ലണ്ടനിൽ പറക്കും ടാക്സി പ്രദർശിപ്പിച്ച് യു.എ.ഇ
text_fieldsദുബൈ: ലണ്ടനിലെ പ്രശസ്തമായ തെരുവിൽ പറക്കും ടാക്സി പ്രദർശിപ്പിച്ച് യു.എ.ഇ. 2026 ഓടെ രാജ്യത്ത് പറക്കും ടാക്സി സർവിസ് നടത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് യു.എ.ഇ. ലണ്ടനിൽ പറക്കും ടാക്സിയുടെ മാതൃക പ്രദർശിപ്പിച്ചത്. ലണ്ടനിലെ ചാരിങ് ക്രോസ് റെയിൽവേ സ്റ്റേഷന് സമീപത്തായി പ്രദർശിപ്പിച്ച മഞ്ഞ നിറത്തിലുള്ള പറക്കും ടാക്സി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
‘എമിറേറ്റുകളുടെ ആകാശത്ത് പറക്കും ടാക്സികളും എത്തും’ 2026ൽ യാത്ര പുറപ്പെടും എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രദർശനം. ലോകമെമ്പാടുമുള്ളവരെ എമിറേറ്റിന്റെ പറക്കും ടാക്സി പദ്ധതിയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പ്രദർശനം സംഘടിപ്പിച്ചതെന്ന് യു.എ.ഇ മീഡിയ ഓഫീസ് അറിയിച്ചു. ഒരു സ്വപ്നവും അസാധ്യമല്ലാത്ത യു.എ.ഇയുടെ നേട്ടങ്ങൾ കാണിക്കുന്ന ‘ബ്രിങ് യുവർ ഇംപോസിബിൾ/ഇൻവെസ്റ്റ് ഇൻ ദി യു.എ.ഇ’ കാമ്പയ്നിന്റെ ഭാഗമായിരുന്നു പ്രദർശനം.
കഴിഞ്ഞ മാസം ദുബൈയിൽ നടന്ന ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം വേൾഡ് കോൺസ് ആൻഡ് എക്സിബിഷനിൽ കാലിഫോർണിയ ആസ്ഥാനമായുള്ള എയർ ടാക്സി കമ്പനിയായ ജോബി ഏവിയേഷൻ 2025ന്റെ അവസാന പാദത്തിൽ പറക്കും ടാക്സികൾ സർവിസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2025ന്റെ അവസാന പാദത്തിലോ 2026ന്റെ തുടക്കത്തിലോ പറക്കും ടാക്സികൾ യാദാർഥ്യമാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.