സാമ്പത്തിക സാക്ഷരതയിൽ യു.എ.ഇ ഒന്നാമത്
text_fieldsദുബൈ: സർഗാത്മക ചിന്തയിലും സാമ്പത്തിക സാക്ഷരതയിലും യു.എ.ഇ അറബ് മേഖലയിൽ ഒന്നാമതാണെന്ന് പഠനം. ആഗോള തലത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങളെ വിലയിരുത്തിക്കൊണ്ട് നടത്തിയ ‘പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡൻറ് അസെസ്മെന്റ്’ എന്ന പദ്ധതിയുടെ പഠന ഫലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
പദ്ധതിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ വിദ്യാർഥികളുടെ നൈപുണ്യവും വിജ്ഞാനവും പരിശോധിച്ചുകൊണ്ട് വിദ്യാഭ്യാസ സംവിധാനം വിലയിരുത്തിയാണ് നിഗമനത്തിൽ എത്തിച്ചേരുന്നത്. മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന പരിപാടിയുടെ ഇത്തവണത്തെ ആതിഥേയത്വം യു.എ.ഇയാണ് നിർവഹിക്കുന്നത്. അറബ് ലോകത്ത് സർഗാത്മക ചിന്തയിൽ ഖത്തറിനൊപ്പമാണ് യു.എ.ഇ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. വിദ്യാർഥികളുടെ വൈജ്ഞാനിക കഴിവുകളും സൃഷ്ടിപരമായ കഴിവുകളും വർധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഘടകങ്ങളാണ് സർഗാത്മക ചിന്തയിൽ ഉൾപ്പെടുന്നത്. സാമ്പത്തിക സ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിനും ക്ഷേമത്തിനും സാമ്പത്തിക സുസ്ഥിരതക്കും സഹായിക്കുന്ന വിദ്യാർഥികളുടെ കഴിവുകളെ അളക്കുന്നതാണ് സാമ്പത്തിക സാക്ഷരത സംബന്ധിച്ച വിലയിരുത്തൽ. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെൻറിന്റെ(ഒ.ഇ.സി.ഡി) പങ്കാളിത്തത്തോടെയാണ് വിദ്യാഭ്യാസ മന്ത്രാലയം(എം.ഒ.ഇ) വിലയിരുത്തൽ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്.
വിലയിരുത്തലുകളുടെ ഫലങ്ങൾ അവതരിപ്പിക്കുന്നതിന് പുറമെ, മേഖലയിലെ വിദ്യാഭ്യാസത്തിന്റെ ഭാവി, മികച്ച രീതികൾ, വിദ്യാഭ്യാസ സമ്പ്രദായങ്ങൾ വികസിപ്പിക്കുന്നതിലെ അനുഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള സംവാദ സെഷനുകളും ഫോറത്തിൽ ഒരുക്കിയിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ വിദഗ്ധരും ഗവേഷകരുമായ വ്യക്തികൾ ഇതിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സ്റ്റുഡന്റ് അസസ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നടന്ന പഠനത്തിൽ ദുബൈ സ്വകാര്യ സ്കൂളുകൾ സാമ്പത്തിക സാക്ഷരതയിൽ രണ്ടാം സ്ഥാനത്തും സർഗാത്മകതയിൽ ആറാം സ്ഥാനത്തും ആഗോള തലത്തിൽ തന്നെ ഇടംപിടിച്ചിട്ടുമുണ്ട്. സർവകലാശാലകളുടെ ആഗോള റാങ്കിങിൽ വലിയ മുന്നേറ്റം നടത്താൻ യു.എ.ഇ യൂനിവേഴ്സിറ്റികൾക്ക് സമീപ കാലത്ത് സാധിച്ചിരുന്നു. മുൻ വർഷത്തേക്കാൾ 163 സ്ഥാനം മുന്നിലെത്താൻ അബൂദബി യൂനിവേഴ്സിറ്റിക്ക് സാധിച്ചിരുന്നു. സാമൂഹിക ശാസ്ത്രത്തിലും, മാനേജ്മെന്റ് പഠനത്തിലുമാണ് വലിയ മുന്നേറ്റം നടത്തിയത്.
യു.എ.ഇയിൽ ഒന്നാമതെത്തിയ അബൂദബി സർവകലാശാല ആഗോളതലത്തിൽ 163 സ്ഥാനങ്ങൾ മുന്നേറി 288 മത് റാങ്ക് കരസ്ഥമാക്കി. ബിസിനസ് പഠനത്തിൽ ആഗോളതലത്തിൽ 151ം റാങ്കും, മാനേജ്മെന്റ് വിഭാഗത്തിൽ ഇരൂനൂറാം റാങ്കും കരസ്ഥമാക്കിയിരുന്നു. വിദ്യഭ്യാസ രംഗത്ത് ഭാവിയെ മുന്നിൽ കണ്ട് നടപ്പിലാക്കുന്ന പദ്ധതികളാണ് വിവിധ ആഗോള വേദികളിൽ യു.എ.ഇക്ക് വലിയ നേട്ടത്തിന് വഴി തുറക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.