വിസ നിയമ ഭേദഗതി: പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ല
text_fieldsദുബൈ: യു.എ.ഇയിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിസ നിയമ ഭേദഗതിയെ കുറിച്ച് പ്രവാസികളിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. വിസ കാലാവധി കഴിഞ്ഞ് യു.എ.ഇയിൽ തങ്ങുന്നവരാണ് ഏറെയും ആശങ്കയിലായിരിക്കുന്നത്. ഉടൻ രാജ്യം വിടേണ്ടി വരുമോ, പിഴ അടക്കേണ്ടി വരുമോ, പൊതുമാപ്പിെൻറ ആനുകൂല്യം ലഭിക്കുമോ... ഇങ്ങനെ പോകുന്നു പ്രവാസികളുടെ സംശയങ്ങൾ. ഇതിനെല്ലാം മറുപടി പറയുകയാണ് യു.എ.ഇയിലെ അഭിഭാഷകനായ അഡ്വ. പി.എ. ഹക്കീം ഒറ്റപ്പാലം.
എന്താണ് യു.എ.ഇ വിസയുമായി ബന്ധപ്പെട്ട പുതിയ നിയമം ?
•കോവിഡ് 19 മായി ബന്ധപ്പെട്ട് മാർച്ച് ഒന്നിനു ശേഷം വിസ കാലാവധി കഴിഞ്ഞവർക്ക് ഡിസംബർ 31 വരെ രാജ്യത്ത് തങ്ങാൻ അനുവാദം നൽകിയിരുന്നു. ഇൗ ഇളവിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ജൂലൈ 12 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
ഈ നിയമം പ്രവാസികളെ ഏത് വിധത്തിലാണ് ബാധിക്കുന്നത് ?
•യു.എ.ഇക്ക് അകത്തും പുറത്തുമുള്ള മാർച്ച് ഒന്നിനു ശേഷം വിസ കാലാവധി കഴിഞ്ഞവർ ഈ നിയമത്തിെൻറ പരിധിയിൽ വരും. നേരത്തെയുള്ള ഡിസംബർ 31 എന്ന കാലാവധിക്ക് പകരമായി ജൂലൈ 12 മുതൽ മൂന്നു മാസ കാലാവധി കണക്കാക്കിയായിരിക്കും വിസയുടെ കാലാവധി നിശ്ചയിക്കുക.
വിസിറ്റ് വിസക്കാർ ഈ നിയമത്തിെൻറ പരിധിയിൽ വരുമോ?
•വിസിറ്റ് വിസക്കാരെ കുറിച്ച് ഈ നിയമത്തിൽ പ്രത്യേകം പരാമർശിച്ചിട്ടില്ല. എങ്കിലും വരും ദിവസങ്ങളിൽ ഇതേക്കുറിച്ച് കൂടുതൽ വ്യക്തത വരുമെന്ന് കരുതുന്നു. വിസിറ്റിങ് വിസക്കാർക്കും ജൂലൈ 12 മുതൽ മൂന്ന് മാസത്തെ കാലാവധി തന്നെ നൽകാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിക്കുമെന്നതിനനുസരിച്ച് ഉചിതമായ തീരുമാനം എടുക്കണം.
വിസ കാലാവധി കഴിഞ്ഞ് യു.എ.ഇയിൽ തങ്ങുന്നവർ എന്ത് ചെയ്യണം ?
•വിസ കാലാവധി കഴിഞ്ഞവർ യു.എ.ഇയിൽ തുടരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മൂന്നുമാസത്തിനുള്ളിൽ വിസ പുതുക്കണം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മുതൽ വിസ കാലാവധി കഴിഞ്ഞവരാണ് ഇപ്പോൾ അപേക്ഷ നൽകണ്ടേത്.
മേയ് മാസത്തിന് ശേഷം വിസ കാലാവധി കഴിഞ്ഞവർ ആഗസ്റ്റ് 11 മുതലും ജൂണിന് ശേഷം കഴിഞ്ഞവർ സെപ്റ്റംബർ 10 മുതലും അപേക്ഷിക്കണം.
ആറുമാസത്തിൽ കൂടുതലായി നാട്ടിൽ തുടരുന്നവർ ഈ നിയമത്തിെൻറ പരിധിയിൽ വരുമോ ?
•ആറു മാസത്തിൽ കൂടുതൽ നാട്ടിൽ തുടരുകയും വിസ കാലാവധി കഴിയുകയും ചെയ്തവർക്ക് ഇപ്പോൾ തിരിച്ചെത്താൻ കഴിയില്ല. യാത്രാവിമാന സർവിസ് തുടങ്ങിയ ശേഷം പുതിയ നോട്ടിഫിക്കേഷൻ വരുന്നതിെൻറ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ മടക്കം.
എന്നാൽ, ഇപ്പോൾ തിരിച്ചുവരുന്നവർ (ആറ് മാസം കഴിയാത്തവർ) യു.എ.ഇയിൽ എത്തി ഒരു മാസത്തിനുള്ളിൽ വിസ പുതുക്കണം.
പിഴ ഇൗടാക്കുന്നത് എന്ന് മുതലാണ് ?
•യു.എ.ഇയിൽ തങ്ങുന്ന വിസ കാലാവധി കഴിഞ്ഞവർ ജൂലൈ 12 മുതൽ മൂന്ന് മാസത്തിന് ശേഷവും വിസ പുതുക്കിയില്ലെങ്കിൽ പിഴ അടക്കേണ്ടി വരും. വിദേശത്തു നിന്നെത്തുന്നവർ ഒരു മാസത്തിനുള്ളിലും വിസ പുതുക്കണം.
വിസ റദ്ദാക്കിയവർ ഈ നിയമത്തിെൻറ പരിധിയിൽ വരുമോ?
•വിസ റദ്ദാക്കപ്പെട്ടവരെ പറ്റി പ്രത്യേകം പ്രതിപാദിക്കുന്നില്ല. എന്നാൽ അത്തരക്കാർ ഉടൻ തന്നെ വിസ മാറ്റുകയോ നാട്ടിലേക്ക് തിരിച്ചു പോകുകയോ ചെയ്യുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അവർക്ക് പിഴ വരാനുള്ള സാധ്യതയുണ്ട്.
പൊതുമാപ്പ് ആനുകൂല്യത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ ?
•മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞതിെൻറ പേരിൽ പിഴയുള്ളവർ ആഗസ്റ്റ് 18ന് മുമ്പ് നാട്ടിലേക്ക് മടങ്ങിയാൽ പിഴ അടക്കേണ്ടതില്ല എന്ന് നിർദേശം വെച്ചിരുന്നു. ഇൗ നിർദേശം ഇപ്പോഴും പ്രാബല്യത്തിലുണ്ട്. പുതിയ ഭേദഗതിയിൽ ഇതേക്കുറിച്ച് പ്രതിപാദിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.