നിർധനരായ 100 പേർക്ക് ടിക്കറ്റ് നൽകി ഓൾ കേരള പ്രവാസി അസോസിയേഷൻ
text_fieldsഷാർജ: നാട്ടിലെത്തുവാൻ ബുദ്ധിമുട്ടിയ 100 പ്രവാസികൾക്ക് അംഗങ്ങളുടെ സഹകരണത്തോടെ സൗജന്യ ടിക്കറ്റുകൾ നൽകി പ്രവാസി ഓൺലൈൻ കൂട്ടായ്മയായ ഓൾ കേരള പ്രവാസി അസോസിയേഷൻ. 100ാമത് ടിക്കറ്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൻ കൈമാറി. 31 ടിക്കറ്റുകൾ നൽകി എറണാകുളം വരാപ്പുഴ സ്വദേശിയായ ബൻജീനയും 10 ടിക്കറ്റുകൾ നൽകി ഒമാനിൽ ബിസിനസ് നടത്തുന്ന സുരേഷും കാമ്പയിന് നേതൃത്വം നൽകി. ഇതിനായി ‘ഫ്രീ ടിക്കറ്റ് മണി ചെയിൻ’ എന്നൊരു കാമ്പയിൻ ഗ്രൂപ് തുടങ്ങിയിരുന്നു. നിരവധി സ്ഥാപനങ്ങൾ, വ്യക്തികൾ, സൗഹൃദ കൂട്ടായ്മകൾ എന്നിവയാണ് ടിക്കറ്റുകൾ സ്പോൺസർ ചെയ്തത്. ടിക്കറ്റ് ആവശ്യമുള്ളവരുടെ വിവരങ്ങൾ അഡ്മിൻ പാനൽ വെരിഫൈ ചെയ്താണ് അർഹതപ്പെട്ടവരെ കണ്ടെത്തിയത്. ഇപ്പോഴും നിരവധി ആളുകൾ സൗജന്യ ടിക്കറ്റുകൾ സ്പോൺസർ ചെയ്യാൻ തയാറായി വരുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു.
രോഗികളായ പ്രവാസികളെ സഹായിക്കുന്നതിനുള്ള ‘പ്രവാസി സ്നേഹസ്പർശം’ എന്നൊരു പദ്ധതി കൂടി ഓൾ കേരള പ്രവാസി അസോസിയേഷൻ തുടക്കമിട്ടിട്ടുണ്ട്. അതുവഴി രോഗികളായ പ്രവാസികൾക്ക് സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ‘പ്രവാസി സ്നേഹവീട്’ എന്ന മറ്റൊരു പദ്ധതിയും അണിയറയിൽ ഒരുങ്ങുന്നതായി കോഓഡിനേറ്റർമാരായ ഫൈസൽ മുഹമ്മദ്, ഇബ്രാഹിം ഷമീർ, അൽ നിഷാജ് ഷാഹുൽ, നീതു ആശിഷ്, അബ്ദുൽ സമാൻ, മുഹമ്മദ് ഷാഫി, ജോയ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.