വെനീസ് ബിനാലെയിൽ ഗോൾഡൻ ലയൺ അവാർഡ് യു.എ.ഇ പവലിയന്
text_fieldsദുബൈ: വെനീസിൽ നടന്ന അന്താരാഷ്ട്ര ബിനാലെയിൽ ഗോൾഡൻ ലയൺ അവാർഡ് യു.എ.ഇ പവലിയൻ നേടി. ബിനാലെയിലെ ഏറ്റവും വലിയ അവാർഡാണ് ക്യുറേറ്റർമാരായ വായിൽ അൽ അവാറും കെനിച്ചി ടെറാമോട്ടോയും രൂപകൽപന ചെയ്ത കലാസൃഷ്ടി നേടിയെടുത്തത്. സിമൻറിന് പകരമായി ഉപയോഗപ്പെടുത്താവുന്ന സംവിധാനത്തെ കുറിച്ച ആവിഷ്കാരമാണ് പവലിയനിൽ ഒരുക്കിയത്.
മാലിന്യത്തിൽ നിന്ന് നിർമാണസാമഗ്രികൾ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമമായാണ് ഇത് അവതരിപ്പിച്ചത്. ധീരമായ പരീക്ഷണമാണ് സൃഷ്ടിയെന്നും ആഗോള തലത്തിൽ കരകൗശലവും ഉയർന്ന സാങ്കേതികവിദ്യയും സംയോജിപ്പിച്ച പുതിയ നിർമാണ സാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണിതെന്നും ജൂറി പ്രസിഡൻറ് കസുയോ സെജിമ ആവിഷ്കാരത്തെ വിലയിരുത്തി.
60രാജ്യങ്ങൾ മൽസരിച്ച ബിനാലെയിൽ ഉന്നത നേട്ടം കൈവരിക്കാനായതിൽ അഭിമാനമുണ്ടെന്ന് നാഷണൽ പവലിയൻ യു.എ.ഇ കോർഡിനേറ്റിംഗ് ഡയറക്ടർ ലൈല ബിൻബ്രെക്ക് പറഞ്ഞു. പവലിയൻ ടീം, സലാമ ബിൻത് ഹംദാൻ ആൽ നഹ്യാൻ ഫൗണ്ടേഷൻ, സാംസ്കാരിക യുവജന മന്ത്രാലയം എന്നിവയോട് നന്ദിയറിക്കുന്നതായി ചടങ്ങിൽ പവലിയനുവേണ്ടി അവാർഡ് സ്വീകരിച്ച അൽ അവാർ പറഞ്ഞു. നവംബർ 21 വരെ ബിനാലെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.