'ക്ലീൻ എനർജി'യിൽ വൻ നിക്ഷേപത്തിന് യു.എ.ഇ-യു.എസ് കരാർ
text_fieldsദുബൈ: പരിസ്ഥിതി സൗഹൃദ ഊർജ ഉൽപാദന മേഖലയിൽ 100 ശതകോടി ഡോളർ നിക്ഷേപിക്കുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിൽ യു.എ.ഇയും യു.എസും ഒപ്പുവെച്ചു. 2035ഓടെ ആഗോളതലത്തിൽ 100 ജിഗാവാട്ട് ശുദ്ധമായ ഊർജം ഉൽപാദിപ്പിക്കുന്നതിനാണ് കരാറിലൂടെ ലക്ഷ്യം വെക്കുന്നത്.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സാന്നിധ്യത്തിൽ അബൂദബി ഇന്‍റർനാഷനൽ പെട്രോളിയം എക്‌സിബിഷൻ ആൻഡ് കോൺഫറൻസിലാണ് (അഡിപെക്) കരാർ ഒപ്പുവെച്ചതെന്ന് ഔദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.
യു.എ.ഇ വ്യവസായ, അഡ്വാ ൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അൽ ജാബറും യു.എസ് പ്രത്യേക ദൂതനും സ്‌പെഷൽ പ്രസിഡൻഷ്യൽ കോഓഡിനേറ്ററുമായ ആമോസ് ഹോഷ്‌സ്റ്റീനുമാണ് പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്.ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാർ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്ന് ഡോ. സുൽത്താൻ അൽ ജാബർ പ്രസ്താവിച്ചു.
2050ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും കുറക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും 'നെറ്റ് സീറോ എമിഷൻ' ലക്ഷ്യത്തിലേക്ക് പരസ്പരം സഹായിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി. കാർബൺ ഡയോക്‌സൈഡ്, മീഥേൻ തുടങ്ങിയ പരിസ്ഥിതിക്ക് ഹാനികരമായവയുടെ പുറന്തള്ളൽ നിയന്ത്രിക്കുന്നതിനും നൂതന ആണവ സാങ്കേതിക വിദ്യയുടെ വികസനത്തിനും വ്യാവസായിക, ഗതാഗത മേഖലകളിലെ കാർബണൈസേഷനും ഇരുരാജ്യങ്ങളും നിക്ഷേപം നടത്തുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ സന്നദ്ധമായതിനും അടുത്ത വർഷത്തെ കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്ക് (കോപ്28) ആതിഥ്യമരുളുന്നതിലും യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദിനെ യു.എസ് പ്രസിഡൻറ് ജോ ബൈഡൻ അഭിനന്ദിച്ചതായും വൈറ്റ്ഹൗസ് പ്രസ്താവനയിൽ അറിയിച്ചു.
ഇരു രാജ്യങ്ങളും പങ്കിടുന്ന ആഴത്തിലുള്ള തന്ത്രപരമായ ബന്ധത്തിന്‍റെയും മിഡിൽ ഈസ്റ്റ് മേഖലയിലെ സാമ്പത്തിക അഭിവൃദ്ധി, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്ന യു.എസ് സമീപനത്തിന്‍റെയും ഭാഗമാണ് കരാറെന്നും പ്രസ്താവന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.