സൗജന്യ വൈഫൈ: ഹാക്കര്‍മാരുടെ വലയില്‍ വീഴരുതെന്ന് ട്രാ
text_fieldsഅബൂദബി: ഹോട്ടലുകളിലെയും മാളുകളിലെയും സൗജന്യ വൈഫൈ കണക്ഷനുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ ഹാക്കര്‍മാരുടെ വലയില്‍ കുടുങ്ങരുതെന്ന് യു.എ.ഇ ടെലികമ്യൂണിക്കേഷന്‍ നിയന്ത്രണ അതോറിറ്റി (ട്രാ) സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വ്യാജ വൈഫൈ പോയന്‍റുകള്‍ സൃഷ്ടിച്ചാണ് ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തുന്നത്്. ഇത്തരം വ്യാജ വൈഫൈ പോയന്‍റുകളില്‍ കണക്ട് ചെയ്യപ്പെടുന്ന ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.
ഹോട്ടലുകളിലെയും മാളുകളിലെയും സൗജന്യ വൈഫൈ പോയന്‍റുകളുടെ പേരിന് സമാനമായ പേരിലാണ് ഹാക്കര്‍മാര്‍ വ്യാജ വൈഫൈ സൃഷ്ടിക്കുന്നതെന്ന് ട്രായിലെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ബിസിനസ് മാനേജര്‍ ഗെയ്ത് ആല്‍ മസീന പറഞ്ഞു. ഹോട്ടലുകളുടെ പേരിന്‍െറ കൂടെ അക്കമോ മറ്റോ ചേര്‍ത്താണ് വ്യാജ വൈഫൈ പോയന്‍റുകള്‍ ഉണ്ടാക്കുന്നത്. ഈ പോയന്‍റുമായി ബന്ധിപ്പിക്കപ്പെടുന്ന ഫോണുകളുടെ നിയന്ത്രണം ഹാക്കര്‍മാര്‍ക്ക് ലഭിക്കും. ഓപണ്‍ വൈഫൈ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുകയും യൂസര്‍നെയിമും പാസ്വേര്‍ഡും ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം. വ്യാജ വൈഫൈയില്‍ കുടുങ്ങിയാല്‍ ഫോണ്‍ തകരാറിലാവുകയോ ഫോണിലെ വിവരങ്ങള്‍ മോഷ്ടിക്കപ്പെടുകയോ ചെയ്യാം. ഇ-മെയിലുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, ഫോട്ടോകള്‍ എന്നിവ മോഷ്ടിക്കാനുള്ള വൈറസുകള്‍ കടത്തിവിടാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.
ഫോണ്‍, ലാപ്ടോപ്, ടാബ്ലെറ്റ് എന്നിവ തുറക്കാന്‍ കഴിയാത്ത വിധമാക്കുന്ന ‘റാന്‍സം വെയര്‍’ വൈറസ് അയക്കുന്ന ഹാക്കര്‍മാരുമുണ്ട്. പിന്നീട് ഇവ തുറക്കാനുള്ള കോഡിന് പണം ആവശ്യപ്പെട്ട് ഇവര്‍ സന്ദേശമയക്കും. വ്യാജ വൈഫെ ഉണ്ടെന്ന് ഒരു ശതമാനമെങ്കിലും സംശയമുണ്ടെങ്കില്‍ ഓപണ്‍ വൈഫൈ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. യഥാര്‍ഥ വൈഫൈയുടെ യൂസര്‍നെയിമും പാസ്വേഡും ഹോട്ടല്‍-മാള്‍ അധികൃതരോട് ചോദിച്ച് ഉറപ്പ് വരുത്തണം. ഇ-മെയിലുകളും വ്യക്തിഗത വിവരങ്ങളും മികച്ച പാസ്വേഡ് ഉപയോഗിച്ച് സംരക്ഷിക്കണമെന്നും ഗെയ്ത് ആല്‍ മസീന കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.