കടലിൽ ബോട്ടുകൾ തീർത്ത ‘യു.എ.ഇ’ക്ക് ലോക റെക്കോഡ്
text_fieldsഅബൂദബി: ബോട്ടുകള്‍ ചേർന്നുനിന്ന് യു.എ.ഇ എന്നെഴുതിയപ്പോൾ പിറന്നത് ചരിത്രം. അബൂദബിയിലെ അല്‍ ലുലു ദ്വീപിലാണ് 52 ബോട്ടുകള്‍ യു.എ.ഇ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളുടെ രൂപത്തില്‍ ചേർന്നുനിന്ന് ലോകറെക്കോഡ് തീര്‍ത്തത്. ജല കായികബോട്ടുകളും മല്‍സ്യബന്ധന ബോട്ടുകളും മരബോട്ടുകളും യാത്രാബോട്ടുകളും അടക്കമാണ് ലോകറെക്കോഡ് നേട്ടത്തിനായി അല്‍ ലുലു ദ്വീപില്‍ അക്ഷര രൂപങ്ങളായി മാറിയത്.
52ാമത് ദേശീയദിനത്തില്‍ 52 എന്ന അക്കരൂപം തീര്‍ക്കാമെന്നായിരുന്നു ക്യാപ്റ്റന്‍ ക്ലബ് അംഗങ്ങളുടെ തീരുമാനമെങ്കിലും പിന്നീടിത് രാജ്യത്തിന് ആദരമായി ‘യു.എ.ഇ’ എന്നാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. 52ാമത് ദേശീയദിനം കണക്കിലെടുത്താണ് യു.എ.ഇ എന്ന രൂപം തീര്‍ക്കാന്‍ 52 ബോട്ടുകള്‍ ഉപയോഗിച്ചതെന്ന് ക്യാപ്റ്റന്‍സ് ക്ലബിലെ ബഷര്‍ മിഹ്യാര്‍ പറഞ്ഞു.ലോക റെക്കോഡ് നേട്ടത്തിലേക്ക് പുലര്‍ച്ച ഒന്നുമുതല്‍ അബൂദബി, യാസ് ഐലന്‍ഡ്, എമിറേറ്റ്സ് പാലസ് എന്നിവിടങ്ങളില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ അല്‍ ലുലു ദ്വീപിലേക്ക് എത്തുകയും പുലര്‍ച്ച ആറോടെ ലുലു ദ്വീപില്‍ ലോകറെക്കോഡ് ശ്രമം തുടങ്ങുകയും ചെയ്യുകയായിരുന്നു.
യു.എ.ഇ എന്നെഴുതിയ ശേഷം ഡ്രോണുകള്‍ അടക്കം ഉപയോഗിച്ച് ഇതിന്റെ ആകാശദൃശ്യങ്ങളും പകര്‍ത്തി. 380 മീറ്റര്‍ നീളത്തിലും 155 മീറ്റര്‍ ഉയരത്തിലുമായിരുന്നു ബോട്ടുകള്‍ തീര്‍ത്ത ഈ അക്ഷരരൂപം. ബോട്ടുകള്‍ ഇളകാതെ നിര്‍ത്തുകയെന്ന ശ്രമകരമായ ദൗത്യം 64 ക്യാപ്റ്റന്മാരാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഗിന്നസ് ബുക്ക് അധികൃതരുടെ മാനദണ്ഡങ്ങളെല്ലാം പാലിച്ചതോടെ ഏഴര മണിക്കൂര്‍ നീണ്ട ക്യാപ്റ്റന്‍സ് ക്ലബ് ടീമിന്റെ ദൗത്യം പൂര്‍ണമാവുകയും പുതിയ ലോക റെക്കോഡ് പിറക്കുകയും ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.