യു.എ.ഇയിലുള്ള വിസിറ്റ് വിസക്കാർക്ക് മടങ്ങാൻ ഒരു മാസം സമയം
text_fieldsദുബൈ: കോവിഡ് പശ്ചാത്തലത്തിൽ വിസകളുടെ കാലാവധി ദീർഘിപ്പിച്ച നടപടി യു.എ.ഇ പിൻവലിച്ചതോടെ രാജ്യത്ത് സന്ദർശക വിസയിൽ എത്തിയവർ ഒരു മാസത്തിനകം മടങ്ങേണ്ടി വരും. ആഗസ്റ്റ് 12 ന് മുമ്പ് നാട്ടിലേക്ക് മടങ്ങുകയോ സന്ദർശ വിസക്കാർക്ക് മറ്റ് വിസയിലേക്ക് മാറുകയോ, വിസിറ്റ് വിസ ദീർഘിപ്പിക്കുകയോ ചെയ്യണമെന്നാണ് വ്യവസ്ഥ. അല്ലാത്തപക്ഷം പിഴ നൽകേണ്ടി വരും.
മാർച്ച് ഒന്നിനു ശേഷം കാലാവധി തീർന്ന വിസക്കാർക്ക് ഡിസംബർ അവസാനം വരെ രാജ്യത്ത് തുടരാമെന്ന തീരുമാനം ഫെഡറൽ അതോറിറ്റി റദ്ദാക്കി. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻറ് സിറ്റിസൻഷിപ്പ് വക്താവ് ബ്രിഗേഡിയർ ഖമീസ് അൽകഅബിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 12 മുതൽ ഒരുമാസമാണ് സന്ദർശകവിസക്കാർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം. അതിന് ശേഷം ഇവർ പിഴ നൽകേണ്ടി വരും. നാട്ടിലേക്ക് മടങ്ങാത്തവർ താമസവിസയിലേക്ക് മാറുകയോ പുതിയ വിസിറ്റ് വിസയിലേക്ക് മാറുകയോ ചെയ്യാം. നാട്ടിലുള്ള താമസവിസക്കാർ യു എ യിൽ തിരിച്ചെത്തിയാൽ രേഖകൾ ശരിയാക്കാൻ ഒരുമാസം സമയം നൽകും.
മാർച്ച് ഒന്നിന് ശേഷം താമസ വിസാ കാലാവധി അവസാനിച്ചവർക്ക് വിസ പുതുക്കാനും എമിറേറ്റ്സ് ഐഡി പുതുക്കാനും ജൂലൈ 12 മുതൽ മൂന്ന് മാസത്തെ സമയം നൽകും. ഈ കാലാവധിക്ക് ശേഷവും പുതുക്കാത്തവരും പിഴ നൽകേണ്ടി വരും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ താമസ വിസ കാലാവധി തീർന്നവർക്ക് പുതുക്കാൻ ഇപ്പോൾ അപേക്ഷ നൽകാം. മേയിൽ കാലാവധി തീർന്നവർ ആഗസ്റ്റ് എട്ട് മുതൽ അപേക്ഷിച്ചാൽ മതി.
ജൂൺ ഒന്ന് മുതൽ ജൂലൈ 11 വരെയുള്ള കാലയളവിൽ താമസവിസയുടെ കാലാവധി തീർന്നവർ സെപ്തംബർ 10 ന് ശേഷമാണ് പുതുക്കാനായി അപേക്ഷിക്കേണ്ടത്. ജൂലൈ 12 ന് ശേഷം കാലാവധി തീർന്നവർക്ക് പ്രത്യേക സമയക്രമം ബാധകമാക്കിയിട്ടില്ല. നേരത്തേ വിസാ കാലാവധികൾ ഡിസംബർ അവസാനം വരെ നീട്ടി എന്ന പ്രഖ്യാപനം ഇതോടെ പൂർണമായി അസാധുവായി. ica.gov.ae എന്ന വെബ്സൈറ്റ് വഴി സേവനങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.