യു.എ.ഇ ദീര്‍ഘകാലവിസക്ക് അപേക്ഷിക്കാന്‍ വെബ്സൈറ്റ്
text_fieldsദുബൈ: യു.എ.ഇയില്‍ ദീര്‍ഘകാല ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ പുതിയ വെബ്സൈറ്റ് ആരംഭിച്ചു. നിലവില്‍ താമസ വിസയുള്ളവര്‍ക്കും രാജ്യത്തിന് പുറത്തുള്ളവര്‍ക്കും മാനദണ്ഡങ്ങള്‍ പാലിച്ച് ദീര്‍ഘകാല വിസക്ക് അപേക്ഷിക്കാം. യു.എ.ഇയില്‍ സംരംഭങ്ങള്‍ തുടങ്ങാനും ദീര്‍ഘകാലം കഴിയാനും ആഗ്രഹിക്കുന്നവര്‍ക്കാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക. business.goldenvisa.ae എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് നാമനിര്‍ദേശം സമര്‍പ്പിക്കലാണ് ആദ്യഘട്ടം. അപേക്ഷ പരിശോധിച്ച് യോഗ്യതയുള്ളവര്‍ക്ക് രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ സൗകര്യം നല്‍കും.
അപേക്ഷകര്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പരിചയമുള്ളവരോ നിലവില്‍ ഏതെങ്കിലും സ്ഥാപനത്തിെൻറ മുഖ്യഓഹരി പങ്കാളിയോ ഉയര്‍ന്ന തസ്തികയിലുള്ളവരോ ആകണം. മികച്ച ബിസിനസ് ആശയവുമുണ്ടാകണം.
രേഖകള്‍ കൃത്യമാണെങ്കില്‍ യു.എ.ഇക്ക് പുറത്തുള്ളവര്‍ക്ക് ആറുമാസത്തെ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസ നല്‍കും. യു.എ.ഇയില്‍ നിലവിലുള്ളവര്‍ക്ക് ഒരു മാസത്തെ താൽക്കാലിക ബിസിനിസ് വിസ നല്‍കും. സംരംഭം തുടങ്ങുന്നതു സംബന്ധിച്ച സാധ്യതകള്‍ പഠിക്കാനാണിത്. പിന്നീട് സംരംഭം തുടങ്ങുന്നതോടൊപ്പം താൽക്കാലിക വിസ ദീര്‍ഘകാല റെസിഡന്‍സ് വിസയാക്കി മാറ്റിയെടുക്കാം. എല്ലാ അഞ്ചുവര്‍ഷവും പുതുക്കാന്‍ കഴിയുന്ന സ്ഥിരതാമസ വിസയായിരിക്കും ഇതെന്ന് അധികൃതര്‍ പറയുന്നു. വിസ ലഭിക്കുന്നവര്‍ക്ക് മാതാപിതാക്കളടക്കം കുടുംബത്തെ സ്പോണ്സര് ചെയ്യാനും സ്വന്തം സ്ഥാപനത്തിലെ മൂന്നുപേര്‍ക്ക് റെസിഡന്‍സി വിസക്ക് അപേക്ഷിക്കാനും യോഗ്യതയുണ്ടായിരിക്കും. ദുബൈയില്‍ ഏരിയ 2071, അബൂദബിയില്‍ ഹബ് 71 എന്നീ സംവിധാനങ്ങളാണ് ബിസിനസ് വിസ ലഭ്യമാക്കാന്‍ അപേക്ഷകര്‍ക്ക് അവസരം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.