കാലാവസ്ഥ വ്യതിയാനം:കാർഷിക മേഖലക്ക് യു.എ.ഇ-യു.എസ് ഫണ്ട് ഇരട്ടിയാക്കി
text_fieldsഅബൂദബി: കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും നൂതന രീതികൾ പ്രോത്സാഹിപ്പിക്കാനായി ഏർപ്പെടുത്തിയ യു.എ.ഇ-യു.എസ് സംയുക്ത ഫണ്ട് ഇരട്ടിയാക്കി. അഗ്രികൾച്ചർ ഇന്നൊവേഷൻ മിഷൻ(എയിം ഫോർ ക്ലൈമറ്റ്) എന്ന പദ്ധതി കഴിഞ്ഞ വർഷമാണ് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ നാലു ശതകോടി ഡോളർ വകയിരുത്തിയ ഫണ്ട് എട്ടു ശതകോടി ഡോളറാക്കി വർധിപ്പിച്ചത് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിലാണ് പ്രഖ്യാപിച്ചത്. കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കാനും അതിന്‍റെ പ്രത്യാഘാതങ്ങൾ തടയാനും ദാരിദ്ര്യം കുറക്കാനും സഹായിക്കുന്ന പദ്ധതികളിലേക്കാണ് ഫണ്ട് വിനിയോഗിക്കുന്നത്.
ചെറുകിട കർഷകർ, പ്രത്യേകിച്ച് സ്ത്രീകൾ, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ കമ്യൂണിറ്റികൾ എന്നിവക്കാണ് ഫണ്ട് നൽകിവരുന്നത്. ഇതിനകം 275 സർക്കാർ, സർക്കാറിതര പങ്കാളികൾക്ക് ഫണ്ടിലൂടെ സഹായം ലഭിച്ചിട്ടുണ്ട്. ബിസിനസുകൾ, അക്കാദമിക് സ്ഥാപനങ്ങൾ, തിങ്ക്താങ്ക് സ്ഥാപനങ്ങൾ എന്നിവക്കെല്ലാം ഇതിലൂടെ സഹായം ലഭിച്ചിട്ടുണ്ട്. യു.എ.ഇയുടെ കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി രൂപപ്പെടുത്തിയത്. 90 ശതമാനം ഭക്ഷ്യോൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യു.എ.ഇ. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ വിവിധ മേഖലകളിൽ നൂതനമായ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ശ്രമിച്ചുവരുന്നുണ്ട്. വരണ്ട കാലാവസ്ഥയും കുറഞ്ഞ മഴയുമുള്ള രാജ്യമായതിനാൽ വെർട്ടിക്ൾ ഫാമുകളുടെയും മണ്ണുപയോഗിക്കാത്ത ഹൈഡ്രോപോണിക്‌സ് രീതിയുടെയും ഉപയോഗത്തിന് വലിയ പ്രോത്സാഹനമാണ് നൽകിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.