും ആർപ്പുവിളികളിലേക്കും മടങ്ങാൻ ഓരോ കായിക പ്രേമിയുടെയും മനസ്സ് കൊതിക്കുകയായിരുന്നു. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സഞ്ജുവും ദേവ്​ദത്ത്​ പടിക്കലുമല്ലാം ബാറ്റു വീശുമ്പോൾ അതി​െൻറ താളവും ലയവും പൂർണമാകുന്നത് ഗാലറികളുടെ സാന്നിധ്യമുണ്ടാകു​േമ്പാഴാണല്ലോ. ഈ കെട്ടകാലവും അതിജീവിച്ച്​ സുന്ദരമായ കാലത്തേക്ക് നടന്നെത്തും എന്നതി​െൻറ തെളിവാണ്​ ഗാലറികളുടെ ഗേറ്റുകൾ വീണ്ടും തുറക്കുന്നത്​.

'ഇത്​ യു.എ.ഇയുടെ തിരിച്ചുവരവ്'​


ബിജു ജോര്‍ജ്

കൊമേഴ്‌സ്യല്‍ മാനേജര്‍, ഓഫ് ലൈന്‍ ഇന്‍വെസ്​റ്റ്​മെൻറ് ആൻറ് പ്രോപ്പര്‍ട്ടി, അബൂദബി

യു.എ.ഇ അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കു വേദിയാവുന്നു എന്നാല്‍ അതിനർഥം കോവിഡിനെ മറികടന്ന്​ ഈ രാജ്യം എല്ലാ അര്‍ഥത്തിലും ശക്തമായ തിരിച്ചുവരവ് നടത്തുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എത്രയോ സന്തോഷകരമായ കാര്യമാണത്. കോവിഡ് നിയന്ത്രണങ്ങളില്‍ ആഗോളതലത്തില്‍ മുന്‍നിരയില്‍ എത്തിയ യു.എ.ഇയുടെ സേവനങ്ങളെ ഭരണാധികാരികള്‍ അത്രമാത്രം പരിഗണിക്കുന്നുണ്ട് എന്നും ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. പ്രവാസികളില്‍ വലിയൊരു ശതമാനത്തി​െൻറയും വാരാന്ത്യ ആഘോഷമെന്നത് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രിക്കറ്റ് മല്‍സരങ്ങളാണ്.

കോവിഡ് ഭീതിയില്‍ എല്ലാ മേഖലയിലും വന്‍ തിരിച്ചടി നേരിട്ടപ്പോള്‍, ഒരു വര്‍ഷത്തിലേറെയായി ക്രിക്കറ്റും ജീവിതത്തില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ടു. കൃത്യമായ ആസൂത്രണത്തോടെ രാജ്യത്തെ കോവിഡ് പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് കുതിക്കുന്ന യു.എ.ഇക്ക് പുതിയ തീരുമാനവും പൊന്‍തൂവലാണ്. കളി കാണാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. ഇനി കളക്കളങ്ങളിലേക്കും ഇറങ്ങാനാവും എന്നും പ്രതീക്ഷയുണ്ട്. പുതിയ തീരുമാനങ്ങളെ യു.എ.ഇ നിവാസികള്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. വരും നാളെകളില്‍ കൂടുതല്‍ മല്‍സരങ്ങള്‍ക്ക് യു.എ.ഇ വേദിയാവട്ടെ എന്നും ആശംസിക്കുന്നു.

'ഇത്​ ആവേശം പകരുന്ന വാർത്ത'


ഫസൽ പ്രതീക്ഷ

എൻജിനീയർ, ദുബൈ ഇലക്​ട്രിസിറ്റി ആൻഡ്​ വാട്ടർ ​അതോറിറ്റി

കോവിഡിനുശേഷം ആദ്യമായി ഐ.പി.എല്ലിൽ കാണികളെ അനുവദിക്കാനുള്ള തീരുമാനം ക്രിക്കറ്റ് ആരാധകർക്ക് ആവേശം നൽകുന്ന വാർത്തയാണ്. രോഹിത്​ ശർമയും പൊള്ളാർഡും പാണ്ഡ്യയുമടങ്ങുന്ന മുംബൈ ഇന്ത്യൻസിന്​ തന്നെയാണ്​ സാധ്യത കൂടുതൽ.

ബൗളിങ്ങിലും ബാറ്റിങ്ങിലും ഫിൽഡിങ്ങിലും മുംബൈയെ പിടിച്ചുകെട്ടാൻ കോഹ്​ലിയുടെ ബാംഗ്ലൂരിനും ധോണിയുടെ ചെന്നൈക്കും വിയർ​പ്പൊഴുക്കേണ്ടി വരും. ഐ.പി.എല്ലിന്​ പിന്നാലെ ട്വൻറി 20 ലോകകപ്പും എത്തുന്നത്​ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്​. ക്രിയാത്​മകമായി കോവിഡിനെ നേരിട്ടതും വാക്​സിനേഷൻ നടപടികളും ​യു.എ.ഇയിൽ മറ്റ്​ രാജ്യങ്ങൾക്കുള്ള ആത്​മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്​.

'ആരവങ്ങൾക്കായി കാത്തിരിക്കുന്നു​'


മുബാറഖ്​ ഹംസ

അധ്യാപകൻ, സിറ്റി സ്​കൂൾ, അജ്​മാൻ

ക്രിക്കറ്റ് ആരവങ്ങൾ വീണ്ടും സജീവമാകുന്നത്​ സന്തോഷകരമായ കാര്യമാണ്​. ഇന്ത്യ- ഇംഗ്ലണ്ട്​ ടെസ്​റ്റ്​ പരമ്പര നിറഞ്ഞ ഗാലറിയിൽ നടന്നത്​ കണ്ടപ്പോൾ ഞങ്ങൾക്കും അതെപ്പോൾ സാധിക്കും എന്ന്​ ചിന്തിച്ചിരുന്നു.

