ഗസ്സയിലെ ആശുപത്രികൾ സംരക്ഷിക്കപ്പെടണമെന്ന് യു.എ.ഇ
text_fieldsയു.എൻ രക്ഷാസമിതിയിലെ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ദുബൈ: ഗസ്സയിലെ ആശുപത്രികൾ ലക്ഷ്യംവെച്ചുള്ള ഇസ്രായേലിന്റെ ആക്രമണങ്ങളെ അപലപിച്ച് യു.എ.ഇ.
യു.എൻ രക്ഷാസമിതിയിൽ കഴിഞ്ഞ ദിവസം നടന്ന ഗസ്സ-ഇസ്രായേൽ യുദ്ധത്തെ കുറിച്ച ചർച്ചയിൽ യു.എ.ഇ അംബാസഡർ ലെന നുസൈബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനകം ആരോഗ്യ പരിപാലന സംവിധാനങ്ങളെ ലക്ഷ്യംവെച്ച് 76 ആക്രമണങ്ങൾ ഇസ്രായേൽ നടത്തിയതായും 20 ആശുപത്രികളും ക്ലിനിക്കുകളും തകർക്കപ്പെട്ടതായും ചൂണ്ടിക്കാണിച്ചു.
സിവിലിയൻ ജനതയോട് വീടൊഴിയാൻ ആവശ്യപ്പെടുന്നത് ക്രൂരതയും നിരുത്തരവാദ സമീപനവുമാണ്. ഗസ്സയിലെ യു.എൻ അഭയാർഥി ക്യാമ്പുകളിൽ 65,000ത്തിലേറെ പേർ താമസിക്കുന്നുണ്ട്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പ്രകാരം സംരക്ഷിത ഇടമാണിത്. ഇവയടക്കം വിട്ടുപോകാനുള്ള മുന്നറിയിപ്പുകൾ അംഗീകരിക്കാനാവില്ല. ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ തടയുന്നതും അപലപനീയമാണ്. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കാനും മാനുഷിക സഹായങ്ങൾ കടത്തിവിടാനും ആവശ്യപ്പെടുകയാണ് -അവർ കൂട്ടിച്ചേർത്തു.
ഗസ്സയിലെ സാഹചര്യം ചർച്ച ചെയ്യുന്നതിന് യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം യു.എ.ഇ ആവശ്യപ്പെട്ട പ്രകാരമാണ് ചേർന്നത്. യു.എൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള മാർട്ടിൻ ഗ്രിഫിത്ത്, ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസി തലവൻ ഫിലിപ് ലസാറിനി എന്നിവർ നിലവിലെ സ്ഥിതിഗതികൾ യോഗത്തിൽ വിശദീകരിച്ചു.
15 അംഗ യു.എൻ രക്ഷാസമിതിയിൽ 2022-23 വർഷത്തെ താൽക്കാലിക അംഗത്വ പദവിയാണ് യു.എ.ഇക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.