അബൂദബിയിൽ പ്രവേശിക്കാൻ കുറഞ്ഞ ചെലവിൽ കോവിഡ് പരിശോധന
text_fieldsഅബൂദബി: മറ്റ് എമിറേറ്റുകളിൽനിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റിവ് ഫലം ചെക്ക് പോസ്റ്റിൽ ഹാജരാക്കേണ്ട സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ കോവിഡ് പരിശോധന നടത്താൻ സൗകര്യമൊരുക്കി അധികൃതർ. ദുബൈ-അബൂദബി ഗാന്തൂത്ത് ചെക്ക്പോയിൻറിന് തൊട്ടുമുമ്പാണ് 50 ദിർഹമിന് പരിശോധന നടത്താനുള്ള സൗകര്യം സജ്ജമാക്കിയിരിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ പരിശോധന ഫലം ലഭിക്കും. എന്നാൽ, ഇൗ പരിശോധനയിൽ രോഗലക്ഷണം തോന്നുകയോ പോസിറ്റിവ് ഫലം ലഭിക്കുകയോ ചെയ്യുന്നവർ പി.സി.ആർ പരിശോധനക്ക് വിധേയമാകുകയും വീടുകളിൽ ക്വാറൻറീനിൽ കഴിയുകയും വേണം.
അല്ലാത്തവർക്ക് ഉടൻ പ്രവേശന അനുമതി നൽകും. ശൈഖ് സായിദ് റോഡിലെ അവസാന എക്സിറ്റിന് സമീപമാണ് പുതിയ കോവിഡ് ദ്രുത പരിശോധന കേന്ദ്രം. ഒരുമാസം നീണ്ട ലോക്ഡൗണിനു ശേഷമാണ് അബൂദബിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് നെഗറ്റിവ് ഫലം നിർബന്ധമാക്കിയത്. അബൂദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയും ആരോഗ്യവകുപ്പും ലേസർ അധിഷ്ഠിത സാങ്കേതിക വിദ്യയോടെയാണ് കേന്ദ്രത്തിൽ ദ്രുതപരിശോധന നടപ്പാക്കുന്നത്. അതേസമയം, സാധാരണ കോവിഡ് പരിശോധന നെഗറ്റിവ് ഫലമുള്ള യാത്രക്കാർക്ക് ഫലം ലഭിക്കുന്നതു മുതൽ 48 മണിക്കൂറിനുള്ളിൽ പ്രവേശനം അനുവദിക്കുന്ന രീതി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.