ഇത്​ സഫലമാക്കുന്ന തീരുമാനമാണ്​ ബി.സി.സി.ഐയിൽ നിന്നും യു.എ.ഇ ക്രിക്കറ്റ്​ ബോർഡിൽ നിന്നും ഇവിടെയുള്ള ഭരണാധികാരികളിൽ നിന്നും ഉണ്ടായിരിക്കുന്നത്​. നിറ ഗാലറികളാണ്​ സ്​പോർട്​സി​െൻറ ആത്​മാവ്​. മൈതാനത്ത്​ നിൽക്കുന്ന താരങ്ങൾക്ക്​ ഗാലറി നൽകുന്ന ഊർജം ചെറുതല്ല. എന്നാൽ, കോവിഡ്​ എത്തിയതോടെ ഈ ഊർജത്തിന്​ കൂടിയാണ്​ വിലക്ക്​ വീണത്​. ഇഷ്​ടപ്പെട്ട ടീം വിജയിക്കുക എന്നതിനപ്പുറം ഗാലറികളിൽ ഉയരുന്ന ആരവങ്ങൾക്കായി കാത്തിരിക്കുന്നു.

'പ്രവാസികൾ അവസരം ​പ്രയോജനപ്പെടുത്തണം'


ജുനൈദ് ഇജാസ്,

യൂത്ത് ഇന്ത്യ ക്ലബ്‌

ലോകോത്തര താരങ്ങൾ അണി നിരക്കുന്ന ഐ.പി.എൽ പോലുള്ള കായിക മാമാങ്ങൾ ക്രിക്കറ്റ്‌ പ്രേമികൾക്ക്​ സമ്മാനിക്കുന്നത്​ ചെറുതല്ലാത്ത ആവേശമാണ്​.

ഇന്ത്യൻ പ്രവാസ സമൂഹം ഈ അവസരങ്ങൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം. പുതു താരങ്ങൾക്കും യു.എ.ഇ ക്രിക്കറ്റിനും പുത്തൻ ഉന്മേഷം ഉണ്ടാക്കിയെടുക്കുവാൻ ശ്രമിക്കണം.

ഇതിൽ നിന്ന്​ ഉൗർജം ഉൾകൊണ്ട്​ പുതുതലമുറയെ കായിക ലോകത്തേക്ക്​ കൈപിടിച്ചുയർത്താനുള്ള സൗകര്യങ്ങൾ ഒരുക്കണം.

'കിരീടസാധ്യത മുംബൈ ഇന്ത്യൻസിന്​'


നൗഫൽ മുഹമ്മദ്

റൈസിങ്​ സ്​റ്റാർസ് ക്രിക്കറ്റ് ക്ലബ്, ഷാർജ

വര്‍ഷങ്ങളായി ഒരുപാട് പ്രതിഭകളുടെ പ്രകടനത്തിന് സാക്ഷ്യം വഹിക്കുന്ന യു.എ.ഇ എപ്പോഴും ക്രിക്കറ്റി​െൻറ വളര്‍ച്ചക്ക് ഫലഭൂയിഷ്​ഠമായ മണ്ണാണ്. ഒഴിവ് ദിവസങ്ങളില്‍ നൂറുകണക്കിന് ക്രിക്കറ്റ് ടീമുകള്‍ കളിയരങ്ങ് തീര്‍ക്കുന്ന അറേബ്യന്‍ മണ്ണില്‍ ഐ.പി.എല്‍ 14ാം പതിപ്പ് വിരുന്നെത്തുന്നത് ഏതൊരാൾക്കും പ്രചോദനമാണ്.

ഈ ഐ.പി.എല്ലില്‍ എ​െൻറ ഇഷ്​ട ടീം ആയ മുംബൈ ഇന്ത്യന്‍സിനു തന്നെയാണ് കിരീടസാധ്യത. ലോക ക്രിക്കറ്റിലെ ഏറ്റവും പ്രഹരശേഷിയുള്ള ബൗളര്‍ ജസ്പ്രീത് ബുംറയും ഇന്ത്യയുടെ ഭാവി നായകന്‍ രോഹിത് ശര്‍മയും തന്നെയാണ് വജ്രായുധങ്ങള്‍. പാണ്ഡ്യ സഹോദരന്മാരും കീറോൺ പൊള്ളാര്‍ഡും അടങ്ങുന്ന ഓള്‍റൗണ്ടര്‍മാരും സൂര്യകുമാര്‍ യാദവ്, ഇഷാൻ കിഷന്‍ എന്നീ ബിഗ്ഹിറ്റേഴ്സും ടീമി​െൻറ ശക്തി വര്‍ധിപ്പിക്കുന്നു. സച്ചിന്‍, ജയവധനെ, ഷെയിന്‍ ബോണ്ട്, റോബിന്‍സിങ്, സഹീര്‍ഖാന്‍ എന്നിവരടങ്ങുന്ന പരിചയസമ്പന്നമായ കോച്ചിങ് ഡിപ്പാര്‍ട്മെൻറും ടീമി​െൻറ വിജയസാധ്യത വര്‍ധിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL
News Summary - UAE to host cricket meet
Next Story